മൊബൈല്‍ ഉപയോക്താക്കള്‍ക്ക് എമര്‍ജന്‍സി സന്ദേശം വന്നു; പണി കിട്ടിയത് ഇലക്ട്രിക് സ്കൂട്ടറുകള്‍ക്ക്

news image
Nov 1, 2023, 2:28 am GMT+0000 payyolionline.in

തിരുവനന്തപുരം: ദേശീയതലത്തില്‍ അടിയന്തര മുന്നറിയിപ്പ് സംവിധാനം സ്ഥാപിക്കുന്നതിന്‍റെ ഭാഗമായി മൊബൈല്‍ ഉപയോക്താക്കള്‍ക്ക് അടിയന്തര സന്ദേശം കഴിഞ്ഞ ദിവസം ലഭിച്ചിരുന്നു. ഉയര്‍ന്ന ബീപ് ശബ്ദത്തിനൊപ്പം വൈബ്രേഷനോടെയാണ് ഫോണില്‍ സന്ദേശം എത്തിയത്. ഇംഗ്ലീഷിലും, മലയാളത്തിലും ഈ സന്ദേശം എത്തി.

Cell Broadcast (സെല്‍ ബ്രോഡ്കാസ്റ്റ്) സംവിധാനം സംബന്ധിച്ച പരിശോധനയുടെ ഭാഗമായി ഉള്ള മുന്നറിയിപ്പ് ശബ്‍ദങ്ങളും വൈബ്രേഷനും സന്ദേശങ്ങളുമാണ് ഇന്ന് മൊബൈല്‍ ഫോണുകളിലെത്തിയത്. ദേശീയ ദുരന്ത നിവാരണ അതോറിറ്റി, കേന്ദ്ര ടെലികമ്യൂണികേഷന്‍ വകുപ്പ്, സംസ്ഥാന, ജില്ലാ ദുരന്ത നിവാരണ അതോറിറ്റികള്‍ എന്നിവര്‍ ചേര്‍ന്നാണ് ഈ പരീക്ഷണം നടത്തിയത്. രാജ്യത്തിന്‍റെ മറ്റ് പല ഭാഗങ്ങളില്‍ നേരത്തെ തന്നെ സെല്‍ ബ്രോഡ്‌കാസ്റ്റ് സന്ദേശം കേന്ദ്ര സര്‍ക്കാര്‍ പരീക്ഷിച്ചിരുന്നു.

എന്നാല്‍ കഴിഞ്ഞ ദിവസം ഈ സന്ദേശം കൊണ്ട് പണി കിട്ടിയത് ചില ഇലക്ട്രിക് സ്കൂട്ടറുകള്‍ക്കാണ്. അതായത് സിം കാര്‍ഡ് ഉപയോഗിച്ച് കണക്ട് ചെയ്യപ്പെട്ട ഇലക്ട്രിക് സ്കൂട്ടറുകള്‍ ഇപ്പോള്‍ സജീവമാണ്. അവയ്ക്കാണ് പണികിട്ടിയത്. ഇത്തരം സ്കൂട്ടറുകളിലും ഈ അടിയന്തര സന്ദേശം വന്നു. ആദ്യം ഇംഗ്ലീഷിലും, പിന്നീട് മലയാളത്തിലും എത്തി. എന്നാല്‍ അതിന് ശേഷം പല സ്കൂട്ടറുകളുടെയും ഡിസ്പ്ലേ നിന്നും പോയി.

ഏഥര്‍ അടക്കം സ്കൂട്ടറുകളില്‍ വ്യാപകമായി ഈ പ്രശ്നം കണ്ടു. സന്ദേശം വന്നതിന് പിന്നാലെ സ്കൂട്ടര്‍ ഡിസ്പ്ലേ പൂര്‍ണ്ണമായും ബ്ലാക്കായിരുന്നു. സ്കൂട്ടര്‍ ഉടമകളുടെ ഗ്രൂപ്പുകളിലും മറ്റും ഇത് ചര്‍ച്ചയായി. എന്നാല്‍ ഇതിന് പരിഹാരവുമായി കമ്പനികള്‍ ഉടന്‍ എത്തിയിരുന്നു. സ്കൂട്ടര്‍ റീസ്റ്റാര്‍ട്ട് ചെയ്യാനായിരുന്നു. ഇത്തരത്തില്‍ റീസ്റ്റാര്‍ട്ട് ചെയ്തപ്പോള്‍ ഡിസ്പ്ലേ തിരിച്ചെത്തിയെന്നാണ് പലരും പറയുന്നത്. എന്തായാലും ഇത് സംബന്ധിച്ച് സ്കൂട്ടര്‍ കമ്പനികള്‍ മുന്നറിയിപ്പൊന്നും നല്‍കിയില്ലെന്ന് ഉപയോക്താക്കള്‍ക്ക് പരാതിയുണ്ട്.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe