യുവതിയെ രാത്രി ദേശീയപാതയുടെ ഉയരപ്പാതയില്‍ ഇറക്കിവിട്ട സംഭവം; ബസ് ജീവനക്കാരുടെ ലൈസൻസ് സസ്പെൻഡ് ചെയ്തു

news image
Aug 31, 2026, 3:36 pm GMT+0000 payyolionline.in

തിക്കോടി: തിക്കോടിയില്‍ യുവതിയെ പാതിരാത്രിയില്‍ ദേശീയപാതയുടെ ഉയരപ്പാതയില്‍ ഇറക്കിവിട്ട സംഭവത്തില്‍ നടപടിയെടുത്ത് മോട്ടാര്‍ വാഹനവകുപ്പ്. സ്വകാര്യ ബസ് ജീവനക്കാരുടെ ലൈസന്‍സ് സസ്പെന്‍ഡ് ചെയ്തു. ഡ്രൈവറുടേയും കണ്ടക്ടറുടേയും ലൈസന്‍സ് ആറു മാസത്തേക്കാണ് സസ്പെന്‍ഡ് ചെയ്തത്. ജീവനക്കാര്‍ എടപ്പാളിലെ കേന്ദ്രത്തില്‍ ഒരാഴ്ച നീണ്ടുനില്‍ക്കുന്ന നിര്‍ബന്ധിത പരിശീലനത്തിലും പങ്കെടുക്കണമെന്നും മോട്ടാര്‍ വാഹനവകുപ്പ് നിര്‍ദേശിച്ചു.

 

കഴിഞ്ഞ ആഴ്ചയായിരുന്നു സംഭവം. സര്‍വീസ് റോഡിലൂടെ പോകുന്നതിന് പകരം ഉയരപ്പാതയിലൂടെ സഞ്ചരിച്ച സ്വകാര്യബസ് യുവതിയെ വഴിവിളക്കോ കാല്‍നടയാത്രക്കാരോ ഇല്ലാത്ത ഇടത്ത് ഇറക്കിവിടുകയായിരുന്നു. പരിഭ്രമിച്ച് നിന്ന യുവതിയെ കോണി ഉപയോഗിച്ചാണ് നാട്ടുകാര്‍ താഴെയിറക്കിയത്. കോഴിക്കോട് നിന്നും കണ്ണൂരിലേക്ക് പോവുകയായിരുന്ന കൃതിക എന്ന ബസില്‍ നിന്നും ഈ മാസം 24 നായിരുന്നു യുവതിക്ക് ദുരനുഭവം നേരിട്ടത്. റൂട്ട് തെറ്റിച്ച് ദേശീയപാതയിലൂടെ സഞ്ചരിച്ചതില്‍ ബസ് ഉടമയ്ക്കെതിരെ മോട്ടോര്‍ വാഹനവകുപ്പ് കേസും രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe