തിരുവനന്തപുരം മേൽപാലത്തിൽ നിന്ന് തെറിച്ചു വീണ് സ്കൂട്ടർ യാത്രിക മരിച്ച സംഭവം: വാഹനമോടിച്ച യുവതിക്കെതിരെ കേസ്

news image
Jul 2, 2024, 11:31 am GMT+0000 payyolionline.in

തിരുവനന്തപുരം: കഴക്കൂട്ടം-കാരോട് ബൈപ്പാസില്‍ വെണ്‍പാലവട്ടത്തിനു സമീപം സ്‌കൂട്ടര്‍ നിയന്ത്രണംവിട്ട് മേല്‍പ്പാലത്തില്‍ ഇടിച്ച് യുവതി സര്‍വീസ് റോഡില്‍ വീണു മരിച്ച സംഭവത്തില്‍ സ്‌കൂട്ടര്‍ ഓടിച്ചിരുന്ന സിനിക്കെതിരെ പൊലീസ് കേസെടുത്തു. അശ്രദ്ധമായും അമിതവേഗത്തിലും വാഹനം ഓടിച്ചത് അപകടകാരണമായെന്ന് പൊലീസ് പറയുന്നു. സ്‌കൂട്ടറിന്റെ പിന്‍സീറ്റില്‍ യാത്ര ചെയ്തിരുന്ന സഹോദരി സിമിയാണു മരിച്ചത്. സിമിയുടെ മകള്‍ ശിവന്യയും സിനിയും ഗുരുതരമായി പരുക്കേറ്റ് ചികിത്സയിലാണ്.

കൊല്ലം മയ്യനാട് അടുത്ത ബന്ധുവിന്റെ സംസ്‌കാരച്ചടങ്ങുകളില്‍ പങ്കെടുത്ത ശേഷം മടങ്ങുകയായിരുന്നു മൂവരും. തിങ്കളാഴ്ച ഉച്ചയ്ക്കു 1.21നായിരുന്നു അപകടം. മേല്‍പ്പാലത്തിന്റെ കൈവരിയില്‍ സ്‌കൂട്ടര്‍ ഇടിച്ച് മൂന്നുപേരും താഴേക്കു വീഴുകയായിരുന്നു. ഇവര്‍ ആക്കുളം ഭാഗത്തു നിന്നു ചാക്കയിലേക്കു വരികയായിരുന്നു. ശിവന്യയെയും സിമിയെയും പിന്നിലിരുത്തി സിനി ആണ് സ്‌കൂട്ടര്‍ ഓടിച്ചത്. ലുലുമാള്‍ കഴിഞ്ഞു മേല്‍പാലത്തില്‍ കയറിയ സ്‌കൂട്ടര്‍ റോഡിന്റെ മധ്യഭാഗത്തിലൂടെയാണ് ആദ്യം സഞ്ചരിച്ചത്. പാലത്തില്‍ കയറി ഇറങ്ങുന്നതിനിടെ സ്‌കൂട്ടര്‍ നിയന്ത്രണംവിട്ട് ഇടതുവശത്തേക്കു പാഞ്ഞുകയറി കൈവരിയില്‍ ഇടിച്ചു.

 

സ്‌കൂട്ടറില്‍ ഇരുന്ന മൂവരും തെറിച്ചു പാലത്തില്‍ നിന്നു താഴേക്ക് പതിച്ചു. സ്‌കൂട്ടര്‍ പാലത്തിനു മുകളില്‍ ഇടിച്ചുനിന്നു. സര്‍വീസ് റോഡിനോടു ചേര്‍ന്നുള്ള ഓടയില്‍ തലയിടിച്ചാണ് സിമിയുടെ തലയ്ക്കു ഗുരുതരമായി പരുക്കേറ്റത്. സിമിയുടെ ശരീരത്തിലേക്കാണ് മകള്‍ പതിച്ചത്. അതീവഗുരുതരാവസ്ഥയിലായിരുന്ന സിമിയെ സമീപത്തെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും അല്‍പസമയത്തിനു ശേഷം മരിച്ചു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe