കൊച്ചി: പ്രതിപക്ഷ നേതാവ് വി ഡി സതീശന്റെ അഭിമുഖത്തിന്റെ ഭാഗം പുനഃസ്ഥാപിച്ച് മെറ്റ. ഫേസ്ബുക്ക് പേജിൽ വീഡിയോ റീസ്റ്റോർ ചെയ്തു. വീഡിയോ പുനഃസ്ഥാപിക്കാനുള്ള നടപടികൾ സ്വീകരിച്ചതായി സംസ്ഥാന മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ രത്തൻ യു ഖേൽക്കർ പറഞ്ഞിരുന്നു.
മനോരമ ന്യൂസ് സംപ്രേഷണം ചെയ്ത വി ഡി സതീശന്റെ അഭിമുഖത്തിന്റെ ഒരു ഭാഗം കേരള പൊലീസിന്റെ നിർദേശ പ്രകാരം ഫേസ്ബുക്ക് നീക്കം ചെയ്തു എന്നായിരുന്നു ആരോപണം.സതീശനുമായി മനോരമ ന്യൂസ് ഡയറക്ടർ ജോണി ലൂക്കോസ് നടത്തിയ സംഭാഷണത്തിന്റെ റീൽ ബുധനാഴ്ച ഉച്ചയോടെ നീക്കം ചെയ്തുവെന്നായിരുന്നു വിമർശനം. രാഷ്ട്രീയ വനവാസം പരാമർശിക്കുന്നതായിരുന്നു സതീശന്റെ വീഡിയോ. ഇത് പൊലീസിന്റെ നിർദേശപ്രകാരം മെറ്റ നീക്കം ചെയ്തുവെന്നായിരുന്നു മനോരമയുടെ ആരോപണം. സംഭവത്തിൽ മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർക്കും സംസ്ഥാന പൊലീസ് മേധാവിക്കും മനോരമ പരാതി നൽകിയിരുന്നു.സംഭവം വിവാദമായതോടെയായിരുന്നു പ്രതികരിച്ച് രത്തൻ ഖേൽക്കർ രംഗത്തെത്തിയത്.
വീഡിയോയ്ക്ക് താഴെ വന്ന കമന്റ് നീക്കം ചെയ്യാനാണ് പൊലീസ് ആവശ്യപ്പെട്ടതെന്നും എന്നാൽ വീഡിയോ പൂർണമായും ഒഴിവാക്കുകയായിരുന്നുവെന്നും രത്തൻ ഖേൽക്കർ വിശദീകരിച്ചു. മെറ്റയ്ക്ക് പറ്റിയ തെറ്റ് എന്നാണ് പൊലീസ് അറിയിച്ചത്. സൈബർ പൊലീസ് മെറ്റയുമായി ബന്ധപ്പെട്ടിട്ടുണ്ട്. വിഷയത്തിൽ ഉടൻ പരിഹാരം കാണും. മെറ്റയോട് വീഡിയോ റീസ്റ്റോർ ചെയ്യാൻ ആവശ്യപ്പെട്ടിട്ടുണ്ട്. ഇത്തരത്തിലുള്ള വിഷയങ്ങളിൽ കൃത്യമായി ഇടപെടാനുള്ള അധികാരം പൊലീസിനുണ്ട്. ചട്ടങ്ങൾ അനുസരിച്ച് മാത്രമാണ് പൊലീസ് നടപടി സ്വീകരിക്കുന്നത്. പരാതിയുണ്ടെങ്കിൽ തുടർനടപടി സ്വീകരിക്കാവുന്നതാണെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.
