യുവതി വസ്ത്രം തെരഞ്ഞെടുക്കുന്നതിനിടെ ഷോപ്പിംഗ് മാളിന്‍റെ തറ ഇടിഞ്ഞുവീണു; സിസിടിവി ദൃശ്യങ്ങൾ വൈറൽ

news image
Mar 31, 2024, 10:22 am GMT+0000 payyolionline.in

 

 

തുര്‍ക്കിയിലെയും ഫ്ലോറിഡയിലെയും ചില പ്രദേങ്ങളില്‍ ഭൂമി ഇടിഞ്ഞ് താഴുന്നതായി റിപ്പോര്‍ട്ടുകള്‍ നേരത്തെവന്നിരുന്നു. ഇത്തരത്തില്‍ ഭൂമി ഇടിഞ്ഞ് താഴുമ്പോള്‍ വീടുകളും മനുഷ്യരും മൃഗങ്ങളും കൃഷിയിടങ്ങളുമെല്ലാം ഇത്തരം അഗാധമായ ഗര്‍ത്തത്തിലേക്ക് വീഴുന്നു. അത്തരമൊരു അപകടത്തിന്‍റെ ദൃശ്യങ്ങള്‍ സാമൂഹിക മാധ്യമത്തില്‍ വൈറലായി. ചൈനയിലെ ഒരു ഷോപ്പിംഗ് മോളില്‍ നിന്നുള്ള വീഡിയോ ദൃശ്യങ്ങളായിരുന്നു അത്. ഷോപ്പിംഗ് മോളിലെ വീഡിയോ ദൃശ്യത്തില്‍ നിരവധി തുണികള്‍ ഒരുക്കി വച്ച ട്രാക്കുകള്‍ക്ക് ഇടയിലൂടെ ഒരു യുവതി നടന്ന് വരുന്നത് കാണാം. തൊട്ടടുത്ത നിമിഷം യുവതി നിന്നിരുന്ന പ്രദേശം ഇടിഞ്ഞ് താഴുകയും യുവതി അതിനൊപ്പം ഭൂമിക്കടിയിലേക്ക് വീഴുകയും ചെയ്യുന്നു. പിന്നാലെ കടയുടെ ഉള്‍വശത്ത് പൊടിനിറയുന്നതും കാണാം. മാർച്ച് 23 നാണ് സംഭവം നടന്നെന്ന് ന്യൂസ് ഡോട്ട് കോം റിപ്പോര്‍ട്ട് ചെയ്തു. യുവതിയോടൊപ്പം രണ്ട് മൂന്ന് റാക്കുകളിലായി വച്ച വസ്ത്രങ്ങളും താഴേക്ക് വീഴുന്നു. ഇതിനിടെ തൊട്ടപ്പുറത്ത് മറ്റെന്തോ ശ്രദ്ധിച്ച് നില്‍ക്കുകയായിരുന്ന ഒരു സ്ത്രീ അപകടം കണ്ട് അവിടെ നിന്ന് ഓടിപ്പോകുന്നതും വീഡിയോയില്‍ കാണാം. ഇന്നലെ എക്സില്‍ പങ്കുവച്ച വീഡിയോ ഇതിനകം ഒരു കോടി പന്ത്രണ്ട് ലക്ഷം പേരാണ് കണ്ടത്. തുണിക്കടയ്ക്ക് താഴെ ജോലി ചെയ്തിരുന്ന ഒരു നിർമ്മാണ തൊഴിലാളിയും അവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങിയതായി സൌത്ത് ചൈന മോർണിംഗ് പോസ്റ്റ് റിപ്പോര്‍ട്ട് ചെയ്തു. സംഭവം നടന്നയുടൻ ഫയർഫോഴ്‌സിനെ വിവരം അറിയിക്കുകയും അവര്‍ ഉടനെ തന്നെ സ്ഥലത്തെത്തി പരിക്കേറ്റവരെ രക്ഷപ്പെടുത്തുകയും ചെയ്തെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. ഇരുവരുടെയും ആരോഗ്യനില തൃപ്തികരമാണെന്ന് മാളിന്‍റെ പ്രതിനിധിയായ ഹുവാങ് പറഞ്ഞു.

 

നിര്‍മ്മാണ തൊഴിലാളിക്ക് കാലിനാണ് പരിക്കേറ്റത്. യുവതിക്കും ഒടിവുകള്‍ ഉണ്ടായിരുന്നതായി റിപ്പോര്‍ട്ടില്‍ പറയുന്നു. ‘അവർ ഞങ്ങളുടെ ഉപഭോക്താക്കളായതിനാൽ, അവര്‍ക്ക് ആവശ്യമായ വൈദ്യസഹായം നല്‍കിയതായി ഷോപ്പിംഗ് മോള്‍ വാക്താവ് അറിയിച്ചു. വസ്ത്ര സ്ഥാപനത്തിന്‍റെ തറയുടെ നിര്‍മ്മാണ തകരാറാണ് അപകടത്തിന് കാരണമെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. സംഭവത്തില്‍ പ്രാദേശിക ഭരണകൂടം അന്വേഷണത്തിന് ഉത്തരവിട്ടു. കെട്ടിടത്തിന്‍റെ മൊത്തം സുരക്ഷയും അന്വേഷണ പരിധിയില്‍പ്പെടും. ലോകത്തെമ്പാടും അടുത്തകാലത്തായി സിങ്ക്ഹോള്‍ അപകടങ്ങള്‍ വര്‍ദ്ധിക്കുകയാണെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. ഈ മാസം ആദ്യം സിഡ്നിയിലെ എം 6 ടണലിന് സമീപത്ത് റോക്ക്ഡെയ്ലിലെ ഒരു കെട്ടിടത്തിന്‍റെ വലിയൊരു ഭാഗം ഇടിഞ്ഞ് താഴ്ന്നിരുന്നു. ഇതേ തുടര്‍ന്ന് ഏതാണ്ട് 20 ഓളം പേരെ പ്രദേശത്ത് നിന്നും ഒഴിപ്പിച്ചു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe