റഹീം കേസ്​ ഫെബ്രുവരി രണ്ടിന്​ വീണ്ടും പരിഗണിക്കും

news image
Jan 16, 2025, 7:22 am GMT+0000 payyolionline.in

റിയാദ്: ആറാം തവണയും വിധി പറയാതെ റിയാദ്​ ക്രിമിനൽ കോടതി മാറ്റിവെച്ച, സൗദി ബാലൻ കൊല്ലപ്പെട്ട കേസിൽ 18 വർഷമായി റിയാദിലെ ജയിലിൽ കഴിയുന്ന കോഴിക്കോട് ഫറോക്ക് കോടമ്പുഴ സ്വദേശി മച്ചിലകത്ത്​ അബ്​ദുൽ റഹീമിന്റെ കേസ്​ ഫെബ്രുവരി രണ്ടിന്​ വീണ്ടും പരിഗണിക്കും. ബുധനാഴ്​ച​ രാവിലെ​ എട്ടിന്​ റിയാദ്​ ​ക്രിമിനൽ കോടതിയിൽ സിറ്റിങ് നടന്നെങ്കിലും നിലവിലെ ബെഞ്ചിൽ മാറ്റം വരുത്തി കേസ് വീണ്ടും വിശദമായി​ കേൾക്കാനായി മാറ്റിവെക്കാനായിരുന്നു കോടതി തീരുമാനം. പുതിയ ജഡ്​ജിമാരെ കൂടി ഉൾപ്പെടുത്തിയ ബെഞ്ച്​ ഫെബ്രുവരി രണ്ടിന്​ രാവിലെ എട്ടിന്​ കേസിൽ വാദം കേൾക്കും.

ബുധനാഴ്ച നടന്ന ഓൺലൈൻ സിറ്റിങ്ങിൽ ജയിലിൽനിന്ന്​ റഹീമും റഹീമി​െൻറ അഭിഭാഷക സംഘവും ഇന്ത്യൻ എംബസി ഉദ്യോഗസ്ഥൻ യൂസഫ് കാക്കഞ്ചേരിയും സഹായ സമിതി സ്​റ്റിയറിങ്​ കമ്മിറ്റി അംഗങ്ങളും സന്നിഹിതരായിരുന്നു. പ്രോസിക്യൂഷന്റെ വാദം കേൾക്കലും പ്രതിഭാഗത്തി​ന്റെ മറുപടി പറച്ചിലുമായി കുറച്ചധികം നീണ്ട സിറ്റിങ്​ നടപടികൾ തീർപ്പിലെത്തും എന്ന പ്രതീക്ഷയുണ്ടാക്കിയിരുന്നെങ്കിലും കേസ്​ മാറ്റിവെക്കുന്നുവെന്ന അറിയിപ്പാണ്​ ഒടുവിൽ വന്നത്​.

കേസ്​ വിശദമായും സൂക്ഷ്​മമായും പരിശോധിക്കാനാണ്​ തീരുമാനം. അതുവരെ റഹീമി​ന്റെ മോചനം നീളും. മോചനകാര്യത്തിൽ തീരുമാനമെടുക്കാനുള്ള ആറാമത്തെ കോടതി സിറ്റിങ്ങാണ്​ ബുധനാഴ്ച​ നടന്നത്​. ഡിസംബർ 30നായിരുന്നു കഴിഞ്ഞ സിറ്റിങ്​. ഒന്നര കോടി സൗദി റിയാൽ (34 കോടിയിലേറെ ഇന്ത്യൻ രൂപ) ദിയാധനം നൽകുകയും​ കോടതി വധശിക്ഷ ഒഴിവാക്കുകയും ചെയ്​തെങ്കിലും പബ്ലിക്​ റൈറ്റ്​ പ്രകാരമുള്ള കേസിൽ തീർപ്പുണ്ടാവാത്തതിനാൽ മോചന കാര്യത്തിൽ അനിശ്ചിതത്വം തുടർന്നിരുന്നു. ഇതിനുവേണ്ടിയുള്ള ആദ്യ സിറ്റിങ് ഒക്​ടോബർ 21നാണ്​ നടന്നത്​.

എന്നാൽ ബെഞ്ച്​ മാറിയെന്നും വധശിക്ഷ ഒഴിവാക്കിയ ബെഞ്ച്​ തന്നെയാണ്​ മോചന കാര്യത്തിലും തീരുമാനമെടുക്കേണ്ടതെന്നും​ അറിയിച്ച്​​ കോടതി കേസ്​ മാറ്റിവെക്കുകയായിരുന്നു. തുടർന്ന്​ കഴിഞ്ഞ നവംബർ 17ന് വധശിക്ഷ ഒഴിവാക്കിയ അതേ ബെഞ്ച്​ കേസ് പരിഗണിച്ചു. എന്നാൽ വിഷയം സൂക്ഷ്​മമായി പരിശോധിക്കേണ്ടതുള്ളതിനാൽ കൂടുതൽ സമയം ആവശ്യപ്പെട്ട് കോടതി ഡിസംബർ എട്ടിലേക്ക് മാറ്റി.​ ആ തീയതിയിൽ നടന്ന സിറ്റിങ്ങിലും തീരുമാനമായില്ല. എന്നാൽ പ്രോസിക്യൂഷൻ ആവശ്യപ്പെട്ട വിശദീകരണം പ്രതിഭാഗത്തിന്​ നൽകാനായി.

അത് കൂടി പരിശോധിച്ചുള്ള തീരുമാനമെടുക്കുന്നതിന്​ ഡിസംബർ 12ന്​ സിറ്റിങ്​ നടത്താൻ കോടതി തീരുമാനിച്ചിരുന്നു. എന്നാൽ സാ​ങ്കേതിക കാരണങ്ങളാൽ അന്ന്​ കോടതി കൂടിയില്ല. തുടർന്ന്​ ഡിസംബർ 30ലേക്ക്​ സിറ്റിങ്​ മാറ്റിവെക്കുകയായിരുന്നു. അത്​ വീണ്ടും ജനുവരി 15 ലേക്ക്​ മാറ്റുകയായിരുന്നു. ഇനി പ്രതീക്ഷ ഫെബ്രുവരി രണ്ടിലേക്ക്​ നീളുകയാണ്​. റിയാദ്​ ഇസ്​കാനിലെ ജയിലിലാണ്​ അബ്​ദുൽ റഹീമുള്ളത്​.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe