മൈനാ​ഗപ്പള്ളി കാർ അപകടത്തിൽ അജ്മലും ഡോ. ശ്രീക്കുട്ടിയും അറസ്റ്റിൽ; ഇരുവർക്കുമെതിരെ ചുമത്തിയത് നരഹത്യാക്കുറ്റം

news image
Sep 16, 2024, 10:27 am GMT+0000 payyolionline.in

കൊല്ലം: കൊല്ലം മൈനാ​ഗപ്പളളിയിൽ കാറിടിച്ച് സ്കൂട്ടർ യാത്രികയായ സ്ത്രീ മരിച്ച സംഭവത്തിൽ പ്രതികളായ കരുനാ​ഗപ്പളളി സ്വദേശി അജ്മലിന്റെയും നെയ്യാറ്റിൻകര സ്വദേശി ഡോ. ശ്രീക്കുട്ടിയുടെയും അറസ്റ്റ് രേഖപ്പെടുത്തി. ഇരുവർക്കുമെതിരെ നരഹത്യാക്കുറ്റമാണ് ചുമത്തിയിരിക്കുന്നത്. ഇന്നലെയുണ്ടായ അപകടത്തില്‍ ഡോ. ശ്രീക്കുട്ടിയെ പൊലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്ത് വരികയായിരുന്നു. അപകടത്തെ തുടര്‍ന്ന്  ഒളിവിൽ പോയ അജ്മലിനെ പതാരത്ത് നിന്നാണ് ശാസ്താംകോട്ട പൊലീസ്  ഇന്ന് പിടികൂടിയത്. ഇന്നലെയാണ് അജ്മൽ ഓടിച്ച കാറിടിച്ച് മൈനാഗപ്പള്ളി സ്വദേശിനി കുഞ്ഞുമോൾ മരിച്ചത്. റോഡിൽ തെറിച്ചു വീണ യുവതിയുടെ ശരീരത്തിലൂടെ കാർ കയറ്റിയിറക്കി അജ്മലും ഒപ്പമുണ്ടായിരുന്ന യുവ വനിതാ ഡോക്ടറും രക്ഷപ്പെടുകയായിരുന്നു.

പ്രതിയായ ഡോ. ശ്രീക്കുട്ടിയെ ജോലിയിൽ നിന്ന് പുറത്താക്കിയിരുന്നു. കൊല്ലം കരുനാഗപ്പള്ളി വലിയത്ത് ആശുപത്രിയിലെ താൽക്കാലിക ഡോക്ടറായിരുന്നു ശ്രീക്കുട്ടി. അതിനിടെ, അജ്മലും ഒപ്പമുണ്ടായിരുന്ന ഡോ. ശ്രീക്കുട്ടിയും മദ്യപിച്ചിരുന്നതായി വൈദ്യപരിശോധനാ ഫലം പൊലീസിന് ലഭിച്ചു. കാ‍ര്‍ മുന്നോട്ടെടുക്കാൻ ആവശ്യപ്പെട്ടത് അജ്മലിനൊപ്പം കാറിലുണ്ടായിരുന്നു ഡോ. ശ്രീക്കുട്ടിയാണെന്ന് ദൃക്സാക്ഷികള്‍ പറഞ്ഞു. അജ്മലും ഡോ. ശ്രീക്കുട്ടിയും മദ്യപിച്ചിരുന്നു എന്ന് പരിശോധനാഫലം പുറത്തുവന്നിരുന്നു. സുഹൃത്തിന്റെ വീട്ടിൽ നിന്നും മദ്യപാനം കഴിഞ്ഞ് വരുന്ന സമയത്താണ് അപകടമുണ്ടായത്. നാട്ടുകാർ ആക്രമിക്കുമെന്ന് ഭയന്നാണ് വാഹനം മുന്നോട്ടെടുത്ത് പോയതെന്നാണ് ഇവര്‍ പൊലീസിന് നല്‍കിയ മൊഴി. സംഭവത്തിൽ മനുഷ്യാവകാശ കമ്മീഷനും കേസെടുത്തിട്ടുണ്ട്.

അമിതവേ​ഗത്തിൽ നിയന്ത്രണം തെറ്റിയെത്തിയ കാർ ഇടിച്ചു തെറിപ്പിക്കുകയായിരുന്നു എന്ന് അപകടത്തില്‍ പരിക്കേറ്റ് ചികിത്സയില്‍ കഴിയുന്ന ഫൗസിയ പറഞ്ഞു. അപകടത്തെ തുടർന്ന് റോഡിലേക്ക് വീണ കുഞ്ഞുമോൾ എഴുന്നേൽക്കാൻ ശ്രമിക്കുന്നതിനിടെ കാർ ശരീരത്തിലൂടെ കയറ്റിയിറക്കുകയായിരുന്നു. പരിക്കേറ്റ കുഞ്ഞുമോൾ ഇന്നലെ ആശുപത്രിയിൽ വെച്ചാണ് മരിച്ചത്. ”സാധനം മേടിക്കാൻ അപ്പുറത്തെ കടയിൽ പോയതാ, ഞാനും ചേട്ടത്തിയും കൂടിയാ പോയത്. ചേട്ടത്തി വണ്ടിയില് കയറി, ഞാൻ അപ്പുറോമിപ്പുറോം നോക്കി വണ്ടി വരുന്നുണ്ടോന്ന്, ഇല്ലെന്ന് ഉറപ്പാക്കീട്ടാ ഞാൻ വണ്ടിയെടുത്തത്. പക്ഷേ പെട്ടെന്ന് എവിടെ നിന്നാ വണ്ടി കയറി വന്നതെന്ന് എനിക്ക് ഓർമ്മയില്ല. പെട്ടെന്ന് വന്ന് ഇടിച്ചിടുകയായിരുന്നു. ഞാനൊരു സൈഡിലേക്കും ചേട്ടത്തി കാറിന്റെ മുന്നിലേക്കുമാണ് വീണത്. ചേട്ടത്തി എഴുന്നേറ്റു, പക്ഷേ പിന്നേം കാർ കയറിയിറങ്ങി പോയി. കാർ അതിവേ​ഗത്തിലാ വന്നത്. ബാലൻസില്ലാതെയാ വണ്ടി വന്നത്. ഫൌസിയ പറഞ്ഞു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe