മുംബൈ: രാജ്യത്ത് യു.പി.ഐ ഇടപാട് കുതിച്ചുയരുന്നതായി റിപ്പോർട്ട്. പലചരക്ക്, സൂപ്പർമാർക്കറ്റ്, റസ്റ്ററന്റ്, ഫാർമസി തുടങ്ങിയ വിഭാഗങ്ങളിലാണ് ഇടപാട് വർധിച്ചത്. 2024നെ അപേക്ഷിച്ച് ഈ വർഷം ആഗസ്റ്റിലെ മൊത്തം യു.പി.ഐ ഇടപാടിൽ 36 ശതമാനത്തിന്റെ വർധനവാണ് രേഖപ്പെടുത്തിയത്. അതായത് 1,270 ഇടപാടുകൾ അധികം. ഇടപാട് തുകയിൽ 26 ശതമാനത്തിന്റെയും വളർച്ചയുണ്ടായി. 7.24 ലക്ഷം കോടി രൂപയുടെ വർധനവ്. തുകയേക്കാൾ ഇടപാടുകളുടെ എണ്ണമാണ് കൂടിയത്. ചെറിയ ഇടപാടുകൾക്ക് യു.പി.ഐ കൂടുതലായി ഉപയോഗിക്കുന്നുവെന്നാണ് ഈ കണക്കുകൾ നൽകുന്ന സൂചന.
എറ്റവും കൂടുതൽ യു.പി.ഐ പേയ്മെമന്റുകൾ നടത്തിയത് പലചരക്ക് വാങ്ങാനും സൂപ്പർമാർക്കറ്റുകളിലുമാണ്. കഴിഞ്ഞ വർഷം മൊത്തം യു.പി.ഐ ഇടപാടിൽ 22.4 ശതമാനം പലചരക്ക്, സൂപ്പർ മാർക്കറ്റ് വിഭാഗമായിരുന്നു. ഇത് 24.6 ശതമാനത്തിലേക്കാണ് ഉയർന്നത്. ബ്ലിങ്കിറ്റ്, ഇൻസ്റ്റമാർട്ട് തുടങ്ങിയ അതിവേഗ പലചരക്ക് ഡെലിവറി കമ്പനികളുടെ പ്രവർത്തനം വ്യാപകമായതാണ് ഇടപാടിന് കൂടുതൽ പേരും യു.പി.ഐ ഉപയോഗിക്കാൻ കാരണം. യു.പി.ഐ ആണ് ഈ കമ്പനികളുടെ പ്രധാന പേയ്മെന്റ് മോഡ്. ഈ വിഭാഗത്തിൽ ഇടപാട് തുകയിലും വർധനവുണ്ടായി. 8.3 ശതമാനത്തിൽനിന്ന് 9.4 ശതമാനമാണ് കൂടിയത്.
റസ്റ്ററന്റുകളിലെ യു.പി.ഐ ഇടപാടിലും കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് 35 ശതമാനത്തിന്റെ ശക്തമായ വളർച്ച നേടി. 2.5 ശതമാനം മാത്രമാണ് ഫാർമസി മേഖലയിലെ യു.പി.ഐ ഇടപാടെങ്കിലും ഓൺലൈൻ മെഡിസിൻ ഡെലിവറി ആപ്പുകൾ ജനകീയമായതോടെ 38 ശതമാനത്തിന്റെ വളർച്ച രേഖപ്പെടുത്തി.
അതേസമയം, വായ്പ തിരിച്ചടവിനും ഓഹരി ബ്രോക്കിങ് കമ്പനികൾക്കുള്ള പേയ്മെന്റിനും യു.പി.ഐ ഉപയോഗിക്കുന്നവർ കുറഞ്ഞു. കഴിഞ്ഞ വർഷം ആഗസ്റ്റിൽ ഓഹരി ബ്രോക്കിങ് കമ്പനികൾക്കുള്ള ഇടപടിൽ 58,000 കോടിയിൽനിന്ന് 46,000 കോടിയിലേക്കാണ് കുറഞ്ഞത്. യു.പി.ഐ ഉപയോഗിച്ച് പ്രഥമ ഓഹരി വിൽപനയിൽ (ഐ.പി.ഒ) അപേക്ഷിക്കുന്നതിനും ഡെറിവേറ്റിവ് വ്യാപാരം നടത്തുന്നതിനും നിയന്ത്രണങ്ങൾ കൊണ്ടുവന്നതാണ് ഇടപാട് കുറയാൻ കാരണം.
അതുപോലെ, മൊബൈൽ ഫോൺ റീചാർജ് വളർച്ച മന്ദഗതിയിലായതിനാൽ ടെലികോം വിഭാഗം യു.പി.ഐ ഇടപാട് 8.5 ശതമാനത്തിൽനിന്ന് 6.8 ശതമാനത്തിലേക്ക് ഇടിഞ്ഞു.