ബെംഗളൂരു: ലോക്സഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി എൻഡിഎയ്ക്കൊപ്പം കൈകോർത്ത് ജെഡിഎസ്. ജെഡിഎസ് നേതാവും കർണാടക മുൻ മുഖ്യമന്ത്രിയുമായ എച്ച്.ഡി.കുമാരസ്വാമി കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുമായി കൂടിക്കാഴ്ച നടത്തിയതിനു പിന്നാലെയാണു പ്രഖ്യാപനം. സീറ്റ് വിഭജനം സംബന്ധിച്ച വിവരങ്ങൾ ഇതുവരെ പുറത്തുവിട്ടിട്ടില്ല. കൂടിക്കാഴ്ചയുടെ ചിത്രങ്ങൾ ബിജെപി ദേശീയ അധ്യക്ഷൻ ജെ.പി.നഡ്ഡ എക്സ് പ്ലാറ്റ്ഫോമിൽ (ട്വിറ്റർ) പങ്കുവച്ചിട്ടുണ്ട്.
ജെഡിഎസ്–എൻഡിഎ സഖ്യം സ്ഥിരീകരിച്ചു. മുതിർന്ന ബിജെപി നേതാവ് ബി.എസ്.യെഡിയൂരപ്പ കഴിഞ്ഞയാഴ്ച രംഗത്തുവന്നിരുന്നു. 28 ലോക്സഭാ സീറ്റുകളിൽ നാലുസീറ്റുകൾ ജെഡിഎസിന് നൽകാനാണു ധാരണയെന്നായിരുന്നു യെഡിയൂരപ്പ പറഞ്ഞത്. എന്നാൽ ബിജെപി വൃത്തങ്ങൾ തന്നെ ഇതു നിഷേധിച്ചിരുന്നു. സീറ്റു വിഭജനം സംബന്ധിച്ചു. ചർച്ചയായിട്ടില്ലെന്നു കുമാരസ്വാമിയും വ്യക്തമാക്കിയിരുന്നു. 2019ൽ കർണാടകയിലെ 28 സീറ്റിൽ ബിജെപി 25ൽ വിജയിച്ചിരുന്നു. ദൾ ജയിച്ചത് ഒരു സീറ്റിലാണ്.