മലപ്പുറം: ജൈവ, അജൈവ മാലിന്യങ്ങള്‍ അലക്ഷ്യമായി റോഡരികില്‍ നിക്ഷേപിച്ചതിന് ഇരുമ്പുഴി സ്വദേശിയില്‍ നിന്ന് മലപ്പുറം നഗരസഭ ഹെല്‍ത്ത് എന്‍ഫോഴ്സ്മെന്റ് സ്ക്വാഡ് 5000 രൂപ പിഴ ഈടാക്കി. ബുധനാഴ്ച രാവിലെ ആരോഗ്യ വിഭാഗം നടത്തിയ പരിശോധനയില്‍ നെല്ലിപ്പറമ്പില്‍ നിന്ന് മുകുതാമണ്ണ് ശിവ ക്ഷേത്രത്തിലേക്ക് പോകുന്ന റോഡരികില്‍ മാലിന്യം തള്ളിയതായി കണ്ടെത്തി. തുടര്‍ന്ന് തള്ളിയ മാലിന്യങ്ങളില്‍ നിന്ന് ലഭ്യമായ തെളിവുകളുടെ അടിസ്ഥാനത്തിലാണ് മാലിന്യം തള്ളിയ വ്യക്തിയെ മണിക്കൂറുകള്‍ക്കകം കണ്ടെത്തി പിഴ ഈടാക്കിയത്. ഈ സ്ഥലത്ത് അജൈവ മാലിന്യങ്ങള്‍ അലക്ഷ്യമായി നിക്ഷേപിച്ചതിന് നേരത്തേ തൃശൂര്‍ സ്വദേശിയില്‍ നിന്നും നഗരസഭ ഹെല്‍ത്ത് എന്‍ഫോഴ്സ്മെന്റ് വിഭാഗം പിഴ ഈടാക്കിയിരുന്നു.
ക്ലീന്‍സിറ്റി മാനേജര്‍ ജെ എ നുജൂമിന്റെ നിര്‍ദേശ പ്രകാരം പബ്ലിക് ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍മാരായ റെജി തോമസ്, സി രതീഷ്, റില്‍ജു മോഹന്‍, ഡ്രൈവര്‍ പി ജയേഷ്, ശുചീകരണ വിഭാഗം തൊഴിലാളികളായ ഗിരീഷ് ബാബു ഹനീഫ, മൊയ്ദീന്, ശ്രീകുമാര്‍ എന്നിവര്‍ പരിശോധനയില്‍ പങ്കെടുത്തു. മാലിന്യം അലക്ഷ്യമായി കൈകാര്യം ചെയ്യുന്നവര്‍ക്കെതിരെ കര്‍ശനമായ നിയമ നടപടികള്‍ സ്വീകരിക്കുമെന്ന് നഗരസഭാ സെക്രട്ടറി വൈ പി മുഹമ്മദ് അഷ്റഫ് അറിയിച്ചു. മാലിന്യം തരംതിരിച്ച് ഹരിതകര്‍മ സേനയ്ക്ക് കൈമാറി.