രാവിലെ 9 ന് തുടങ്ങും, 75 അടി നീളമുള്ള കൊട്ടാരമാതൃകയും കാണാം; ഊട്ടി പുഷ്പമേള 21 വരെ

news image
May 16, 2025, 1:22 pm GMT+0000 payyolionline.in

ഊട്ടി : കണ്ണിന് കുളിർമയും മനസ്സിന് സന്തോഷവും വേണോ? എങ്കിൽ മറ്റൊന്നും നോക്കണ്ട, ഊട്ടിയിലേക്ക് പോന്നോളൂ. 127ാം പുഷ്പമേളയ്ക്ക് ഊട്ടിയിൽ തുടക്കമായി. ഊട്ടി ഗവൺമെന്റ് ബൊട്ടാണിക്കൽ ഗാർഡനിൽ നടക്കുന്ന പുഷ്പമേള മുഖ്യമന്ത്രി എംകെ സ്റ്റാലിൻ ഉദ്ഘാടനം ചെയ്തു. ഊട്ടിയുടെ സാംസ്കാരിക പൈതൃകം വിളിച്ചു പറയുന്ന ഊട്ടി സമ്മർ ഫെസ്റ്റിവലിന്റെ ഭാഗമാണ് ഇത്.പൂക്കൾകൊണ്ട് ഒരുക്കിയ വിവിധ രൂപങ്ങൾ, വിനോദസഞ്ചാരികൾക്ക് കാഴ്ചയുടെ ഒരു പറുദീസ തീർക്കുന്നുണ്ട്. രാജകീയതയെ അടിസ്ഥാനമാക്കിയുള്ള ഈ പ്രദർശനത്തിൽ, റോസാപ്പൂക്കൾ, കാർണേഷനുകൾ, ക്രിസന്തമങ്ങൾ എന്നിവകൊണ്ട് നിർമ്മിച്ച വിപുലമായ രൂപങ്ങൾ കാണാം. രണ്ട് ലക്ഷം റോസാപ്പൂക്കളും കാർണേഷനുകളും കൊണ്ട് 25 അടി ഉയരത്തിലും 75 അടി നീളത്തിൽ നിർമ്മിച്ച രാജരാജചോഴന്റെ കൊട്ടാരമാതൃക പുഷ്പമേളയുടെ പ്രധാന ആകർഷണമാണ്.

ദിവ്യ ഹംസം, ആന, സിംഹാസനം, തത്ത, കരടി, ത്രോൺ, കല്ലണൈ എന്നിവയുടെ പുഷ്പ രൂപങ്ങളും ഇവിടെ ഒരുക്കിയിട്ടുണ്ട്. 40,000- ലധികം പൂക്കൾ വിവിധ തരം പൂച്ചെടികൾ, ചെടിച്ചട്ടികൾ എന്നിവ പ്രദർശനത്തിനൊരുക്കുന്നുണ്ട്. കൂടാതെ ഇവിടെ സാംസ്‌ക്കാരിക കല പരിപാടികളും അരങ്ങേറുന്നുണ്ട്. തോഡ, ബഡഗ, കോട്ട വിഭാഗങ്ങളുടെയും തദേശിയ നാടോടി കലാപരിപാടികളും ഇവിടെ വരുന്ന കണികൾക്കയി ഒരുക്കുന്നുണ്ട്.

ഊട്ടി പുഷ്പമേളയുടെ, സമയം തീയതി ടിക്കറ്റ് നിരക്കുകൾ

2025 മേയ് 16 മുതൽ 21 വരെ ഊട്ടി ഗവ ബോട്ടാനിക്കൽ ഗാർഡനിലാണ് പുഷ്പമേള നടക്കുന്നത്. സന്ദർശന സമയം രാവിലെ 9 മുതൽ വൈകിട്ട് 7 വരെയാണ്. മുതിർന്നവർക്ക് 100 രൂപയും, അഞ്ച് മുതൽ 10 വയസ് വരെയുള്ള കുട്ടികൾക്ക് 50 രൂപയുമാണ്.സഞ്ചാരികൾക്ക് ഇവിടെ വന്നാൽ ഫോട്ടോസും വീഡിയോയും എടുക്കാം. കാമറ അകത്ത് കയറ്റുന്നതിനു പ്രത്യേകം പൈസ കൊടുക്കണം. സ്റ്റിൽ കാമറക്ക് 50 രൂപയും വീഡിയോ കാമറക്ക് 100 രൂപയും പ്രൊഫഷണൽ ഫോട്ടോഷൂട്ടുകൾക്ക് 5,000 രൂപയുമാണ്. ടിക്കറ്റുകൾ ഓൺലൈനായോ വേദിയിലെ കൗണ്ടറിലൂടെയോ നിങ്ങൾക്ക് എടുക്കാവുന്നതാണ്.

സഞ്ചാരികൾക്ക് എങ്ങനെ ഊട്ടിയിലേക്ക് എത്താം

നിങ്ങൾക്ക് വിമാനമാർഗം, ട്രെയിൻ, റോഡ് മാർഗ വഴിയും ഊട്ടിയിലേക്ക് പോകാം. വിമാനമാർഗം വഴിയാണെങ്കിൽ; കോയമ്പത്തൂർ അന്താരാഷ്ട്ര വിമാനത്താവളത്തിൽ ഇറങ്ങണം അവിടെ നിന്ന് ഏകദേശം 86 കിലോമീറ്റർ അകലം ഉണ്ട് ഊട്ടിയിലേക്ക്. അതുകൊണ്ട് വിമാനത്താവളത്തിൽ ഇറങ്ങി ഒരു ടാക്സി ഉപയോഗിച്ചോ, ബസ് മാർഗമോ ഊട്ടിയിലേക്ക് എത്താം.ഇനി ട്രെയിൻ വഴിയാണ് നിങ്ങൾ പോകുന്നതെങ്കിൽ, നിങ്ങൾക്ക് ഊട്ടിയിലെ ഉതകമണ്ഡലം റെയിൽവേ സ്റ്റേഷനിൽ ഇറങ്ങിയിട്ട് നിങ്ങൾക്ക് പുഷ്പമേള കാണാൻ പോകാം. അതുപോലെ റോഡ് മാർഗവും നിങ്ങൾക്ക് പോകാം. ഒന്നെങ്കിൽ നിങ്ങളുടെ സ്വന്തം വാഹനമോ, ബസോ ടാക്സിയോ ഉപയോഗിച്ച് ഇവിടേക്ക് പോകാം.

പുഷ്പമേള കാണാൻ പോകുന്നവർ സമയം എടുത്ത് ഇത് മുഴുവനും നടന്ന് കാണണം. കൂടാതെ ഊട്ടിയിൽ തണുപ്പ് ആയതുകൊണ്ടുതന്നെ, കാലാവസ്ഥക്ക് അനുസരിച്ചുള്ള വസ്ത്രങ്ങൾ ധരിച്ച് പോകുന്നതായിരിക്കും നല്ലത്.

പുഷ്പമേള കാണാൻ പോകുന്നവർക്ക് ഊട്ടിക്ക് ബോട്ടാനിക്കൽ ഗാർഡനിനു സമീപത്തുള്ള ഊട്ടി തടാകം, റോസ് ഗാർഡൻ, ഡോഡബെറ്റാ മല, നീലഗിരി മലനിര റെയിൽവേ, പൈക്കാറാ തടാകം, ത്രെഡ് ഗാർഡൻ, ടീ ഫാക്ടറി & മ്യൂസിയം, സിംസ് പാർക്ക്, ആവലാഞ്ച് എക്കോ ടൂറിസം എന്നീ പ്രധാന ടൂറിസ്റ്റ് കേന്ദ്രങ്ങളും സന്ദർശിക്കാം

 

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe