മുണ്ടക്കയം: റേഷൻ കടയിൽനിന്നു വാങ്ങിയ പച്ചരി കഴുകുമ്പോൾ നീലനിറമെന്നു പരാതി. ഏന്തയാർ നിരപ്പേൽ ബിജു തോമസാണ് പരാതിക്കാരൻ. ഏന്തയാർ അക്ഷയക്കു സമീപത്തെ റേഷൻ കടയിൽനിന്നാണ് ബിജു കഴിഞ്ഞദിവസം അഞ്ചു കിലോ പച്ചരി വാങ്ങിയത്. വീട്ടിലെത്തി പച്ചരി പാത്രത്തിലിട്ട് കഴുകുമ്പോഴാണ് നീലനിറം ശ്രദ്ധയിൽപ്പെട്ടത്.
വീണ്ടും പച്ചരി എടുത്ത് കഴുകുമ്പോഴും നീല നിറം തന്നെ. അരി കൈയിലെടുത്താൽ പൊടിഞ്ഞു പോകും. ഇതോടെ ബിജു റേഷൻകടയിൽ എത്തി റേഷൻകട അധികൃതരോട് പരാതി പറഞ്ഞു. ഫുഡ് സേഫ്റ്റി ഉദ്യോഗസ്ഥരുമായി സംസാരിച്ചപ്പോൾ കിണറ്റിലെ വെള്ളത്തിൽ ഇരുമ്പിന്റെ അംശം ഉണ്ടെങ്കിൽ ഇത്തരം പ്രതിഭാസം ഉണ്ടാകാമെന്നാണ് പറഞ്ഞത്. ആ വെള്ളത്തിൽതന്നെയാണ് നേരത്തെയും അരി കഴുകിയിരുന്നത്.
സമീപത്തെ മറ്റൊരു കിണറ്റിലെ വെള്ളം ഉപയോഗിച്ച് അരി കഴുകിയപ്പോഴും നീല നിറമാണ്. സാധാരണക്കാരായ നിരവധി പേർ റേഷൻകടയിൽ നിന്നു പച്ചരി വാങ്ങിയിരുന്നു. അരിക്ക് നീലനിറം ആയതോടെ ആശങ്കയിലാണ് പ്രദേശവാസികൾ. പരാതി ലഭിച്ചിട്ടുണ്ടെന്നും അടിയന്തരമായി പരിശോധന നടത്തി റിപ്പോർട്ട് നൽകാൻ ആവശ്യപ്പെട്ടിട്ടുണ്ടെന്നും കാഞ്ഞിരപ്പള്ളി താലൂക്ക് സപ്ലൈ ഓഫിസർ ജി. അഭിജിത്ത് പറഞ്ഞു.
