തിരുവനന്തപുരം: ലൈഗിംക പീഡനക്കേസിൽ രാഹുൽ മാങ്കൂട്ടത്തിൽ എം.എൽ.എ സമർപ്പിച്ച മുൻകൂർ ജാമ്യാപേക്ഷയിൽ ഇന്ന് വിധി പറയില്ലെന്ന് കോടതി. കേസിൽ നാളെ തുടർവാദം കേട്ടശേഷമാകും വിധി പറയുകയെന്ന് തിരുവനന്തപുരം ജില്ല സെഷൻസ് കോടതി വ്യക്തമാക്കി. അടച്ചിട്ട കോടതിയിലാണ് ബുധനാഴ്ച ജാമ്യാപേക്ഷയിൽ വാദം കേട്ടത്.
ബലാത്സംഗം, നിർബന്ധിത ഗർഭഛിദ്രത്തിന് പ്രേരിപ്പിക്കൽ, വിശ്വാസവഞ്ചന, ദേഹോപദ്രവം, സ്വകാര്യ ദൃശ്യങ്ങൾ ചിത്രീകരിക്കൽ തുടങ്ങി എട്ട് വകുപ്പുകളാണ് രാഹുലിനെതിരെ ചുമത്തിയിരിക്കുന്നത്. അശാസ്ത്രീയവും നിർബന്ധിതവുമായ ഗർഭഛിദ്രമാണ് മുഖ്യകുറ്റം. 10 വർഷം മുതൽ ജീവപര്യന്തം വരെ തടവുശിക്ഷ ലഭിക്കാവുന്ന കുറ്റങ്ങളാണിവ.
ജാമ്യാപേക്ഷയിൽ വാദം അടച്ചിട്ട മുറിയിൽ പരിഗണിക്കണമെന്ന് ആവശ്യപ്പെട്ട് രാഹുൽ കോടതിയിൽ ഹരജി നൽകിയിരുന്നു. സ്വകാര്യത മാനിക്കണമെന്നാണ് രാഹുൽ ഹരജിയിൽ ആവശ്യം. ഇതിനോട് പ്രോസിക്യൂഷൻ അനുകൂലിക്കുകയും ചെയ്തു.
അതേസമയം, ഒളിവിലുള്ള രാഹുലിനായി പൊലീസ് തെരച്ചിൽ തുടരുകയാണ്. കഴിഞ്ഞ വ്യാഴാഴ്ച വൈകീട്ട് രാഹുൽ മാങ്കൂട്ടത്തിൽ നേരെ പോയത് പൊള്ളാച്ചിയിലേക്കെന്നാണ് അന്വേഷണ സംഘത്തിന് ലഭിച്ചിരിക്കുന്ന വിവരം. ശേഷം കോയമ്പത്തൂരിലേക്ക് കടന്നു. ദേശീയപാത ഒഴിവാക്കി ജില്ല അതിർത്തിയായ കൊഴിഞ്ഞാമ്പാറ വഴിയാണ് എം.എൽ.എ കടന്നതെന്നാണ് പൊലീസിന്റെ നിഗമനം. രാഹുൽ പാലക്കാട്ടില്ലെന്ന് ഉറപ്പിച്ചാണ് അന്വേഷണ സംഘത്തിന്റെ നീക്കം. എം.എൽ.എ ബംഗളൂരുവിലേക്ക് കടന്നതായി പൊലീസിന് തെളിവ് ലഭിച്ചതായാണ് വിവരം. രാഹുലിനൊപ്പം കേസിലെ രണ്ടാം പ്രതിയായ ജോബി ജോസഫുമുണ്ടെന്നും വിവരമുണ്ട്. അദ്ദേഹം ഫോണുകളും സിമ്മുകളും മാറ്റി മാറ്റി ഉപയോഗിക്കുന്നുണ്ടെന്നും എസ്.ഐ.ടിക്ക് വിവരം ലഭിച്ചു.
രാഹുൽ മാങ്കൂട്ടത്തിലിനെതിരെ അതിജീവിതയുടെ പരാതിയിലെ എഫ്.ഐ.ആറിൽ ഗുരുതര പരാമർശങ്ങളാണ് ഉള്ളത്. പീഡനങ്ങള്‍ എം.എല്‍.എ പദവിയിലെത്തിയ ശേഷമാണെന്നും നിലമ്പൂരില്‍ പ്രചാരണത്തിനിടെയാണ് യുവതിയെ ഭ്രൂണഹത്യക്ക് നിര്‍ബന്ധിപ്പിക്കുകയും മരുന്ന് കഴിപ്പിക്കുകയും ചെയ്തതെന്നും എഫ്ഐ.ആറിലുണ്ട്. രണ്ടു തവണ തിരുവനന്തപുരത്തെ യുവതിയുടെ ഫ്ലാറ്റിലും രണ്ടു തവണ പാലക്കാട്ടെ രാഹുലിന്റെ ഫ്ലാറ്റിലും വെച്ചാണ് ബലാത്സംഗം ചെയ്തതെന്നും ഗർഭിണിയാണെന്ന് അറിഞ്ഞിട്ടും ബലാത്സംഗം ചെയ്തെന്നും എതിർത്തപ്പോൾ ക്രൂരമായി മർദിച്ചുവെന്നും യുവതി മൊഴി നൽകിയിട്ടുണ്ട്.
2025 മാർച്ച് നാലിനാണ് രാഹുൽ യുവതിയെ തിരുവനന്തപുരം തൃക്കണ്ണാപുരത്തെ ഫ്ലാറ്റിൽവെച്ച് ആദ്യം ബലാത്സംഗം ചെയ്തത്. മാർച്ച് 17ന് യുവതിയുടെ സ്വകാര്യ ദൃശ്യങ്ങൾ ഫോണിൽ പകർത്തുകയും പുറത്തു പറഞ്ഞാൽ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു. യുവതി ഗർഭിണി ആണെന്ന് അറിഞ്ഞിട്ടും ഏപ്രിൽ 22ന് തൃക്കണ്ണാപുരത്തെ ഫ്ലാറ്റിലെത്തി സ്വകാര്യ ദൃശ്യങ്ങൾ കാട്ടി വീണ്ടും ബലാത്സംഗം ചെയ്തു. മേയ് അവസാന ആഴ്ച രണ്ടു തവണ പാലക്കാട്ടെ ഫ്ലാറ്റിൽവെച്ചും ബലാത്സംഗം ചെയ്തു.
പത്തനംതിട്ടയിലെ സുഹൃത്ത് ജോബി ജോസഫ് വഴി മേയ് 30നാണ് ഗർഭച്ഛിദ്ര മരുന്ന് തിരുവനന്തപുരത്ത് എത്തിച്ച് നൽകിയത്. നിലമ്പൂർ ഉപതെരഞ്ഞെടുപ്പ് പ്രചാരണ സമയമായിരുന്നു അത്. കൈമനത്ത് ജോബി ജോസഫിന്റെ കാറിൽവെച്ച് നിർബന്ധിച്ച് ഗുളിക കഴിപ്പിക്കുകയും പ്രചാരണത്തിലായിരുന്ന രാഹുൽ വിഡിയോ കോൾ വഴി യുവതി മരുന്ന് കഴിച്ചത് ഉറപ്പിച്ചുവെന്നും എഫ്.ഐ.ആറിൽ പറയുന്നു.
അതേസമയം, രാഹുല്‍ മാങ്കൂട്ടത്തിലിന്റെ ക്രൂരത വെളിപ്പെടുത്തി മറ്റൊരു യുവതി കൂടി രംഗത്തെത്തി. കേരളത്തിന് പുറത്ത് താമസിക്കുന്ന 23കാരിയാണ് രാഹുല്‍ ഗാന്ധി, പ്രിയങ്ക ഗാന്ധി, കെ.പി.സി.സി പ്രസിഡന്റ് സണ്ണി ജോസഫ് എം.എൽ.എ എന്നിവര്‍ക്ക് ഇ-മെയില്‍ അയച്ചത്. വിവാഹ വാഗ്ദാനം നല്കി ഹോംസ്റ്റേയിലെത്തിച്ച് ക്രൂരമായി ബലാത്സംഗം ചെയ്തെന്നാണ് വെളിപ്പെടുത്തൽ. പരാതി കെ.പി.സി.സി നേതൃത്വം ഡി.ജി.പിക്ക് കൈമാറി.
‘അത്യന്തം വേദനയോടെയാണ് ഈ കത്ത്’ എന്ന മുഖവുരയോടെയാണ് യുവതിയുടെ എഴുത്ത്. ‘താനുമായി രാഹുലിന് വര്‍ഷങ്ങളായി പരിചയമുണ്ടായിരുന്നു. 2023 സെപ്റ്റംബറില്‍ ഇൻസ്റ്റഗ്രാം വഴി രാഹുല്‍ ഫോണ്‍ നമ്പര്‍ വാങ്ങി വിവാഹാഭ്യർഥന നടത്തി. തുടർന്നും ആവര്‍ത്തിച്ചപ്പോള്‍ താന്‍ ഇക്കാര്യം വീട്ടുകാരോട് പറഞ്ഞു. വീട്ടുകാർ ആദ്യം മടിച്ചെങ്കിലും പിന്നീട് സമ്മതിച്ചു.
അവധിക്ക് നാട്ടിലെത്തിയപ്പോള്‍, ഭാവികാര്യങ്ങള്‍ സംസാരിക്കണമെന്ന് പറഞ്ഞ് നഗരത്തില്‍നിന്ന് ഒഴിഞ്ഞ സ്ഥലത്തുള്ള സുഹൃത്തിന്റെ ഹോംസ്റ്റേയിലേക്ക് കൂട്ടിക്കൊണ്ടുപോയായിരുന്നു ക്രൂരത. ആവര്‍ത്തിച്ച് എതിര്‍ത്തിട്ടും മുറിയില്‍വെച്ച് അതിക്രൂരമായി ബലാത്സംഗം ചെയ്യുകയും ഭയാനകമായ രീതിയില്‍ ആക്രമിക്കുകയും ചെയ്തെന്ന് യുവതി പറയുന്നു.
‘മാനസികമായും ശാരീരികമായും തകര്‍ന്ന താൻ വിവാഹത്തെക്കുറിച്ച് ചോദിച്ചപ്പോള്‍ ആരെയും വിവാഹം ചെയ്യാൻ ഉദ്ദേശമില്ലെന്നും തന്റെ രാഷ്ട്രീയജീവിതം ഭാര്യയുടെയും മക്കളുടെയും കാര്യങ്ങൾ നോക്കാനുള്ളതല്ലെന്നും പറഞ്ഞ് രാഹുൽ കൈയൊഴിഞ്ഞു. പിന്നീട് രാഹുലിന്റെ സുഹൃത്തായ ഫെനി നൈനാൻ കാറില്‍ വീടിന് സമീപത്ത് ഇറക്കിവിടുകയായിരുന്നു.
തുടര്‍ന്ന് ഒരു മാസം വിളിച്ചതേയില്ലെന്നും പിന്നീടൊന്നും സംഭവിച്ചില്ല എന്ന മട്ടിൽ വിളിച്ച് വീണ്ടും സ്വകാര്യമായി കാണണമെന്ന് ആവശ്യപ്പെട്ടു. നിരസിച്ചപ്പോള്‍, ‘നിന്നെ ഗര്‍ഭിണിയാക്കണം’ എന്ന പോലുള്ള പേടിപ്പിക്കുന്ന സന്ദേശങ്ങള്‍ അയച്ചു. എന്നാല്‍, രാഹുലിന്റെ രാഷ്ട്രീയ സ്വാധീനം ഭയന്ന് ഒന്നും ചെയ്യാനാവാത്ത അവസ്ഥയിലായിരുന്നു താനെന്ന് യുവതി പറയുന്നു.
നേരത്തേ, രാഹുൽ മാങ്കൂട്ടത്തിലിനെതിരെ ആരോപണമുയർന്നപ്പോൾ ഈ പെണ്‍കുട്ടിയിൽ നിന്ന് ക്രൈംബ്രാഞ്ച് വിവരം ശേഖരിച്ചിരുന്നു. എന്നാൽ, നിയമനടപടിക്ക് തയാറല്ലെന്ന് അറിയിച്ചു. എന്നാൽ, സമാനമായ പരാതികള്‍ നിരവധി യുവതികളിൽ നിന്ന് ഉയര്‍ന്ന പശ്ചാത്തലത്തിലാണ് യുവതി മെയിൽ അയച്ചത്.
