‘ലൈറ്റ് പണിയായി, 3 ബോട്ടുകളെ പൊക്കി’; ഉടമക്ക് കിട്ടിയത് 7 ലക്ഷം രൂപയുടെ പിഴ, 3.5 ലക്ഷത്തിന്‍റെ മീനും പോയി!

news image
Oct 7, 2023, 7:58 am GMT+0000 payyolionline.in

തൃശൂര്‍: തീവ്രതയേറിയ ലൈറ്റുകള്‍ ഉപയോഗിച്ച് അനധികൃത മത്സ്യബന്ധനം നടത്തി മൂന്ന് ബോട്ടുകള്‍ ഫിഷറീസ് വകുപ്പ് പിടിച്ചെടുത്ത് പിഴ ചുമത്തി. തീവ്രതയേറിയ ലൈറ്റ് ഉപയോഗിച്ച് അനധികൃത മത്സ്യബന്ധനം നടത്തുന്ന യാനങ്ങള്‍ക്കെതിരേ കര്‍ശന നടപടിയെടുത്ത് ഫിഷറീസ് – മറൈന്‍ എന്‍ഫോഴ്‌സ്‌മെന്റ് അധികൃതര്‍. തീവ്രതയേറിയ ലൈറ്റ് ഉപയോഗിച്ചുള്ള കുട്ടത്തോടെ മത്സ്യങ്ങളെ ആകര്‍ഷിച്ച് മത്സ്യബന്ധനം നടത്തുന്ന രീതി മത്സ്യസമ്പത്ത് കുറയാനിടയാക്കും. ഇതിലൂടെ പരമ്പരാഗത മത്സ്യത്തൊഴിലാളിക്ക് മത്സ്യലഭ്യത കുറയുമെന്ന് കാണിച്ച് പരമ്പരാഗത മത്സ്യത്തൊഴിലാളികള്‍ നല്‍കിയ പരാതിയിലാണ് നടപടി. മീൻ ലേലം ചെയ്ത തുകയും ഫൈനുമടക്കം  ബോട്ടുടമകള്‍ക്ക് പോയത് 11 ലക്ഷം രൂപയാണ്.

 

 

അഴീക്കോട് ഫിഷറീസ് സ്റ്റേഷന്‍ അസി. ഡയറക്ടര്‍ എം.എഫ്. പോളിന്റെ നേതൃത്വത്തില്‍ രൂപീകരിച്ച പ്രത്യേക അന്വേഷണംസംഘം ആഴക്കടലില്‍ നടത്തിയ പരിശോധനയില്‍ ഹൈവോള്‍ട്ടേജ് ലൈറ്റുകള്‍ ഉപയോഗിച്ച് അനധികൃത മത്സ്യബന്ധനം നടത്തിവന്ന മുനമ്പം പള്ളിപ്പുറം സ്വദേശി ചീനിപ്പറമ്പില്‍ വീട്ടില്‍ സണ്ണി പിന്‍ഹീറോയുടെ ഉടമസ്ഥതയിലുള്ള താനിയ, മുനമ്പം പള്ളിപ്പുറം സ്വദേശി ഓളാട്ടുപുരയ്ക്കല്‍ റൈജുവിന്റെ വചനം, കൊച്ചി വെണ്ണല സ്വദേശി തറമ്മേല്‍ വീട്ടില്‍ നിഷാദ് ജോര്‍ജിന്റെ അല്‍ജോഹര്‍ എന്നീ ബോട്ടുകളാണ് പിടിച്ചെടുത്തുത്.

 

