കോട്ടയ്ക്കല്‍: ആറുവരിപ്പാതയില്‍ വാഹനങ്ങള്‍ അപകടത്തില്‍പ്പെടുന്ന സംഭവത്തില്‍ ജില്ലാ മോട്ടോര്‍ വാഹനവകുപ്പ് എന്‍ഫോഴ്സ്മെന്റ് വിഭാഗം സ്പെഷ്യല്‍ ഡ്രൈവ് പരിശോധന നടത്തി.
അപകടമേഖലയായി മാറിയ ചേളാരി, ചെട്ടിയാര്‍മാട്, കക്കാട് എടരിക്കോട് മമ്മാലിപ്പടി, പുത്തനത്താണി, കുറ്റിപ്പുറം എന്നീ സ്ഥലങ്ങള്‍ കേന്ദ്രീകരിച്ചായിരുന്നു നടപടികള്‍. ഈ ഭാഗങ്ങളില്‍ അപകടമരണങ്ങള്‍ വര്‍ധിച്ച സാഹചര്യത്തില്‍ കൂടുതല്‍ സുരക്ഷിതത്വമുറപ്പാക്കാനുള്ള റിപ്പോര്‍ട്ട് കൈമാറി.
നിലവിലെ സ്റ്റോപ്പുകള്‍ ഒഴിവാക്കി ആറുവരിപ്പാതയില്‍ യാത്രക്കാരെ കയറ്റിയിറക്കുന്ന പത്ത് സ്വകാര്യ ബസുകള്‍ക്കെതിരേ നടപടിയെടുത്തു. കാല്‍നടക്കാര്‍ക്ക് പ്രവേശനമില്ലാത്ത പാതയില്‍ ബസ് കയറാന്‍ ആളുകള്‍ കൂട്ടമായി നില്ക്കുന്ന പ്രവണതയുണ്ട്. ഇത് വലിയ അപകടങ്ങള്‍ക്ക് വഴിവെക്കും. പൊതുജനങ്ങള്‍ക്ക് റോഡ് മുറിച്ചുകടക്കാന്‍ പാടില്ലായെന്നതിന്റെ ബോധവത്കരണവും നടത്തി.
നിയമലംഘനങ്ങള്‍ നടത്തിയ നൂറോളം വാഹനങ്ങള്‍ക്കെതിരേയും നടപടി സ്വീകരിച്ചു. കുറ്റിപ്പുറം മുതല്‍ രാമനാട്ടുകര വരെയുള്ള ഭാഗങ്ങളില്‍ നോ പാര്‍ക്കിങ് സോണ്‍, അനുവദനീയമല്ലാത്ത വാഹനങ്ങള്‍ പാതയിലേക്ക് കടക്കാതിരിക്കാനുള്ള നടപടികള്‍, സുരക്ഷ അടക്കമുള്ള കാര്യങ്ങള്‍ എന്നിവ സംബന്ധിച്ച് നിര്‍ദ്ദേശങ്ങള്‍ ജില്ലാ കളക്ടര്‍ ചെയര്‍മാനായുള്ള ജില്ല റോഡ് സേഫ്റ്റി കൗണ്‍സിലിന് കൈമാറി.
വരുംദിവസം വിവിധ ഏജന്‍സികളെ പങ്കെടുപ്പിച്ച് യോഗംചേരും. എന്‍ഫോഴ്സ്മെന്റ് ആര്‍ടിഒ ടി.പി. യൂസഫിന്റെ നിര്‍ദ്ദേശപ്രകാരം ആറു സ്ക്വാഡുകളായി 40 -ഓളം ഉദ്യോഗസ്ഥരാണ് പരിശോധനയ്ക്ക് നേതൃത്വംനല്‍കിയത്.