റോഡ് അപകടങ്ങളിൽ ഇരയായവരുടെ ഓർമ്മദിനം ആചരിച്ചു; നന്തി ബസാറിൽ ബോധവൽക്കരണ പരിപാടിയും പ്രതിജ്ഞയും സംഘടിപ്പിച്ചു
കൊയിലാണ്ടി: റോഡ് അപകടത്തിൽ ഇരയായവരുടെ ഓർമ്മദിനത്തോടനുബന്ധിച്ച് കൊയിലാണ്ടി ജോയിന്റ് ആർ.ടി.ഒ.ശ്രീ പ്രജീഷ് എം കെ യുടെ നേതൃത്വത്തിൽ നന്തി ബസാറിൽ ആദരാഞ്ജലികളോടെയും ബോധവൽക്കരണത്തോടെയും ദിനാചരണം സംഘടിപ്പിച്ചു. ധാരാളം അപകടങ്ങൾ പതിവായ നന്തി ബസാറിൽ രാവിലെ ഒൻപതു മണിയ്ക്കാണ് പരിപാടികൾ ആരംഭിച്ചത്.
മോട്ടോർ വെഹിക്കിൾ ഉദ്യോഗസ്ഥർ, ഓട്ടോറിക്ഷ തൊഴിലാളികൾ, ഡ്രൈവിങ് സ്കൂൾ ഉടമകൾ, വിദ്യാർത്ഥികൾ എന്നിവരുൾപ്പെടെ സമൂഹത്തിന്റെ വിവിധ തുറകളിലുള്ള നിരവധി പേർ പരിപാടിയിൽ പങ്കെടുത്തു. റോഡ് സുരക്ഷയുടെ സന്ദേശം ഉയർത്തിപ്പിടിച്ചും അപകടങ്ങളിൽ ജീവൻ നഷ്ടപ്പെട്ടവർക്ക് ആദരാഞ്ജലി അർപ്പിച്ചും ചടങ്ങ് നടന്നു.
ചടങ്ങിൽ അസിസ്റ്റന്റ് മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർ സി.വി. രാജീവൻ സ്വാഗതം ആശംസിച്ചു. കൊയിലാണ്ടി മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർ എം.കെ. ധനേഷ് പരിപാടിയുടെ ഉദ്ഘാടനം നിർവഹിച്ചു. മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർ സി.പി. സബീർ മുഹമ്മദ്, സുനീഷ് എം അസിസ്റ്റന്റ് മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർ, ഹനീഷ് ദാസ്ഡ്രൈവിംഗ് സ്കൂൾ പ്രതിനിധി, ലിനീഷ് ,ഓട്ടോ ഡ്രൈവേഴ്സ് കോർഡിനേഷൻ കമ്മിറ്റി പ്രതിനിധി, ശ്രീമോൾ ബാബു ഗുഡ്സ് ഓട്ടോ കമ്മിറ്റി എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു. ഹൃദിക എസ് അനിൽ നന്ദി പറഞ്ഞു,
തുടർന്ന് റോഡ് സുരക്ഷാ നിയമങ്ങൾ കർശനമായി പാലിക്കുമെന്നും വാഹനമോടിക്കുമ്പോൾ ജാഗ്രത പുലർത്തുമെന്നുമുള്ള പ്രതിജ്ഞ മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർ സി.പി. സബീർ മുഹമ്മദിന്റെ നേതൃത്വത്തിൽ ചടങ്ങിൽ സംബന്ധിച്ച എല്ലാവർക്കും ചൊല്ലിക്കൊടുത്തു. സുരക്ഷിതമായ യാത്രാസംസ്കാരം വളർത്തിയെടുക്കേണ്ടതിന്റെ ആവശ്യകത ചടങ്ങ് ഓർമ്മിപ്പിച്ചു.

