തിരുവനന്തപുരം : കേരള ഗവർണർക്ക് മാറ്റം. നിലവിൽ ബിഹാർ ഗവർണറായ ആർഎസ്എസ് പശ്ചാത്തലമുളള ബിജെപി നേതാവ് രാജേന്ദ്ര വിശ്വനാഥ് അർലേകർ കേരള ഗവർണറാകും. അഞ്ച് വർഷ കാലാവധി പൂർത്തിയാക്കിയ ആരിഫ് മുഹമ്മദ് ഖാൻ ഇനി ബിഹാർ ഗവർണർ ആകും.
നേരത്തെ ഗോവ മന്ത്രി സഭയിലടക്കം അംഗമായിരുന്നു രാജേന്ദ്ര വിശ്വനാഥ് അർലേകർ. ബിഹാറിൽ നിന്നാണ് അർലേകർ കേരളത്തിലേക്ക് എത്തുന്നത്. പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി വളരെ അടുത്ത ബന്ധം പുലർത്തുന്ന വ്യക്തിയാണ്. ക്രിസ്ത്യൻ പശ്ചാത്തലമുളള ഗോവയിൽ നിന്നും കേരളത്തിലേക്കുളള രാജേന്ദ്ര വിശ്വനാഥ് വരവിലൂടെ ബിജെപി ലക്ഷ്യമിടുന്നത് ക്രിസ്ത്യൻ വിഭാഗത്തെയാകാമെന്നാണ് വിലയിരുത്തൽ.
അടുത്ത വർഷം തിരഞ്ഞെടുപ്പിനെ നേരിടുന്ന ബിഹാറിലേക്കാണ് ആരിഫ് മുഹമ്മദ് ഖാന്റെ മാറ്റം. കഴിഞ്ഞ സെപ്റ്റംബർ 5 ന് ആരിഫ് മുഹമ്മദ് ഖാൻ കേരളാ ഗവർണർ പദവിയിൽ അഞ്ച് വർഷം പൂർത്തിയാക്കിയിരുന്നു. സംസ്ഥാന സർക്കാരും ഗവർണ്ണർ ആരിഫ് ഖാനും തമ്മിലെ ഭിന്നത തുടരുന്നതിനിടെയാണ് മാറ്റം. ആഭ്യന്തര കലാപം രൂക്ഷമായ മണിപ്പൂരിന് പുതിയ ഗവർണറെ നിയമിച്ചു. ആഭ്യന്തര സെക്രട്ടറി അജയ് കുമാർ ഭല്ലയ്ക്കാണ് മണിപ്പൂർ ഗവർണറായി നിയമനം. ഈ വർഷം ഓഗസ്റ്റ് വരെ കാലാവധിയുണ്ടെന്നിരിക്കെയാണ് നിയമനം.