റിപ്പോർട്ട് ഇന്നില്ല, എഡിജിപി എം ആർ അജിത് കുമാറിനെതിരായ പരാതികളിൽ ഡിജിപിയുടെ റിപ്പോർട്ട് നാളെ സർക്കാരിന് നൽകും

news image
Oct 4, 2024, 5:08 pm GMT+0000 payyolionline.in

തിരുവനന്തപുരം : എഡിജിപി എം ആർ അജിത്ത് കുമാറിനെതിരായ ഡിജിപിയുടെ റിപ്പോർട്ട് നാളെ സർക്കാരിന് നൽകും. എഡിജിപിക്കെതിരായ പരാതികളിൽ ഡിജിപിയുടെ റിപ്പോർട്ട് ഇന്ന് സർക്കാറിന് സമർപ്പിക്കുമെന്നാണ് നേരത്തെ അറിയിച്ചിരുന്നത്. എന്നാൽ റിപ്പോർട്ട് അന്തിമമാക്കാൻ സമയം എടുത്തതാണ് വൈകാൻ കാരണമെന്നാണ് വിവരം. ആർ എസ് എസ് നേതാക്കളുമായുള്ള കൂടിക്കാഴ്ച്ചയിൽ എഡിജിപിയുടെ വിശദീകരണം തള്ളിയാണ് റിപ്പോർട്ടെന്ന വിവരം നേരത്തെ പുറത്ത് വന്നിരുന്നു.

രണ്ട് ഉന്നത ആർഎസ് എസ് നേതാക്കളെ കണ്ടതിലെ വിശദീകരണം തൃപ്തികരമല്ലെന്നാണ് ഡിജിപിയുടെ നിലപാട്. എന്നാൽ മാമി തിരോധാനമടക്കം അൻവർ ഉന്നയിച്ച കേസുകളിൽ അജിതിന് വീഴ്ചയുണ്ടായെന്ന വിലയിരുത്തൽ റിപ്പോർട്ടിലുണ്ടാകില്ലെന്നാണ് സൂചന. ഇന്നലെ മന്ത്രിസഭാ ഉപസമിതിയോഗത്തിലും സിപിഐ അജിത്തിനെ മാറ്റാതെ പറ്റില്ലെന്ന നിലപാടാണ് സ്വീകരിച്ചത്.

തിങ്കളാഴ്ച മുതൽ വിവാദ വിഷയങ്ങൾ സഭയിലേക്കെത്തുകയാണ്. അതിന് മുമ്പ് നടപടി വേണമെന്നാണ് സിപിഐ നിലപാട്. നിരന്തരം ആവശ്യം തള്ളുന്ന മുഖ്യമന്ത്രിയുടെ നടപടിയിൽ സിപിഐ നേതൃത്വവും കടുത്ത സമ്മർദ്ദത്തിലാണ്. മാറ്റാൻ ഒരുപാട് അവസരമുണ്ടായിട്ടും എഡിജിപിക്ക് അത്യസാധാരണ പിന്തുണ നൽകിയ മുഖ്യമന്ത്രി ഡിജിപിയുടെ റിപ്പോർട്ടിൽ നടപടിയെടുക്കുമെന്ന പ്രതീക്ഷയിൽ തന്നെയാണ് സിപിഐ. അപ്പോഴും മാറ്റം ക്രമസമാധാനചുമതലയിൽ നിന്ന് മാത്രമാകും. സസ്പെൻഷൻ അടക്കമുള്ള അച്ചടക്കനടപടിക്ക് സാധ്യത കുറവാണ്.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe