രാജ്യവ്യാപക പണിമുടക്കിന് ആഹ്വാനം ചെയ്ത് ഡെലിവറി ജീവനക്കാർ

news image
Dec 25, 2025, 9:46 am GMT+0000 payyolionline.in

സ്വിഗ്ഗി, സൊമാറ്റോ, സെപ്റ്റോ, ബ്ലിങ്കിറ്റ്, ആമസോൺ, ഫ്ലിപ്കാർട്ട് തുടങ്ങിയ പ്രമുഖ ഫുഡ് ഡെലിവറി, ഇ-കൊമേഴ്‌സ് പ്ലാറ്റ്‌ഫോമുകളിലെ ഡെലിവറി ജീവനക്കാർ ഡിസംബർ 25നും ഡിസംബർ 31നും രാജ്യവ്യാപക പണിമുടക്കിന് ആഹ്വാനം ചെയ്തു. ജോലി സാഹചര്യങ്ങൾ ദിനംപ്രതി മോശമാകുകയാണെന്നാരോപിച്ചാണ് തെലങ്കാന ഗിഗ് ആൻഡ് പ്ലാറ്റ്‌ഫോം വർക്കേഴ്സ് യൂണിയനും, ഇന്ത്യൻ ഫെഡറേഷൻ ഓഫ് ആപ്പ്-ബേസ്‌ഡ് ട്രാൻസ്‌പോർട്ട് വർക്കേഴ്സും ചേർന്ന് ആണ് സമരം പ്രഖ്യാപിച്ചത്.

യൂണിയനുകളുടെ പ്രസ്താവന പ്രകാരം, ഡെലിവറി തൊഴിലാളികൾ വരുമാന കുറവ്, അനിശ്ചിതമായ ജോലി സമയം, സുരക്ഷിതമല്ലാത്ത ഡെലിവറി ലക്ഷ്യങ്ങൾ, സാമൂഹ്യസുരക്ഷയുടെ അഭാവം എന്നീ പ്രശ്നങ്ങൾ നേരിടുകയാണ്. പത്ത് മിനിറ്റ് ഡെലിവറി പോലുള്ള അതിവേഗ മോഡലുകൾ പിൻവലിക്കുക , യഥാർത്ഥ ചെലവും സമയവും പ്രതിഫലിപ്പിക്കുന്ന ശമ്പളഘടന നടപ്പാക്കുക , തുടങ്ങിയവയാണ് പ്രധാന ആവശ്യങ്ങൾ.അപകട ഇൻഷുറൻസ്, സുരക്ഷാ ഉപകരണങ്ങൾ, നിർബന്ധിത വിശ്രമ ഇടവേളകൾ, സ്ഥിരമായ ജോലി അനുവദിക്കൽ, ആരോഗ്യ ഇൻഷുറൻസ്, പെൻഷൻ ഉൾപ്പെടെയുള്ള ക്ഷേമ പദ്ധതികൾ എന്നിവയും യൂണിയനുകൾ ആവശ്യപ്പെട്ടു.

പ്ലാറ്റ്‌ഫോം കമ്പനികളെ നിയന്ത്രിക്കുന്ന നിയമങ്ങൾ സർക്കാർ ഉടൻ ശക്തമാക്കണമെന്നും യൂണിയനുകൾ ആവശ്യപ്പെട്ടു. നവംബർ 21ന് പ്രാബല്യത്തിൽ വന്ന സോഷ്യൽ സെക്യൂരിറ്റി കോഡിന്റെ പശ്ചാത്തലത്തിൽ പ്ലാറ്റ്‌ഫോമുകൾ വാർഷിക വരുമാനത്തിന്റെ 2 ശതമാനം വരെ സാമൂഹ്യ സുരക്ഷാ ഫണ്ടിലേക്ക് സംഭാവന നൽകണം. ഇത് ആരോഗ്യകവർ, അപകട ഇൻഷുറൻസ് തുടങ്ങിയ ക്ഷേമ പദ്ധതികൾക്കായാണെങ്കിലും, ഇത് മതിയാകില്ലെന്ന് യൂണിയനുകൾ വ്യക്തമാക്കി.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe