റോഡ് തടസപ്പെടുത്തി അടിപിടിയുണ്ടാക്കിയത് ചോദ്യം ചെയ്ത യുവാക്കളെ മാരകമായി അക്രമിച്ച് പരിക്കേൽപ്പിച്ചു, സഹോദരങ്ങൾ പിടിയിൽ

news image
Sep 25, 2026, 4:48 am GMT+0000 payyolionline.in

കോഴിക്കോട്: ഗതാഗതം തടസ്സപ്പെടുത്തിയത് ചോദ്യം ചെയ്തതിന് കാർ യാത്രികരായ യുവാക്കളെ മാരകമായി ആക്രമിച്ച് പരിക്കേൽപ്പിച്ച സഹോദരങ്ങൾ പിടിയിൽ. ബേപ്പൂർ സ്വദേശികളായ അഭിറാം ലൂക്ക(24), സഹോദരൻ ആദർശ്(29) എന്നിവരെയാണ് കോഴിക്കോട് ടൗൺ പോലീസും സിറ്റി ക്രൈം സ്‌ക്വാഡും ചേർന്ന് പിടികൂടിയത്. നടക്കാവ് സ്വദേശിയായ യുവാവിനെയും സുഹൃത്തിനെയും മാരകമായി ആക്രമിച്ച് പരിക്കേൽപ്പിച്ച കേസിലാണ് നടപടി. കഴിഞ്ഞ ഞായറാഴ്ചയായിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്. കോഴിക്കോട് ബീച്ചിനടുത്തുള്ള ഹഗ് എ മഗ് റെസ്റ്റോറന്റിന് സമീപം വെച്ച് പരാതിക്കാരനും സുഹൃത്തുക്കളും കാറിൽ വരുമ്പോൾ ഗതാഗതം തടസ്സപ്പെടുന്ന രീതിയിൽ അഭിറാമും ആദർശും ഉൾപ്പെടെയുള്ളവർ അടിപിടികൂടുകയായിരുന്നു. ഇത് ചോദ്യം ചെയ്തതിന്റെ പേരിൽ ഇരുവരും ചേർന്ന് കാറിലുള്ളവരെ ക്രൂരമായി ആക്രമിച്ചുവെന്നാണ് പോലീസിന് നൽകിയ പരാതിയിൽ പറയുന്നത്.

സംഭവ സ്ഥലത്തേയും സമീപ പ്രദേശങ്ങളിലെയും സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചാണ് അക്രമികളെ തിരിച്ചറിഞ്ഞത്. പോക്‌സോ കേസുൾപ്പെടെ നിരവധി കേസിൽ ഉൾപ്പെട്ട അഭിറാം ലൂക്കയെ തന്ത്രപൂർവമാണ് പോലീസ് പിടികൂടിയത്. മൂന്നോളം ക്രിമിനൽ കേസുകളിൽ ഉൾപ്പെട്ട ആദർശ് വീട്ടിൽ എത്തിയിട്ടുണ്ടെന്ന രഹസ്യ വിവരത്തെ തുടർന്ന് പോലീസ് ഇവിടെയെത്തി കസ്റ്റഡിയിലെടുക്കുകയായിരുന്നു. എസ്ഐമാരായ സജി ഷിനോബ്, വിഷ്ണു, സീനിയർ സിവിൽ പോലീസ് ഓഫീസർമാരായ ശരത്, പ്രസാദ്, ക്രൈം സ്‌ക്വാഡ് അംഗങ്ങളായ ഷാലു, സുജിത്ത് സി.കെ, ശ്രീജിത്ത് കെ,അരുൺ എസ് എന്നിവർ ചേർന്നാണ് അറസ്റ്റിന് നേതൃത്വം നൽകിയത്. കോടതിയിൽ ഹാജരാക്കിയ ഇരുവരെയും റിമാന്റ് ചെയ്തു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe