സംസ്ഥാനത്ത് സ്വർണവിലയിൽ ഇടിവ്. രാവിലെ പവന് 3960 രൂപ വർദ്ധിച്ച് ഇന്ന് 117120 രൂപയായ സ്വർണം ഇപ്പോൾ ഗ്രാമിന് 235 രൂപ കുറഞ്ഞ് 14,405 ആയി. പവന് വിലയിൽ 1880 രൂപ കുറഞ്ഞ് 1,15,240 രൂപയായി. 18 കാരറ്റ് സ്വർണത്തിന്റെ വില ഗ്രാമിന് 195 രൂപ കുറഞ്ഞ് 11,835 രൂപയായി. കഴിഞ്ഞ കുറേ നാളുകളായി സ്വർണവിലയിൽ വലിയ ചാഞ്ചാട്ടങ്ങൾ ആണ് കാണുന്നത്. ദിവസം മൂന്ന് തവണയൊക്കെയാണ് വില മാറിമറിയുന്നത്.
ആഗോള വിപണിയിൽ സ്പോട്ട് ഗോൾഡ് നേട്ടത്തോടെയാണ് വ്യാപാരം നടത്തുന്നത്. അര ശതമാനം നേട്ടത്തോടെ ഔൺസിന് 4,912.2 ഡോളറിലാണ് സ്പോട്ട് ഗോൾഡ് വ്യാപാരം. യു.എസ് ഗോൾഡ് ഫ്യൂച്ചറും 0.9 ശതമാനം നേട്ടത്തോടെയാണ് വ്യാപാരം നടത്തുന്നത്. അതൊക്കെ തന്നെയാണ് ഈ മാറ്റങ്ങൾക്ക് കാരണം.
വിവാഹ സീസണായതിനാൽ സ്വർണം വാങ്ങുന്നവരുടെ എണ്ണം പൊതുവെ കൂടുന്ന സമയമാണിത്. ഇവരെയാണ് ഈ വിലയിലെ അടിയ്ക്കടിയുണ്ടാകുന്ന മാറ്റങ്ങൾ ബാധിക്കുന്നത്. സ്വർണത്തെ ആഭരണങ്ങളായും നാണയങ്ങളായും കൈവശം വെയ്ക്കാൻ ആളുകൾക്ക് വളരെ താത്പര്യമാണ്. അതിനെ ഒരു നിക്ഷേപമായി കാണുന്നത് കൊണ്ടാണ് അത്.
