‘രേഖകൾ കമ്മിഷന്റെയല്ല, ആരോപണത്തിന് തെളിവ് നൽകൂ’: രാഹുൽ ഗാന്ധിക്ക് നോട്ടിസ് അയച്ച് കർണാടക തിരഞ്ഞെടുപ്പ് കമ്മിഷൻ

news image
Aug 11, 2025, 7:08 am GMT+0000 payyolionline.in

ന്യൂഡൽഹി: വോട്ടർപട്ടിക ക്രമക്കേടിൽ ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിക്ക് നോട്ടിസ് അയച്ച് കർണാടക തിരഞ്ഞെടുപ്പ് കമ്മിഷൻ. രാഹുൽ ഗാന്ധിയുടെ ആരോപണത്തിനു തെളിവുകൾ ആവശ്യപ്പെട്ടാണ് തിരഞ്ഞെടുപ്പ് കമ്മിഷന്റെ നോട്ടിസ്. രണ്ടു ബൂത്തുകളിൽ വോട്ട് ചെയ്തെന്ന് പറയുന്ന ശകുൻ റാണി എന്ന സ്ത്രീയോ അല്ലെങ്കിൽ മറ്റാരെങ്കിലുമോ രണ്ടുതവണ വോട്ട് ചെയ്തുവെന്ന രാഹുൽ ഗാന്ധിയുടെ വാദത്തിനു തെളിവ് നൽകാനാണ് കമ്മിഷന്റെ ആവശ്യം.

തിരഞ്ഞെടുപ്പ് ഫലം ബിജെപിക്ക് അനുകൂലമാക്കാൻ തിരഞ്ഞെടുപ്പ് കമ്മിഷൻ വോട്ടുകൊള്ള നടത്തിയെന്ന രാഹുൽ ഗാന്ധിയുടെ വെളിപ്പെടുത്തലിനു പിന്നാലേ, വോട്ടുകൊള്ളയുമായി ബന്ധപ്പെട്ട വിവരങ്ങൾ അറിയിക്കാനും പിന്തുണ നൽകാനുമായി കോൺഗ്രസ് വെബ്സൈറ്റ് ഇന്ന് ആരംഭിച്ചിരുന്നു. ഇതിനു പിന്നാലെയാണ് തിരഞ്ഞെടുപ്പ് കമ്മിഷന്റെ പുതിയ നീക്കം. രാഹുൽ കാണിച്ചത് തിരഞ്ഞെടുപ്പ് കമ്മിഷൻ രേഖയല്ലെന്നാണ് നോട്ടിസിൽ പറയുന്നത്.

‘വോട്ട് ചോരി’ (വോട്ട് കൊള്ള) എന്ന പേരിലാണ് വെബ്സൈറ്റ് ആരംഭിച്ചിരിക്കുന്നത്. ‘ഒരു വ്യക്തിക്ക് ഒരു വോട്ട്’ എന്ന ജനാധിപത്യ മൂല്യത്തിനെതിരാണ് തിരഞ്ഞെടുപ്പ് കമ്മിഷന്റെ പ്രവർത്തനമെന്നും രാഹുൽഗാന്ധി എക്സിൽ കുറിച്ചിരുന്നു. പ്രവർത്തനങ്ങളിൽ സുതാര്യത വരുത്താനും ഡിജിറ്റൽ വോട്ടർ ലിസ്റ്റ് പുറത്തുവിടാനും രാഹുൽഗാന്ധി തിരഞ്ഞെടുപ്പ് കമ്മിഷനോട് ആവശ്യപ്പെട്ടിട്ടുണ്ട്. നാളെ ഉച്ചയ്ക്ക് രാഹുലിന്റെ നേതൃത്വത്തിൽ ഇന്ത്യ സഖ്യം നേതാക്കൾ തിരഞ്ഞെടുപ്പ് കമ്മിഷനിലേക്ക് മാർച്ചും നടത്തുന്നുണ്ട്.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe