രജനികാന്തിന്‍റെ വില്ലയിലും വെള്ളംകയറി; ചെന്നൈയിൽ കനത്ത മഴ തുടരുന്നു, സ്കൂളുകൾക്ക് അവധി

news image
Oct 16, 2024, 5:37 am GMT+0000 payyolionline.in

ചെന്നൈ: തമിഴ്നാട്ടിലെ വടക്കൻ ജില്ലകളിൽ കനത്ത മഴ തുടരുന്നു. ചെന്നൈ, തിരുവള്ളൂർ, കാഞ്ചീപുരം, ചെങ്കൽപേട്ട് ജില്ലകളിൽ രണ്ടു ദിവസമായി വ്യാപക മഴക്കെടുതിയാണ് റിപ്പോർട്ടു ചെയ്യുന്നത്. ഈ ജില്ലകളിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ചിട്ടുണ്ട്. റോഡുകളിലും റെയിൽവേ ട്രാക്കിലും വെള്ളം കയറിയതോടെ ചെന്നൈയിലെ ഗതാഗതം താറുമാറായി. അനാവശ്യമായി ആളുകൾ വീടുവിട്ട് പുറത്തിറങ്ങരുതെന്ന് സർക്കാർ നിർദേശിച്ചിട്ടുണ്ട്. കനത്ത മഴയിൽ സൂപ്പർ സ്റ്റാർ രജനികാന്തിന്‍റെ പോയസ് ഗാർഡനിലെ ആഡംബര വില്ലയിലും വെള്ളംകയറി.

രജനികാന്തിന്‍റെ വസതിക്ക് സമീപം വെള്ളക്കെട്ട് രൂപപ്പെട്ടതിന്‍റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലാണ്. വെള്ളം തുറന്നുവിടാനുള്ള ശ്രമം പുരോഗമിക്കുകയാണ്. രജനികാന്ത് ഇക്കാര്യത്തിൽ പ്രതികരണമൊന്നും നടത്തിയിട്ടില്ല. 2023ൽ മിഷോങ് ചുഴലിക്കാറ്റിനു പിന്നാലെയുണ്ടായ കനത്ത മഴയിലും അദ്ദേഹത്തിന്‍റെ വസതിയിൽ വെള്ളംകയറിയിരുന്നു. അഴുക്കുചാലുകൾ നിറഞ്ഞൊഴുകുന്നത് മേഖലയിൽ വലിയ ആശങ്കയായിട്ടുണ്ട്.

ദക്ഷിണ റെയിൽവേ ചെന്നൈ ഉദ്യോഗസ്ഥരുമായിസെൻട്രൽ – മൈസൂർ കാവേരി എക്സ്പ്രസ് ഉൾപ്പെടെ നാല് എക്സ്പ്രസ് ട്രെയിനുകൾ റദ്ദാക്കി. ചെന്നൈയിലേക്കുള്ള നിരവധി ട്രെയിനുകൾ വഴിതിരിച്ചുവിട്ടു. ചെന്നൈയിൽനിന്നുള്ള ആഭ്യന്തര വിമാന സർവീസുകളും റദ്ദാക്കി. രണ്ട് ദിവസത്തേക്കു കൂടി കനത്ത മഴ തുടരുമെന്ന് കാലാനസ്ഥ വകുപ്പിന്‍റെ മുന്നറിയിപ്പുണ്ട്. വടക്കൻ ജില്ലകളിൽ അവശ്യ സേവനങ്ങൾ ഒഴികെയുള്ള സർക്കാർ സ്ഥാപനങ്ങൾക്ക് അവധി നൽകി. വിവിധയിടങ്ങളിലായി ദുരന്തനിവാരണ സേനയെ വിന്യസിക്കുകയും കൺട്രോൾ റൂമുകൾ തുറക്കുകയും ചെയ്തിട്ടുണ്ട്.

മുഖ്യമന്ത്രി എം.കെ സ്റ്റാലിൻ മുതിർന്ന  അവലോകന യോഗം ചേർന്ന് ആവശ്യമായ നിർദേശങ്ങൾ നൽകി. തമിഴ്നാട് ചീഫ് സെക്രട്ടറി എൻ. മുരുകാനന്ദം ബന്ധപ്പെട്ട ഉദ്യോഗസ്ഥരുമായി ചർച്ച നടത്തി ആവശ്യമായ ക്രമീകരണങ്ങൾ ചെയ്യാൻ നിർദേശിച്ചു. മത്സ്യത്തൊഴിലാളികൾ കടലിൽ പോകരുതെന്ന് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ഒക്‌ടോബർ 18 വരെ ഈ ജില്ലകളിലെ ഐ.ടി കമ്പനികളിലെ ജീവനക്കാർക്ക് വർക് ഫ്രം ഹോം അനുവദിക്കാനും മുഖ്യമന്ത്രി നിർദേശം നൽകിയതായി ഔദ്യോഗിക അറിയിപ്പിൽ പറയുന്നു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe