ലൈസൻസില്ല, 18 വയസുമായില്ല; പ്രായപൂർത്തിയാകാതെ വാഹനമോടിക്കുന്നവരിൽ പകുതിയോളം മലപ്പുറത്ത്, ഒരാഴ്ചയ്ക്കിടെ പിടിയിലായത് 220 പേർ

news image
Nov 19, 2026, 7:21 am GMT+0000 payyolionline.in

മലപ്പുറം: സംസ്ഥാനത്ത് പ്രായപൂർത്തിയാകാതെ വാഹനമോടിച്ചതിന് പിടിയിലായവരിൽ പകുതിയോളം പേരും മലപ്പുറം ജില്ലയിൽ നിന്നുള്ളവർ. നവംബർ രണ്ട് മുതൽ എട്ട് വരെ സംസ്ഥാന വ്യാപകമായി പൊലീസ് നടത്തിയ പ്രത്യേക പരിശോധനയിലാണ് ഞെട്ടിക്കുന്ന കണക്കുകൾ പുറത്തുവന്നത്. ഒരാഴ്ചയ്ക്കിടെ മലപ്പുറം ജില്ലയിൽ മാത്രം 220 നിയമലംഘനങ്ങളാണ് കണ്ടെത്തിയത്. സംസ്ഥാനത്തെ 20 പൊലീസ് ജില്ലകളിലായി ആകെ 99,181 വാഹനങ്ങളാണ് പരിശോധിച്ചത്. ഇതിൽ പ്രായപൂർത്തിയാകാത്തവർ വാഹനമോടിച്ചതുമായി ബന്ധപ്പെട്ട് 453 നിയമലംഘനങ്ങൾ കണ്ടെത്തി.

കൊല്ലം ജില്ലയിൽ 59 കേസുകളും കണ്ണൂർ നഗരത്തിൽ 48 കേസുകളും റിപ്പോർട്ട് ചെയ്തു. ഏറ്റവും കൂടുതൽ വാഹനങ്ങൾ പരിശോധിച്ചത് കൊച്ചി നഗരത്തിലായിരുന്നു. ഇവിടെ 10,961 വാഹനങ്ങൾ പരിശോധിച്ചെങ്കിലും മൂന്ന് കേസുകൾ മാത്രമാണ് കണ്ടെത്തിയത്.കൊച്ചി ചേരാനല്ലൂരിൽ 17കാരൻ ഓടിച്ച ആഡംബര കാർ ഇടിച്ച് 55കാരൻ മരിച്ച സംഭവത്തിന് പിന്നാലെയാണ് സംസ്ഥാനത്തുടനീളം പരിശോധന ശക്തമാക്കിയത്. പ്രായപൂർത്തിയാകാത്ത കുട്ടികൾക്ക് വാഹനം ഓടിക്കാൻ നൽകുന്ന രക്ഷിതാക്കൾക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് സംസ്ഥാന പൊലീസ് മേധാവി മുന്നറിയിപ്പ് നൽകി.

നിയമലംഘനം നടത്തുന്ന കുട്ടികൾക്കും വാഹന ഉടമകൾക്കും എതിരെ നിയമനടപടികൾ സ്വീകരിക്കും. ഇത്തരം കേസുകളിൽ പിടിയിലാകുന്ന കുട്ടികൾക്ക് ഭാവിയിൽ ഡ്രൈവിങ് ലൈസൻസ് ലഭിക്കുന്നതിനും കാലതാമസം നേരിടും. കുട്ടികൾക്ക് വാഹനങ്ങൾ കൈമാറുമ്പോൾ രക്ഷിതാക്കൾ കൂടുതൽ ജാഗ്രത പാലിക്കണമെന്നും പൊലീസ് നിർദേശിച്ചു. അപകടങ്ങൾ ഒഴിവാക്കുന്നതിനും റോഡ് സുരക്ഷ ഉറപ്പാക്കുന്നതിനുമായി വരും ദിവസങ്ങളിലും പരിശോധന തുടരുമെന്ന് അധികൃതർ അറിയിച്ചു.

 

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe