റാന്നി അമ്പാടി കൊലക്കേസ്; നാല് പ്രതികൾ അറസ്റ്റിൽ

news image
Dec 16, 2024, 1:25 pm GMT+0000 payyolionline.in

പത്തനംതിട്ട: പത്തനംതിട്ട റാന്നി മന്ദമരുതിയിൽ യുവാവിനെ കാറിടിച്ച് കൊന്ന കേസിൽ നാല് പ്രതികൾ അറസ്റ്റിൽ. മദ്യശാലയ്ക്ക് മുന്നിലുണ്ടായ തർക്കത്തെ തുടർന്നാണ് കൊലപാതകമെന്ന് പൊലീസ് പറഞ്ഞു. മുഖ്യപ്രതി അരവിന്ദ് ഗുണ്ടാ പട്ടികയിലുള്ള ആളാണെന്നും അന്വേഷണ സംഘം വ്യക്തമാക്കി.

റാന്നി ചേത്തയ്ക്കൽ സ്വദേശികളായ അരവിന്ദ്, അജോ, ശ്രീക്കുട്ടൻ, അക്സം ഖലീൽ എന്നിവരാണ് അറസ്റ്റിലായത്. ഇന്നലെ രാത്രിയാണ് മന്ദമരുതിയിൽ ഗ്യാങ് വാർ കണക്കെ നടുറോഡിൽ അരും കൊല നടന്നത്. 24 കാരനായ അമ്പാടി സുരേഷിനെ കാര്‍ ഇടിച്ചാണ് കൊലപ്പെടുത്തിയത്. അപകടമരണമെന്ന് ആദ്യം കരുതിയ സംഭവമാണ് പിന്നീട് കൊലപാതകം എന്ന് തെളിഞ്ഞത്. കൊലപാതക  ശേഷം വെച്ചൂച്ചിറ റൂട്ടിൽ വാഹനം ഉപേക്ഷിച്ച പ്രധാന പ്രതികൾ എറണാകുളത്തേക്ക് മുങ്ങി. കൊലപാതകത്തിന് ഉപയോഗിച്ച കാറും പൊലീസ് കണ്ടെടുത്തു.

ബിവറേജസിന് മുന്നിലുണ്ടായ തർക്കത്തിനൊടുവിലാണ് ​ഗുണ്ടാ സംഘം അമ്പാടിയെ കൊലപ്പെടുത്തിയത്. ​സംഭവത്തെക്കുറിച്ച് റാന്നി പൊലീസ് പറയുന്നത് ഇങ്ങനെ –  കൊല്ലപ്പെട്ട അമ്പാടിയുടെ സഹോദരങ്ങളുമായി റാന്നിയിലെ മദ്യശാലയ്ക്ക് മുന്നിൽ വെച്ച് പ്രതികള്‍ വാക്ക് തർക്കത്തിൽ ഏർപ്പെട്ടു. പിന്നീട് മറ്റൊരു സ്ഥലത്ത് വച്ച് കയ്യാങ്കളിയും. തുടർന്ന് മന്ദമരുതിയിൽ വച്ച് ഏറ്റുമുട്ടാം എന്ന വെല്ലുവിളിയായി. അമ്പാടിയും സഹോദരങ്ങളുമാണ് ആദ്യം സ്ഥലത്തെത്തി. അമ്പാടി കാറിൽ നിന്ന് പുറത്തിറങ്ങിയ ഉടൻ തന്നെ മറ്റൊരു കാറിലെത്തിയ പ്രതികള്‍ ഇടിച്ചുവീഴ്ത്തുകയായിരുന്നു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe