ആരോഗ്യരംഗത്ത് ഏറ്റവും മുന്നിലുള്ള കേരളത്തിൽ ഓരോ കുടുംബവും ആരോഗ്യസേവനങ്ങൾക്കായി ചെലവഴിക്കുന്ന തുക ദേശീയ ശരാശരിയേക്കാൾ കൂടുതലെന്ന് കേന്ദ്രസർക്കാറിന്റെ കണക്കുകൾ. നാഷണൽ ഹെൽത്ത് അക്കൗണ്ട്സിന്റെ കണക്കുകളിലാണ് ഇക്കാര്യം വ്യക്തമായത്. 2022 സാമ്പത്തിക വർഷത്തിൽ രാജ്യത്തെ കുടുംബങ്ങൾ ആരോഗ്യസേവനങ്ങൾക്കായി 3,56,254 കോടി രൂപയാണ് ചെലവഴിച്ചത്. ഏകദേശം 2600 രൂപയാണ് ഓരോ കുടുംബവും ചെലവിട്ടത്.
അതേസമയം, റിപ്പോർട്ട് പ്രകാരം കേരളത്തിലെ ആകെ ആരോഗ്യച്ചെലവ് 9,04,461 കോടിയാണ് ജി.ഡി.പിയുടെ 3.83 ശതമാനം വരുമിത്. പ്രതിശീർഷ ചെലവ് 6,602 കോടിയുമാണ്.
രാജ്യത്തെ ഒമ്പത് സംസ്ഥാനങ്ങളിലെ കുടുംബങ്ങൾക്കാണ് ദേശീയ ശരാശരിയേക്കാളും കൂടുതൽ തുക ആരോഗ്യ സേവനങ്ങൾക്കായി ചെലവഴിക്കേണ്ടി വരുന്നത്. യു.പിയാണ് പട്ടികയിൽ ഒന്നാമത്. ദേശീയ ശരാശരിയേക്കാളും 63.7 ശതമാനം തുകയാണ് ഉത്തർപ്രദേശിലെ കുടുംബങ്ങൾക്ക് ചെലവഴിക്കേണ്ടി വരുന്നത്. 69,932 കോടിയാണ് യു.പിയിലെ കുടുംബങ്ങൾക്ക് ആരോഗ്യസേവനങ്ങൾക്കായി മുടക്കേണ്ടി വരുന്നത്.
രണ്ടാം സ്ഥാനത്താണ് കേരളം. കേരളം 59.1 ശതമാനം തുകയാണ് അധികമായി ചെലവഴിക്കുന്നത്. 58.3 ശതമാനം തുക ചെലവഴിക്കുന്ന പശ്ചിമബംഗാളാണ് മൂന്നാമത്. 57.2 ശതമാനം ചെലവഴിക്കുന്ന പഞ്ചാബ്, 52 ശതമാനം മുടക്കുന്ന ആന്ധ്രപ്രദേശ്, 47.5 ശതമാനമുള്ള ഝാർഖണ്ഡ്, 43.3 ശതമാനം മുടക്കുന്ന മധ്യപ്രദേശ്, 41.3 ശതമാനം മുടക്കുന്ന ബിഹാർ, 39.6 ശതമാനം മുടക്കുന്ന ഹിമാചൽപ്രദേശ് എന്നിവയാണ് പട്ടികയിലുള്ള മറ്റ് സംസ്ഥാനങ്ങൾ.