കടലില്‍ കൃത്രിമമായി അമിത വെളിച്ചമുണ്ടാക്കി മത്സ്യക്കൂട്ടങ്ങളെ ആകര്‍ഷിച്ച് ഒന്നിച്ച് കോരിയെടുക്കുന്നത് കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ നിരോധിച്ച മത്സ്യബന്ധന രീതിയാണ്. 12 വാട്‌സിന് താഴെ വെളിച്ചസംവിധാനം ഉപയോഗിക്കാനാണ് അനുമതിയുള്ളത്. ഇതു ലംഘിച്ച് ഇതര സംസ്ഥാന തൊഴിലാളികളെ ഉപയോഗപ്പെടുത്തി 3255 വാട്ട് ലൈറ്റ് ഉപയോഗിച്ചായിരുന്നു അനധികൃത മീന്‍പിടിത്തം നടത്തിയിരുന്നത്. പരിശോധനയും നടപടികളും കര്‍ശനമാക്കാന്‍ ജില്ലാ ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടര്‍ പ്രത്യേക നിര്‍ദേശം ല്‍കിയിരുന്നു. ജില്ലയുടെ തെക്കേ അതിര്‍ത്തിയായ അഴീക്കോട് മുതല്‍ വടക്കേ അതിര്‍ത്തിയായ കാപ്രിക്കാട് വരെയുള്ള കടല്‍ത്തീരത്തും ആഴക്കടലിലും നിരീക്ഷണം ശക്തമാക്കി വരവേയാണ് മുനമ്പം, അഴീക്കോട് ഭാഗത്തുനിന്ന് വന്ന ബോട്ടുകളാണ് രാത്രിയില്‍ നിരോധിത മത്സ്യബന്ധന രീതിയായ ഹൈ വോള്‍ട്ടേജ് ലൈറ്റുകള്‍ ഉപയോഗിച്ച് ആഴക്കടലില്‍ അനധികൃത മാര്‍ഗങ്ങളിലൂടെ മത്സ്യബന്ധനം നടത്തിയിരുന്നത്.

 

പരിശോധനയില്‍ തീവ്രതയേറിയ ലൈറ്റ് ഉപയോഗിച്ച് മത്സ്യബന്ധനം നടത്തിയ ബോട്ടുകളില്‍ ഉപയോഗിച്ചിരുന്ന ഹൈവോള്‍ട്ടേജ് എല്‍.ഇ.ഡി.  ലൈറ്റുകള്‍, ഹൈമാസ്റ്റ് ലൈറ്റുകള്‍, ട്യൂബ് ലൈറ്റുകള്‍ എന്നിവ പിടിച്ചെടുത്തു. നിയമനടപടികള്‍ പുര്‍ത്തിയാക്കിയ ബോട്ടുകളിലെ മത്സ്യം ലേലംചെയ്ത് ലഭിച്ച മൂന്നര ലക്ഷം രൂപ സര്‍ക്കാരിലേക്ക് കണ്ടുകെട്ടി. അനധികൃത മത്സ്യബന്ധനം നടത്തിയതിന് വചനം ബോട്ടിന് പിഴയായി 2,00000 രൂപയും അനധികൃത മത്സ്യബന്ധനത്തിനും പെര്‍മിറ്റ് ഇല്ലാത്തതിനുമായി അല്‍ ജോഹര്‍ ബോട്ടിന് 2,50,000 രൂപയും താനിയ ബോട്ടിന് 2,50,000 രൂപയും പിഴ ചുമത്തി. ആകെ പത്തര ലക്ഷം രൂപ ട്രഷറിയില്‍ ഒടുക്കി.

പ്രത്യേക പരിശോധനാ സംഘത്തില്‍ ഫിഷറീസ് അസി. ഡയറക്ടര്‍മാരായ   സീമ, സുലേഖ , മെക്കാനിക്ക് ജയചന്ദ്രന്‍, എ.എഫ്.ഇ.ഒ. സംന ഗോപന്‍, മറൈന്‍ എന്‍ഫോഴ്‌സ്‌മെന്റ് ആന്‍ഡ് വിജിലന്‍സ് വിങ്ങ് ഉദ്യോഗസ്ഥരായ പ്രശാന്ത്കുമാര്‍, ഷൈബു, ഷിനില്‍കുമാര്‍ എന്നിവര്‍ നേതൃത്വം നല്‍കി. സീ റെസ്‌ക്യു ഗാര്‍ഡുമാരായ പ്രസാദ്, ഫസല്‍, സ്രാങ്ക് ദേവസി, എഞ്ചിന്‍ ഡ്രൈവര്‍ ഉണ്ണിക്കൃഷ്ണന്‍ എന്നിവരും സംഘത്തിലുണ്ടായിരുന്നു. വരും ദിവസങ്ങളിലും പരിശോധന ശക്തമാക്കുമെന്നും അനധികൃത മത്സ്യബന്ധനം നടത്തുന്ന യാനങ്ങള്‍ക്കെതിരേ നിയമ നടപടി സ്വീകരിക്കുമെന്നും തൃശൂര്‍ ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടര്‍ സുഗന്ധകുമാരി അറിയിച്ചു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe