മർദനത്തിൽ വാരിയെല്ലുകൾ പൊട്ടി, കത്തിച്ച സിഗരറ്റ് കൊണ്ട് കുത്തി;രണ്ടര വയസുകാരി നേരിട്ടത് സമാനതകളില്ലാത്ത ക്രൂരത

news image
Mar 26, 2024, 3:58 am GMT+0000 payyolionline.in

മലപ്പുറം: മലപ്പുറം കാളികാവില്‍ രണ്ടര വയസുകാരിയുടെ മരണം ക്രൂര മര്‍ദ്ദനത്തെ തുടര്‍ന്നാണെന്ന് വ്യക്തമാക്കി പോസ്റ്റ്മോർട്ടം റിപ്പോർട്ട്. കുഞ്ഞ്‌ മരിച്ചതിന് ശേഷമാണ് ആശുപത്രിയിൽ എത്തിച്ചത്. മർദ്ദനത്തിൽ ബോധം പോയ കുഞ്ഞിനെ എറിഞ്ഞും പരിക്കേല്പിച്ചു. കുഞ്ഞിന്റെ ശരീരത്തിൽ പഴയതും പുതിയതുമായ നിരവധി മുറിവുകൾ ഉണ്ടായിരുന്നു. കത്തിച്ച സിഗരറ്റ് കൊണ്ട് കുത്തിയ മുറിവുകളും കുട്ടിയുടെ ശരീരത്തിലുണ്ടായിരുന്നു എന്നാണ് പോസ്റ്റ്മോർട്ടം റിപ്പോർട്ടില്‍ പറയുന്നത്. മർദ്ദനത്തിൽ തലയ്ക്ക് ഗുരുതരമായി പരിക്കേറ്റിരുന്നു. വാരിയെല്ലുകളും പൊട്ടിയിരുന്നു. തലയിൽ രക്തം കെട്ടി കിടക്കുന്നുണ്ട്. മർദ്ദനമേറ്റപ്പോൾ കുഞ്ഞിന്റെ തലയിലുണ്ടായ രക്തസ്രാവമാണ് മരണ കാരണമെന്നും പോസ്റ്റ്മോർട്ടം റിപ്പോർട്ട് വ്യക്തമാക്കുന്നു. 

ഉദരംപൊയിൽ സ്വദേശി മുഹമ്മദ്‌ ഫായിസ് മകൾ ഫാത്തിമ നസ്രിനെ കൊലപ്പെടുത്തിയതാണെന്നാണ് കുട്ടിയുടെ അമ്മയും ബന്ധുക്കളും ആരോപിക്കുന്നത്. തൊണ്ടയില്‍ ഭക്ഷണം കുടുങ്ങിയെന്ന് പറഞ്ഞാണ് അബോധാവസ്ഥയിലുള്ള രണ്ടര വയസുകാരി ഫാത്തിമ നസ്രിനെ ഫായിസ് വണ്ടൂരിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചത്. കുട്ടി മരിച്ചെന്ന് മനസിലായതിനെ തുടര്‍ന്ന് ആശുപത്രി അധിക‍ൃതരാണ് വിവരം പൊലീസിനെ അറിയിച്ചത്. പോസ്റ്റ്‌മോര്‍ട്ടത്തില്‍ കുട്ടി ക്രൂരമര്‍ദനത്തിന് ഇരയായാണ് മരിച്ചതെന്ന് വ്യക്തമായിരുന്നു. പിന്നാലെ പൊലീസ് കസ്റ്റഡിയിലായിരുന്ന ഫയാസിന്‍റെ അറസ്റ്റ് ഇന്നലെ രാത്രി രേഖപ്പെടുത്തി. കുട്ടിയെ പിതാവ് മുഹമ്മദ് ഫായിസ് മര്‍ദിച്ച് കൊലപ്പെടുത്തുകയായിരുന്നുവെന്ന അമ്മ ഷഹാനത്തിന്‍റേയും ബന്ധുക്കളെടെയും പരാതി ശരിവെക്കുന്നതാണ് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടിലെ കണ്ടെത്തല്‍.

 

നിലവില്‍ അസ്വാഭാവിക മരണത്തിനാണ് കാളികാവ് പൊലീസ് കേസെടുത്തിരിക്കുന്നത്. ഉടന്‍ കൊലക്കുറ്റം ചുമത്തുമെന്ന് പൊലീസ് അറിയിച്ചു. കുട്ടിയെ മുഹമ്മദ് ഫായിസ് നിരന്തരം ഉപദ്രവിച്ചിരുന്നതായാണ് ബന്ധുക്കള്‍ പറയുന്നത്. ഫായിസ് നിരന്തരം ഉപദ്രവിക്കുന്നതിനാല്‍ ഭാര്യ ഷഹാനത്തും മക്കളും സ്വന്തം വീട്ടിലാണ് ഏറെ നാളായി കഴിഞ്ഞിരുന്നത്. ഇതിനിടയില്‍ ഇവരെ ഫായിസ് നിര്‍ബന്ധിച്ച് സ്വന്തം വീട്ടിലേക്ക് കൊണ്ടു പോവുകയായിരുന്നു. നേരത്തെ ഫായിസിനെതിരെ നല്‍കിയ പരാതി പിന്‍വലിക്കണമെന്നാവശ്യപ്പെട്ടാണ് ഷഹാനത്തിനെയും കുഞ്ഞിനേയും ഉപദ്രവിച്ചിരുന്നതെന്നാണ് ബന്ധുക്കള്‍ പറയുന്നത്. സംഭവത്തില്‍ മറ്റാര്‍ക്കെങ്കിലും പങ്കുണ്ടോയെന്ന കാര്യവും പൊലീസ് അന്വേഷിക്കുന്നുണ്ട്.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe