റിയാസി ഭീകരാക്രമണം: പാക് പങ്ക് സംശയിച്ച് പൊലീസ്, ക‍ര്‍ശന നടപടിക്ക് മോദിയുടെ നി‍ദേശം

news image
Jun 10, 2024, 2:49 pm GMT+0000 payyolionline.in

ദില്ലി: ജമ്മുവിലെ റിയാസി ഭീകരാക്രമണത്തിൽ പാക് പങ്ക് സംശയിച്ച് പൊലീസ്. അതിർത്തി കടന്നെത്തിയ മൂന്ന് ഭീകരര്‍ ആക്രമണം നടത്തിയെന്നാണ് സംശയം. കേസിൽ ആറ് പേരെ ചോദ്യം ചെയ്യാനായി കസ്റ്റഡിയിൽ എടുത്തു. ആക്രമണം നടത്തിയ ഭീകരർക്കായി സുരക്ഷ സേന തെരച്ചിൽ തുടരുകയാണ്. ആക്രമണം നടത്തിയ ഭീകരർക്കായി തെരച്ചിൽ ഊർജ്ജിതമാക്കിയിരിക്കുയാണ് സുരക്ഷാ സേന.

മുഖംമൂടി ധരിച്ച മൂന്ന് ഭീകരരാണ് ആക്രമണം നടത്തിയതെന്ന് പരിക്കേറ്റവരുടെ മൊഴിയുടെ അടിസ്ഥാനത്തിൽ വനമേഖലയിലടക്കം തെരച്ചിൽ നടക്കുകയാണ്. പാക് ഭീകര സംഘടനകളുമായി ബന്ധമുള്ള ഭീകരരാണ് ആക്രമണം നടത്തിയതെന്ന നിഗമനത്തിലാണ് പൊലീസ്. സംഭവുമായി ബന്ധമുണ്ടെന്ന് സംശയിക്കുന്ന ആറ് പേരെ ചോദ്യം ചെയ്യാൻ കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്. രാവിലെ ഇവിടെ എത്തിയ എൻഐഎ, ഫോറൻസിക് സംഘം പരിശോധന നടത്തി. ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ട തീർത്ഥാടകർ യുപി സ്വദേശികളാണ്.

ഇവരുടെ മൃതദേഹങ്ങൾ നാട്ടിലെത്തിക്കാൻ നടപടി തുടങ്ങി. വാഹനത്തിന്റെ ഡ്രൈവർ ഉൾപ്പെടെ കൊല്ലപ്പെട്ട നാല് പേർ മരിച്ചത് വെടിയേറ്റാണ്.  മോദി സർക്കാരിന്റെ സത്യപ്രതിജ്ഞാ സമയത്ത് നടന്ന ഭീകരാക്രമണത്തെ കുറിച്ച് പ്രധാനമന്ത്രി വിവരങ്ങൾ തേടിയതായും കർശന നടപടിക്ക്  നിർദേശം നൽകിയതായും ജമ്മു കശ്മീർ ലഫ്.ഗവർണർ അറിയിച്ചു. വനമേഖലകൾ കേന്ദ്രീകരിച്ച് തെരച്ചിൽ ഊർജ്ജിതമാക്കാനാണ് സൈന്യത്തിന് നിർദ്ദേശം.

ജമ്മുവിൽ തീർത്ഥാടകരുടെ വാഹനത്തിനു നേരെ ഭീകരർ വെടിയുതിർക്കുകയായിരുന്നു. കശ്മീരിലെ റിയാസി ജില്ലയിലാണ് ഭീകരാക്രമണമുണ്ടായത്. വെടിവെപ്പിന് തുടർന്ന് നിയന്ത്രണം വിട്ട ബസ് കൊക്കയിലേക്ക് മറിഞ്ഞാണ് പത്തുപേർ മരിച്ചത്.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe