യുഡിഎഫ് അധികാരത്തിൽ വന്നാൽ ലീഗ് ഭരിക്കും, മാറാട് ആവർത്തിക്കും: വിവാദ പരാമർശവുമായി വെള്ളാപ്പള്ളി നടേശൻ

news image
Apr 30, 2026, 8:14 am GMT+0000 payyolionline.in

ആലപ്പുഴ: കോൺഗ്രസിനും മുസ്ലീം ലീഗിനും എതിരെ രൂക്ഷവിമർശനവുമായി എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ രംഗത്ത്. യുഡിഎഫ് അധികാരത്തിൽ വന്നാൽ മുസ്ലീം ലീഗ് ആയിരിക്കും ഭരണം നിയന്ത്രിക്കുകയെന്നും, ലീഗ് നിശ്ചയിക്കുന്ന മുഖ്യമന്ത്രി വന്നാലും അത്ഭുതപ്പെടാനില്ലെന്നും വെള്ളാപ്പള്ളി പറഞ്ഞു. ആലപ്പുഴയിൽ മാധ്യമങ്ങളോട് സംസാരിക്കവെയാണ് അദ്ദേഹം വിവാദ പരാമർശങ്ങൾ നടത്തിയത്.

യുഡിഎഫ് അധികാരത്തിൽ വന്നാൽ മാറാട് ആവർത്തിക്കുമെന്നും സംസ്ഥാനത്ത് എന്തൊക്കെ സംഭവിക്കുമെന്ന് കാണാമെന്നും അദ്ദേഹം ആരോപിച്ചു. പാണക്കാട് തങ്ങളാണ് മന്ത്രിസഭയിലെ വകുപ്പുകൾ പോലും തീരുമാനിക്കുന്നത്. കോൺഗ്രസിന്റെ മുഖ്യമന്ത്രി ആരാകണമെന്ന് തീരുമാനിക്കേണ്ടത് കോൺഗ്രസ് മാത്രമാണെന്നും, അതിൽ ലീഗ് ഇടപെടേണ്ടെന്നും വെള്ളാപ്പള്ളി കൂട്ടിച്ചേർത്തു.

ഇടതുപക്ഷത്തിന്റെ പരാജയം ജനാധിപത്യത്തിന്റെ പരാജയമായിരിക്കുമെന്നും മതാധിപത്യം സംസ്ഥാനത്ത് പിടിമുറുക്കുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. പത്തു വർഷത്തെ ഭരണത്തിന്റെ ആലസ്യവും തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങളിൽ എൽഡിഎഫ് അണികളുടെ ഭാഗത്തുനിന്നുണ്ടായ അനാസ്ഥയുമാണ് വോട്ടെടുപ്പിൽ പ്രതിഫലിച്ചതെന്നും വെള്ളാപ്പള്ളി നടേശൻ പറഞ്ഞു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe