രക്തസമ്മർദം കൂടി; മഅ്ദനിയുടെ കൊല്ലത്തേക്കുള്ള യാത്ര അനിശ്ചിതത്വത്തിൽ

news image
Jun 27, 2023, 1:17 pm GMT+0000 payyolionline.in

കൊച്ചി: ബംഗളൂരുവിൽനിന്നെത്തിയ പി.ഡി.പി ചെയർമാൻ അബ്​ദുന്നാസിർ മഅ്​ദനിയു​ടെ കൊല്ലത്തേക്കുള്ള യാത്ര അനിശ്ചിതത്വത്തിൽ. രക്തസമ്മർദം അനിയന്ത്രിതമായി കൂടിയതാണ് യാത്ര പ്രതിസന്ധിയിലാക്കിയത്. നിലവിലെ സാഹചര്യത്തിൽ കൂടുതൽ യാത്ര ചെയ്യുന്നത് നല്ലതല്ല എന്നാണ് ഡോക്ടർമാർ നൽകിയ നിർദേശം.

ഈ സാഹചര്യത്തിൽ മഅ്ദനിയുടെ പിതാവിനെ കൊച്ചിയിലെത്തിക്കാൻ ആലോചിക്കുന്നതായി പി.ഡി.പി ജനറൽ സെക്രട്ടറി നിസാർ മേത്തർ പറഞ്ഞു. ഡോക്ടർമാരുടെ വിദഗ്ധ സംഘം പരിശോധിച്ച ശേഷം അന്തിമ തീരുമാനമെടുക്കുമെന്നും അദ്ദേഹം പറഞ്ഞു.

തിങ്കളാഴ്ച വൈകീട്ട്​ ഏഴേകാലോടെ നെടുമ്പാശ്ശേരിയിൽ വിമാനമിറങ്ങു​മ്പോൾതന്നെ മഅ്​ദനി ക്ഷീണിതനായിരുന്നു. തുടർന്ന്​, വിമാനത്താവളത്തിന്​ സമീപത്തെ ഹോട്ടലിൽ അൽപ്പസമയം വിശ്രമിച്ച്​ മാധ്യമപ്രവർത്തകരെയും കണ്ട ശേഷമാണ്​ ആംബുലൻസിൽ അൻവാർശ്ശേരിയിലേക്ക്​ യാത്ര തിരിച്ചത്​. തന്‍റെ ആരോഗ്യ സ്ഥിതി അതീവ ഗുരുതരമാണെന്നും ക്രിയാറ്റിൻ അളവ്​ ഒമ്പതിലെത്തിയതിനാൽ ഡയാലിസിസ്​ വേണ്ടിവരുന്ന അവസ്ഥയിലാണെന്നും മാധ്യമപ്രവർത്തകരോട്​ സംസാരിക്കവേ അദ്ദേഹം പറഞ്ഞിരുന്നു. തുടർന്നുള്ള യാത്രയിൽ ആലുവക്കടുത്ത്​വെച്ച്​ ഛർദി അനുഭവപ്പെട്ടു. ആംബുലൻസിലുള്ള ഡോക്ടറുടെ പ്രാഥമിക പരിശോധനക്ക്​ ശേഷം അദ്ദേഹത്തിന്‍റെ നിർദേശപ്രകാരമാണ്​ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്​.

ആറു വർഷത്തെ ഇടവേളക്ക് ശേഷമാണ് മഅ്ദനി ഇന്നലെ കേരളത്തിലെത്തിയത്. ഇന്നലെ വൈകീട്ട് 6.20നുള്ള ഇൻഡിഗോവിമാനത്തിൽ ബംഗളൂരുവിൽനിന്ന് പുറപ്പെട്ട മഅ്ദനിയും സംഘവും 7.30ഓടെ നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ എത്തി. കേരള പൊലീസും, ഡോക്ടര്‍മാരുടെ സംഘവും ഒപ്പമുണ്ട്. 2017ൽ മൂത്ത മകൻ ഉമർ മുഖ്ത്താറിന്‍റെ വിവാഹത്തിനാണ് മഅ്ദനി അവസാനമായി നാട്ടിലെത്തിയത്.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe