രാഹുൽ മാങ്കൂട്ടത്തിലിനെതിരെ സംസാരിച്ചാൽ തീർത്തു കളയുമെന്ന് ഭീഷണിപ്പെടുത്തിയതായി നടി റിനി ആൻ ജോർജ്. വീടിൻ്റെ ഗേറ്റ് തള്ളിത്തുറക്കാൻ ശ്രമിച്ചുവെന്ന് അവര്‍ കൈരളി ന്യൂസിനോട് പറഞ്ഞു. സൈബറിടത്തിൽ ഇപ്പോഴും വെളിപ്പെടുത്തല്‍ നടത്തിയതിന് പിന്നാലെ അസഭ്യവും ഭീഷണിയും തുടരുന്നുണ്ട്.
അതിജീവിതമാർക്ക് വേണ്ടി സംസാരിച്ചതിനാണ് ഇത്തരം ഭീഷണികൾ വരുന്നതെന്ന് അവര്‍ പറഞ്ഞു. താൻ ഒരു നേതാവിൻ്റെയും പേര് ഇതുവരെ പറഞ്ഞിട്ടില്ല. തനിക്കുണ്ടായ ബുദ്ധിമുട്ടുകൾ അറിയിക്കേണ്ടവരെ എല്ലാം നേരത്തെ തന്നെ അറിയിച്ചിരുന്നുവെന്ന് അവര്‍ പ്രതികരിച്ചു.
റിനിയെ ആരാണ് ഭീഷണിപ്പെടുത്തിയതെന്നുള്ള കാര്യത്തിൽ വ്യക്തതയില്ലെന്ന് റിനിയുടെ പിതാവ് ജോർജ് ജോസഫ് പ്രതികരിച്ചു. കൂടുതൽ പരാതികൾ വരാതിരിക്കാനുള്ള നീക്കത്തിൻ്റെ ഭാഗമാണോ ഈ ഭീഷണിയെന്ന് സംശയമുള്ളതായി പിതാവ് പറഞ്ഞു. പെൺകുട്ടികൾക്ക് ദുരനുഭവം ഉണ്ടായാൽ കരഞ്ഞു തീർക്കണം എന്നാണ് ഇക്കൂട്ടരുടെ നിലപാട്. പരാതി പൊലീസ് ഗൗരവമായി എടുത്തിട്ടുണ്ട്. പ്രതികളെ പിടികൂടാനായി അന്വേഷണം ഊർജ്ജിതമായി നടക്കുന്നുണ്ട്. കുറ്റക്കാരെ ഉടൻ പിടികൂടുമെന്ന് പ്രതീക്ഷിക്കുന്നതായി പിതാവ് പറഞ്ഞു.
