യുദ്ധക്കുറ്റം; ഇസ്രയേൽ, ഹമാസ് നേതാക്കൾക്കെതിരെ അറസ്റ്റ് വാറണ്ട് അഭ്യർത്ഥിച്ച് ഐസിസി പ്രോസിക്യൂട്ടർ ജനറൽ

news image
May 21, 2024, 4:43 am GMT+0000 payyolionline.in

ടെൽ അവീവ്: യുദ്ധക്കുറ്റകൃത്യങ്ങളുടെ പേരിൽ ഇസ്രയേൽ പ്രധാനമന്ത്രിക്കും പ്രതിരോധമന്ത്രിക്കും ഹമാസ് നേതാക്കൾക്കുമെതിരെ അറസ്റ്റ് വാറണ്ട് അഭ്യർത്ഥിച്ച് അന്താരാഷ്ട്ര ക്രിമിനൽ കോടതി പ്രോസിക്യൂട്ടർ ജനറൽ. ജഡ്ജിമാരുടെ സമിതിയാകും തീരുമാനമെടുക്കുക. വാറണ്ട് കിട്ടിയാലും അറസ്റ്റ് നടപ്പാക്കാൻ അന്താരാഷ്ട്ര ക്രിമിനൽ കോടതിക്ക് അധികാരമില്ല.

ഗാസയിലെ ഹമാസ് നേതാവ് യഹ്യ സിൻവാർ, ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു എന്നിവർക്കെതിരെയാണ് യുദ്ധ കുറ്റകൃത്യങ്ങളുടെ പേരിൽ അറസ്റ്റ് വാറണ്ട് ആവശ്യപ്പെട്ടിരിക്കുന്നത്. അന്താരാഷ്ട്ര ക്രിമിനൽ കോടതി ചീഫ് പ്രോസിക്യൂട്ടറായ കരിം ഖാൻ കെ സിയാണ് ഒക്ടോബർ 7 മുതലുണ്ടായ അക്രമങ്ങളുടെ പേരിൽ നടപടി വേണമെന്ന് ആവശ്യപ്പെട്ടിരിക്കുന്നത്. എന്നാൽ കോടതിയിൽ നൽകിയ തെളിവുകളേക്കുറിച്ച് ജഡ്ജുമാർ ഇനിയും തീരുമാനത്തിലെത്തിയിട്ടില്ല. അറസ്റ്റ് വാറന്റ് പുറത്തിറക്കാൻ ലഭ്യമാക്കിയിട്ടുള്ള തെളിവുകൾ പര്യാപ്തമാണോയെന്നതിൽ തീരുമാനം ആവാൻ ആഴ്ചകൾ വേണ്ടി വരുമെന്നാണ് ബിബിസി അടക്കമുള്ള മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.

കൂട്ടക്കൊലപാതകികളായ ഹമാസുമായി ജനാധിപത്യ രാജ്യമായ ഇസ്രയേലിനെ താരതമ്യം ചെയ്തതിനെതിരെ രൂക്ഷമായാണ് ഇസ്രയേൽ പ്രധാനമന്ത്രി നിരീക്ഷിക്കുന്നത്. പാലസ്തീൻ പ്രതിരോധത്തിന് മുൻനിരയിലുള്ള നേതാക്കൾക്കെതിരായ നീക്കത്തിനെ ഹമാസ് നേതൃത്വവും തള്ളുകയാണ്.

ഇസ്രയേൽ യുദ്ധ ക്യാബിനറ്റിൽ നെതന്യാഹുവിനെതിരെ രൂക്ഷ വിമർശനം ഉയർത്തുന്ന ക്യാബിനറ്റ് മന്ത്രി ബെന്നി ഗാന്റ്സ് അടക്കം അന്താരാഷ്ട്ര ക്രിമിനൽ കോടതി നീക്കത്തിനെ തള്ളിയിട്ടുണ്ട്. നെതന്യാഹുവിന്റെ പേരിൽ അറസ്റ്റ് വാറണ്ടിനുള്ള നീക്കം അതിര് കടന്നതെന്നാണ് ഇസ്രയേലി പ്രസിഡന്റ് ഹെർസോഗ് പ്രതികരിച്ചത്. ഹമാസ് നേതാക്കൾക്കെതിരായ നീക്കത്തിൽ ഗാസയിലും ജനരോഷം ഉയരുന്നുണ്ട്. ഇരകളെ വേട്ടക്കാരാക്കി ശിക്ഷിക്കാൻ ശ്രമമെന്നാണ് ഗാസയിൽ നിന്നുള്ള പ്രതികരണം.

 

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe