ലോൺ ആപ് തട്ടിപ്പ്: പൊലീസിനെ ബന്ധപ്പെട്ടത് 1427 പരാതിക്കാർ, 72 ആപ്പുകൾ നീക്കം ചെയ്യാൻ നടപടി

news image
Sep 22, 2023, 3:07 pm GMT+0000 payyolionline.in

തിരുവനന്തപുരം: ലോൺ ആപ്പുകളുടെ തട്ടിപ്പുകളെക്കുറിച്ചു പരാതിപ്പെടാൻ ഈ വർഷം പൊലീസിനെ ബന്ധപ്പെട്ടത് 1427 പേർ. സൈബർ ലോൺ തട്ടിപ്പുകളെക്കുറിച്ചു പരാതിപ്പെടാനുള്ള 1930 (നാഷനൽ ക്രൈം റിപ്പോർട്ടിങ് പോർട്ടലിന്റെ നമ്പർ) എന്ന നമ്പരിലാണ് ഇത്രയും പരാതികളെത്തിയത്. 2022ൽ 1340 പരാതികളും 2021ൽ 1400 പരാതികളും ലഭിച്ചു.

പരാതികളിൽ പറഞ്ഞ ആപ്പുകളും ബാങ്ക് അക്കൗണ്ടുകളും ഫോൺ നമ്പറുകളും പരിശോധിച്ചു തുടർനടപടികൾ സ്വീകരിച്ചതായി പൊലീസ് പറഞ്ഞു. കൊച്ചിയിൽ ലോൺ ആപ് തട്ടിപ്പിന് ഇരയായി രണ്ടു കുട്ടികളെ കൊലപ്പെടുത്തി ദമ്പതികൾ ജീവനൊടുക്കിയ സംഭവത്തിനുശേഷം പൊലീസ് 72 ആപ്പുകൾ നീക്കം ചെയ്യാൻ നടപടി സ്വീകരിച്ചു.

പണം കൈമാറിയ ആപ്പുകളുടെ ബാങ്ക് അക്കൗണ്ടുകൾ മരവിപ്പിക്കാൻ നടപടിയെടുത്തു. ദേശീയതലത്തിൽ രൂപീകരിച്ച പോർട്ടൽ വഴിയാണ് ആപ് സ്റ്റോർ, പ്ലേ സ്റ്റോർ, വെബ് സൈറ്റുകൾ എന്നിവയ്ക്കെതിരെ നടപടി സ്വീകരിക്കുന്നത്. സംസ്ഥാനതലത്തിൽ ലഭിക്കുന്ന പരാതികൾ പരിശോധിച്ചു നടപടിക്കായി പോർട്ടലിലേക്ക് കൈമാറും.

ലോൺ ആപ് തട്ടിപ്പിനു നിരവധിപേർ ഇരയാവുന്നെങ്കിലും ആത്മഹത്യകൾ റിപ്പോർട്ട് ചെയ്തതോടെയാണു പരാതിക്കാരുടെ എണ്ണവും വർധിച്ചത്. ലോൺ ആപ് കേസുകളിൽ ഇതുവരെ രണ്ട് എഫ്ഐആർ മാത്രമാണ് റജിസ്റ്റർ ചെയ്തിരിക്കുന്നതെന്ന് സൈബർ പൊലീസ് പറയുന്നു. എറണാകുളത്തും വയനാട്ടിലും. കഴിഞ്ഞ ദിവസം ലോൺ ആപ് തട്ടിപ്പുകൾ അറിയിക്കാൻ  9497980900 എന്ന നമ്പർ പൊലീസ് നൽകിയിരുന്നു. ഇന്നു വൈകിട്ടു വരെ 300 പേർ നമ്പറിലൂടെ പ്രതികരിച്ചു. ഇതിൽ 5 സംഭവങ്ങൾ തുടർനടപടികൾക്കായി കൈമാറി. മറ്റുള്ള പ്രതികരണങ്ങൾ പരിശോധിച്ചു വരുന്നു. നമ്പരിലേക്കു ഗുഡ് മോർണിങ് സന്ദേശം അയച്ചവരും ബന്ധമില്ലാത്ത കാര്യങ്ങൾ അയച്ചവരുമുണ്ട്.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe