രണ്ടാഴ്‌ചയ്ക്കിടെ നാലാമത്തെ വർധനവ്; സിഎൻജിക്ക് കിലോയ്ക്ക് 2 രൂപ കൂട്ടി, ഓട്ടോ-ടാക്‌സി തൊഴിലാളികൾ പ്രതിസന്ധിയിൽ

news image
May 26, 2026, 5:38 am GMT+0000 payyolionline.in

ദില്ലി: രാജ്യതലസ്ഥാനത്ത് സിഎൻജി വിലയിൽ വീണ്ടും വൻ വർദ്ധനവ്. കിലോഗ്രാമിന് 2 രൂപയാണ് ഇന്ന് വർദ്ധിപ്പിച്ചത്. കഴിഞ്ഞ രണ്ടാഴ്ചയ്ക്കുള്ളിൽ സിഎൻജി വിലയിൽ വരുത്തുന്ന നാലാമത്തെ വർധനവാണിത്. പുതിയ വിലവർദ്ധനവോടെ ദില്ലിയിൽ ഒരു കിലോ സിഎൻജിയുടെ വില 83.09 രൂപയായി ഉയർന്നു. നോയിഡ, ഗ്രേറ്റർ നോയിഡ, ഗാസിയാബാദ് എന്നിവിടങ്ങളിൽ വില കിലോയ്ക്ക് 91.70 രൂപയായും വർദ്ധിച്ചിട്ടുണ്ട്. അന്താരാഷ്ട്ര വിപണിയിൽ പ്രകൃതിവാതകത്തിനുണ്ടായ വിലക്കയറ്റവും ഇറക്കുമതി ചെലവ് ഉയർന്നതുമാണ് വില കൂട്ടാൻ കാരണമെന്ന് എണ്ണക്കമ്പനികൾ വ്യക്തമാക്കുന്നു.

​കഴിഞ്ഞ കുറച്ചു ദിവസങ്ങളായി തുടർച്ചയായ വർദ്ധനവാണ് സിഎൻജി വിലയിൽ രേഖപ്പെടുത്തുന്നത്. മെയ് 15-ന് 2 രൂപയും, മെയ് 17-ന് ഒരു രൂപയും, മെയ് 23-ന് വീണ്ടും ഒരു രൂപയും വർദ്ധിപ്പിച്ചതിന് പിന്നാലെയാണ് ഇപ്പോൾ വീണ്ടും 2 രൂപയുടെ അധിക വർദ്ധനവ് ജനങ്ങൾക്ക് മേൽ അടിച്ചേൽപ്പിച്ചിരിക്കുന്നത്. തുടർച്ചയായുണ്ടാകുന്ന ഈ വിലക്കയറ്റം സാധാരണക്കാരെയും ഓട്ടോ-ടാക്സി ഡ്രൈവർമാരെയും കടുത്ത പ്രതിസന്ധിയിലാക്കിയിരിക്കുകയാണ്.

​രാജ്യത്തുടനീളം പെട്രോൾ, ഡീസൽ വിലകൾ വർദ്ധിച്ചുകൊണ്ടിരിക്കുന്ന സാഹചര്യത്തിലാണ് സിഎൻജി ഉപഭോക്താക്കൾക്കും ഈ കനത്ത തിരിച്ചടി നേരിടേണ്ടി വരുന്നത്. ഇന്ധനവില വർദ്ധനവിനെതിരെ ഡൽഹിയിൽ വിവിധ ട്രാൻസ്പോർട്ട് യൂണിയനുകളുടെ നേതൃത്വത്തിൽ ശക്തമായ പ്രതിഷേധങ്ങൾ ആരംഭിച്ചിട്ടുണ്ട്. സിഎൻജി വില കുത്തനെ ഉയരുന്ന സാഹചര്യത്തിൽ നിലവിലെ ഓട്ടോ-ടാക്സി യാത്രാനിരക്കുകൾ അടിയന്തരമായി പരിഷ്കരിക്കണമെന്ന ആവശ്യവും തൊഴിലാളികളുടെ ഭാഗത്തുനിന്ന് ശക്തമായി ഉയരുന്നുണ്ട്.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe