മോഷണം പോയ വാഹനത്തിന് നഷ്ടപരിഹാരം നൽകാതെ കമ്പനി, 6.68 ലക്ഷം രൂപ നല്‍കാന്‍ വിധി

news image
Sep 21, 2022, 8:08 am GMT+0000 payyolionline.in

മലപ്പുറം: മോഷണം പോയ വാഹനത്തിന് ഇന്‍ഷ്വറന്‍സ് കമ്പനിയോട് 6.68 ലക്ഷം രൂപ നല്‍കാന്‍ ജില്ലാ ഉപഭോക്തൃ കമ്മീഷന്‍ വിധി. ചീക്കോട് സ്വദേശി ഫസലുല്‍ ആബിദിന്റെ മോഷണം പോയ വാഹനത്തിനാണ് ഇന്‍ഷ്വറന്‍സ് കമ്പനിയോട് 6,68,796 രൂപ നല്‍കാന്‍  ജില്ലാ ഉപഭോക്തൃ കമ്മീഷന്‍ വിധിച്ചത്.

 

2018 ജനുവരി എട്ടിനാണ് മാരുതി സ്വിഫ്റ്റ് കാര്‍ ബന്ധുവിന്റെ കൈവശമിരിക്കെ ഒറ്റപ്പാലത്തു വച്ച് മോഷണം പോയത്. ഇതിനിടെ ബൈക്ക് അപകടത്തില്‍പ്പെട്ട് ഫസലുല്‍ ആബിദ് മരിച്ചു. ആബിദിന്റെ ബന്ധുക്കള്‍ കാര്‍ ഇന്‍ഷ്വര്‍ ചെയ്ത കമ്പനിയെ സമീപിച്ചെങ്കിലും നഷ്ടപരിഹാരം നല്‍കാന്‍ കമ്പനി തയ്യാറായില്ല.

വാഹന ഉടമ വേണ്ട വിധം വാഹനം നോക്കി സംരക്ഷിച്ചില്ലെന്ന് ആരോപിച്ചാണ് കമ്പനി ആനുകൂല്യം നിഷേധിച്ചത്. തുടര്‍ന്ന് ബന്ധുക്കള്‍ ഉപഭോക്തൃ കമ്മീഷനെ സമീപിക്കുകയായിരുന്നു. ഒരു മാസത്തിനകം സംഖ്യ നല്‍കാത്ത പക്ഷം ഹരജി നല്‍കിയ തീയതി മുതല്‍ ഒന്പത് ശതമാനം പലിശയും നല്‍കണം.

സമാനമായ മറ്റൊരു സംഭവവും മാസങ്ങൾക്ക് മുമ്പ് മലപ്പുറത്തുനിന്ന് റിപ്പോർട്ട് ചെയ്തിരുന്നു. നിർത്തിയിട്ട വാഹനം മോഷണം പോയ സംഭവത്തിൽ ആനുകൂല്യം നിഷേധിച്ച ഇൻഷൂറൻസ് കമ്പനിയോട് വാഹന ഉടമയ്ക്ക് 8,20,000 രൂപ നൽകാൻ ആണ് ജില്ലാ ഉപഭോക്തൃ കമ്മീഷൻ വിധിച്ചത്. കെ. മോഹൻദാസ് പ്രസിഡന്റും പ്രീതി ശിവരാമൻ, സി.വി. മുഹമ്മദ് ഇസ്മായിൽ എന്നിവർ അംഗങ്ങളുമായ ജില്ലാ ഉപഭോക്തൃ കമ്മീഷനാണ് വാഹന ഉടമയ്ക്ക് നഷ്ടപരിഹാരം നൽകാൻ ഉത്തരവിട്ടത്. 2017 ജനുവരി 16നാണ് പരാതിക്കാരന്റെ 2015 ൽ വാങ്ങിയ ലോറി വീട്ടുപരിസരത്തെ റോഡരികിൽ നിന്ന് മോഷണം പോയത്.

പാണ്ടിക്കാട് പൊലീസ് കേസ് റജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തിയെങ്കിലും വാഹനമോ മോഷ്ടാവിനേയോ കണ്ടെത്താനായില്ല. തുടർന്ന് വാഹന ഉടമ ആനുകൂല്യം ലഭിക്കാൻ ഇൻഷുറൻസ് കമ്പനിയെ സമീപിച്ചു. മോഷണ സമയത്ത് വാഹനത്തിന്റെ താക്കോൽ വാഹനത്തിൽ തന്നെ സൂക്ഷിച്ചുവെന്നും അത് വാഹന ഉടമയുടെ ഭാഗത്തു നിന്നുണ്ടായ വീഴ്ചയാണെന്നും വാദിച്ച്  ഇൻഷൂറൻസ് കമ്പനി ആനുകൂല്യം നിഷേധിക്കുകയായിരുന്നു.

ഇതേ തുടർന്നാണ് വാഹന ഉടമ ഉപഭോക്തൃ കമ്മീഷനെ സമീപിച്ചത്. വസ്തുതകൾ പരിശോധിച്ച കമ്മീഷൻ ഇൻഷുറൻസ് തുകയായ 7,00,000 രൂപയും നഷ്ടപരിഹാരമായി 1,00,000 രൂപയും കോടതി ചെലവായി 20,000 രൂപയും ഉൾപ്പെടെ 8,20,000 രൂപ വാഹന ഉടമയ്ക്ക് നൽകണമെന്നാണ് വിധിച്ചത്. വിധി ഒരു മാസത്തിനകം നടപ്പാക്കിയില്ലെങ്കിൽ വിധി സംഖ്യയിന്മേൽ പലിശയും നൽകണമെന്നും കമ്മീഷൻ ഉത്തരവിട്ടിട്ടുണ്ട്.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe