രാഹുലിനെ എംഎൽഎ സ്ഥാനത്ത് നിന്ന് അയോ​ഗ്യനാക്കുന്നതിനുള്ള നടപടി സങ്കീർണം; നിയമോപദേശം നിർണായകം

news image
Jan 12, 2026, 4:03 am GMT+0000 payyolionline.in

പാലക്കാട്: മൂന്നാം ബലാത്സം​ഗ കേസിൽ അറസ്റ്റിലായി റിമാൻഡിലായ പാലക്കാട് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിലിന്റെ അയോ​ഗ്യത നടപടികൾ നീളുമെന്ന് വിവരം. രാഹുലിനെ എംഎൽഎ സ്ഥാനത്ത് നിന്ന് അയോ​ഗ്യനാക്കുന്നതിനുള്ള നടപടികൾ സങ്കീർണമാണ്. വിഷയത്തിൽ ലഭിക്കുന്ന നിയമോപദേശം നിർണായകമാകും. നിയമസഭ സെക്രട്ടറിയേറ്റ് നടപടി തുടങ്ങിയാൽ തീരുമാനമെടുക്കുമെന്ന് കോൺ​ഗ്രസ് വ്യക്തമാക്കി. അതേ സമയം രാഹുലിന് പാർട്ടിയുമായി ബന്ധമില്ലെന്ന നിലപാടിലാണ് കോൺ​ഗ്രസ്.

രാഹുലിന് എംഎൽഎ സ്ഥാനം നഷ്ടമാകുമോ എന്നതിലെ നിയമവശങ്ങളിങ്ങനെയാണ്.

1. നിയമസഭാംഗത്തെ അറസ്റ്റ് ചെയ്താൽ അക്കാര്യം സ്പീക്കറെ പൊലീസ് അറിയിക്കും.

2. തുടർച്ചയായി കേസുകളിൽ പ്രതിയാക്കപ്പെട്ട അംഗത്തിനെതിരെ അച്ചടക്കനടപടി ആവശ്യമാണോ എന്നു പരിശോധിക്കാൻ സ്പീക്കർക്ക് എത്തിക്സ് കമ്മിറ്റിയെ ചുമതലപ്പെടുത്താം. രാഹുലിന്റെ കാര്യത്തിൽ എത്തിക്സ് കമ്മിറ്റി തീരുമാനം എടുക്കുമെന്ന് സ്പീക്കർ എഎൻ ഷംസീർ ഇന്നലെത്തന്നെ വ്യക്തമാക്കിയിട്ടുണ്ട്.

3. കമ്മിറ്റി പരാതിക്കാരിൽനിന്ന് തെളിവെടുപ്പ് നടത്തി റിപ്പോർട്ട് സഭയിൽ വയ്ക്കും.

4. റിപ്പോർട്ടിലെ അച്ചടക്ക നടപടി നിർദേശം പ്രമേയമായി മുഖ്യമന്ത്രി സഭയിൽ കൊണ്ടുവരണം.

5. താക്കീതോ സസ്പെൻഷനോ പുറത്താക്കലോ ആകും ശുപാർശ. മുഖ്യമന്ത്രി കൊണ്ടുവരുന്ന പ്രമേയം സഭ അംഗീകരിച്ചാൽ നടപടി പ്രാബല്യത്തിലാകും.

6. രാഹുലിനെതിരെ ഗുരുതര കുറ്റാരോപണം ഉള്ളതിനാൽ പുറത്താക്കൽ ശുപാർശ ഉണ്ടാക്കാൻ സാധ്യത ഏറെ.

7. ഈമാസം 20 നു നിയമസഭാ സമ്മേളനം തുടങ്ങും. രാഹുലിനെ പുറത്താക്കാൻ സർക്കാരിന് താല്പര്യം ഉണ്ടെങ്കിൽ നടപടി അതിവേഗം നീക്കേണ്ടിവരും.

8. പുറത്തായാൽ കേരള നിയമസഭയുടെ ചരിത്രത്തിൽ ഈ രീതിയിൽ അംഗത്വം നഷ്ടമാകുന്ന ആദ്യ എംഎൽഎ ആകും രാഹുൽ മാങ്കൂട്ടത്തിൽ.

രാഹുലിനെതിരെ നടപടി ശുപാർശ ചെയ്യേണ്ട എത്തിക്സ് കമ്മിറ്റിയിൽ ഇപ്പോൾ ആരൊക്കെയാണ് ഉള്ളതെന്ന് നോക്കാം. സിപിഎം പ്രതിനിധി മുരളി പെരുനെല്ലി അധ്യക്ഷൻ, സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ, ഇടതുമുന്നണി കൺവീനർ ടി. പി. രാമകൃഷ്ണൻ, കെ.കെ.ശൈലജ, എച്ച്.സലാം എന്നിവരാണ് സമിതിയിലെ സിപിഎം അംഗങ്ങൾ. സിപിഐയിൽ നിന്ന് പി.ബാലചന്ദ്രനും ജെഡിഎസ് അംഗമായി മാത്യു ടി.തോമസും എത്തിക്സ് കമ്മിറ്റിയിൽ ഉണ്ട്. യുഡിഎഫിന് രണ്ടംഗങ്ങൾ ആണ് ഉള്ളത്, കോൺഗ്രസിലെ റോജി എം. ജോണും മുസ്ലിം ലീഗിലെ യു. എ. ലത്തീഫും. എംഎൽഎ സ്ഥാനത്തിനുനിന്ന് സഭ ഒരംഗത്തെ പുറത്താക്കിയാലും അയാൾക്ക് അടുത്ത തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ നിയമ തടസമില്ല.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe