തൃശൂർ: നഗരത്തിലെ ലോഡ്ജിൽ യുവതിയെ എത്തിച്ച് ലൈംഗികമായി പീഡിപ്പിച്ച കേസിലെ പ്രതിയെ തൃശൂർ സിറ്റി പൊലീസ് ബംഗളൂരുവിൽനിന്ന് പിടികൂടി. മലപ്പുറം വാവൂർ സ്വദേശി ആലുങ്ങൽ പറമ്പിൽ അജ്മൽ ഫവാസിനെയാണ് (26) തൃശൂർ ടൗൺ ഈസ്റ്റ് പോലീസ് അറസ്റ്റ് ചെയ്തത്. മലപ്പുറം സ്വദേശിനിയായ യുവതിയുടെ പരാതിയിലാണ് നടപടി.
2019 ഒക്ടോബർ മുതൽ പലതവണ തൃശൂരിലെ വിവിധ ലോഡ്ജുകളിലെത്തിച്ച് പ്രതി യുവതിയെ ലൈംഗിക പീഡനത്തിന് ഇരയാക്കിയെന്നാണ് കേസ്. സംഭവത്തിൽ യുവതി ആദ്യം നിലമ്പൂർ പൊലീസ് സ്റ്റേഷനിലാണ് പരാതി നൽകിയത്. തുടർന്ന് കേസ് തൃശൂർ ഈസ്റ്റ് പൊലീസിന് കൈമാറുകയായിരുന്നു. അന്വേഷണം ആരംഭിച്ചതോടെ ഒളിവിൽ പോയ പ്രതിക്കായി പൊലീസ് ലുക്കൗട്ട് നോട്ടീസ് ഉൾപ്പെടെ പുറപ്പെടുവിച്ചിരുന്നു.
പ്രതി കർണാടകയിലുണ്ടെന്ന രഹസ്യവിവരത്തെത്തുടർന്ന് സൈബർ സെല്ലിന്റെ സാങ്കേതിക സഹായത്തോടെ നടത്തിയ നീക്കത്തിലാണ് ബംഗളൂരുവിൽനിന്ന് ഇയാളെ കണ്ടെത്തിയത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. അസിസ്റ്റന്റ് കമീഷണർ കെ.ജി. സുരേഷിന്റെ നിർദേശപ്രകാരം ഇൻസ്പെക്ടർ എം.ജെ. ജിജോയുടെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ പിടികൂടിയത്. സബ് ഇൻസ്പെക്ടർ ബിബിൻ പി. നായർ, എ.എസ്.ഐ ശ്രീജ, സിവിൽ പൊലീസ് ഓഫിസർമാരായ ഹരീഷ്, ദീപക്, സൂരജ്, അജ്മൽ എന്നിവരും അന്വേഷണ സംഘത്തിലുണ്ടായിരുന്നു.
