ആഭിചാരക്രിയയ്ക്കായി യുവതിയെ ഉപദ്രവിച്ച കേസിൽ ഭർത്താവും ഭർതൃ പിതാവും അടക്കം മൂന്നുപേർ അറസ്റ്റിൽ. കോട്ടയം മണർകാട് തിരുവഞ്ചൂർ സ്വദേശി അഖിൽദാസ്, ഇയാളുടെ പിതാവ് ദാസ്, ആഭിചാരക്രിയ നടത്തിയ പത്തനംതിട്ട പെരുന്തുരുത്തി സ്വദേശി ശിവദാസ് എന്നിവരാണ് അറസ്റ്റിലായത്. അഖിൽ ദാസിന്റെ ഭാര്യയുടെ ശരീരത്തിൽ ദുരാത്മാവ് കുടിയേറി എന്നാരോപിച്ചായിരുന്നു ആഭിചാരക്രിയ.
ഈ മാസം രണ്ടിന് രാവിലെ അഖിൽദാസിന്റെ വീട്ടിലെത്തിയ ശിവദാസ് രാവിലെ 11 മണി മുതൽ രാത്രി 9 മണി വരെയാണ് ആഭിചാരക്രിയകൾ നടത്തിയത്. ഇതിനിടെ യുവതിയെ ബലമായി മദ്യം കുടിപ്പിക്കുകയും ബീഡി വലിപ്പിക്കുകയും ഭസ്‌മം കഴിപ്പിക്കുകയും ചെയ്തു. യുവതിയുടെ ശരീരത്തിൽ പൊള്ളലുമേൽപ്പിച്ചു. ഇതേ തുടർന്ന് യുവതിയുടെ മാനസിക നില തകരാറിലാകുകയായിരുന്നു. വിവരമറിഞ്ഞ് യുവതിയുടെ ബന്ധുക്കൾ മണർകാട് പോലീസിൽ പരാതി നൽകി.അഖിലിന്റെ സഹോദരി ആഭിചാരക്രിയകളുടെ ദൃശ്യങ്ങൾ ഫോണിൽ പകർത്തിയിരുന്നു. ഫോണിൽ നിന്നും ഡിലീറ്റ് ചെയ്ത ദൃശ്യങ്ങൾ പോലീസ് വീണ്ടെടുത്തു. അഖിൽ ദാസിന്റെ അമ്മയെയും കേസിൽ പ്രതി ചേർത്തിട്ടുണ്ടെങ്കിലും ഇവർ ഒളിവിലാണ്. അറസ്റ്റിലായ 3 പ്രതികളെയും കോടതിയിൽ ഹാജരാക്കി.
