മൂവാറ്റുപുഴ: കർഷകർക്ക് ആശ്വാസമായി പൈനാപ്പിൾ വില ഉയരുന്നു. കഴിഞ്ഞ വർഷം ഇതേ സമയത്തെ വിലയിലേക്കെത്തിയതോടെ പൈനാപ്പിൾ വില റെക്കോഡ് ഉയരത്തിലേക്ക് കുതിക്കുകയാണ്. ഞായറാഴ്ച വാഴക്കുളം മാർക്കറ്റിൽ 56 രൂപയായിരുന്നു വില. പച്ചക്ക് 48ഉം സ്പെഷൽ ഗ്രേഡ് പച്ചക്ക് 50 രൂപയുമായി വില ഉയർന്നു. വില കുത്തനെ ഉയരുന്നതിന്റെ ആശ്വാസത്തിലാണ് കർഷകർ.
കേരള വിപണിയിലെ ഡിമാൻഡും വിവിധ സംസ്ഥാനങ്ങളിൽ ആവശ്യക്കാർ ഏറിയതുമാണ് പൈനാപ്പിൾ വില കുതിച്ചുയരാൻ കാരണം. വടക്കേ ഇന്ത്യൻ സംസ്ഥാനങ്ങളിൽനിന്നടക്കം വൻ ഓർഡറാണ് ലഭിക്കുന്നത്. മഴ മാറി വേനൽ ആരംഭിച്ചതും വിവിധ ആഘോഷങ്ങൾ എത്തിയതും അവിടെ ഡിമാൻഡ് വർധിക്കാൻ കാരണമായിട്ടുണ്ട്. വില ഇനിയും വർധിക്കാനാണ് സാധ്യതയെന്ന് കർഷകരും വ്യാപാരികളും പറഞ്ഞു.
ദീപാവലി വരെ വില ഉയർന്നു നിലനിൽക്കും. കേരളത്തിൽ പൈനാപ്പിളിന് ഏറെ വില ലഭിക്കുന്ന ഏപ്രിൽ, മേയ് മാസങ്ങൾ ഇത്തവണ കർഷർക്ക് ദുരിതമാണ് സമ്മാനിച്ചത്. മാർച്ച് മുതൽ ആരംഭിച്ച കനത്ത മഴയും ഇതേ തുടർന്ന് ഉണ്ടായ രോഗങ്ങളും കൃഷിയെ തളർത്തിയിരുന്നു. ആ സമയത്ത് മികച്ച ഉൽപാദനം നടന്നെങ്കിലും മഴമൂലം വില ലഭിച്ചില്ല. തുടർച്ചയായി മഴ പെയ്തതോടെ ഫംഗസ് ബാധ മൂലം ചെടിയും ഫലങ്ങളും അഴുകി നശിക്കുകയും ചെയ്തു. ഇത് തടയാൻ കർഷകർക്ക് നല്ലൊരു തുക ചെലവഴിക്കേണ്ടതായും വന്നു. ഇത് ഉൽപാദനത്തെ ബാധിച്ചിരുന്നു.
നിലവിൽ ഉൽപാദനത്തിൽ 25 ശതമാനം കുറവാണ് ഉണ്ടായിരിക്കുന്നത്. ശരാശരി 2000 ടൺ ഉൽപാദനം നടക്കേണ്ട ഈ സമയത്ത് ഇത് 1400ലേക്ക് താഴ്ന്നിട്ടുണ്ട്. നിലവിൽ ദിനേന 1200 ടൺ പൈനാപ്പിൾ മറ്റ് സംസ്ഥാനങ്ങളിലേക്ക് കയറിപ്പോകുന്നുണ്ട്. ഇതുമൂലം ആഭ്യന്തര വിപണിയിൽ ഉൽപന്നത്തിന് കുറവു വന്നു തുടങ്ങി. ഇതോടെ ചില്ലറ വിൽപന വില 60 മുതൽ 70 രൂപ വരെ എത്തിയിട്ടുണ്ട്.