വടകര ∙ കലുങ്ക് കുഴിയിൽ വീണു മരിച്ച മൂസ രണ്ടര മണിക്കൂറാണ് ആരുടെയും ശ്രദ്ധയിൽപ്പെടാതെ കുഴിയിൽ കിടന്നത്. ഒരു പക്ഷേ നേരത്തേ കണ്ടിരുന്നെങ്കിൽ രക്ഷപ്പെടുത്താമായിരുന്നു. രാത്രി 7 നു ശേഷമാണ് എംജെ സ്കൂൾ പരിസരത്തെ വീട്ടിൽ നിന്നിറങ്ങിയത്. വില്യാപ്പള്ളി ടൗണിൽ പോയി സാധനങ്ങൾ വാങ്ങിയ ശേഷം മൂസ വീട്ടിലേക്ക് മടങ്ങി പോകുന്ന ദൃശ്യം സമീപത്തെ ഫർണിച്ചർ കടയിലെ ക്യാമറയിൽ കാണാം. രാത്രി 8.52 ന് ആണിത്. ഈ കടയുടെ മുൻപിൽ നിന്ന് ഒരു മിനിറ്റിനകം കലുങ്കിന് സമീപം എത്താം. വീടും വീണ സ്ഥലവും തമ്മിൽ 150 മീറ്റർ ദൂരം.
തെരുവു വിളക്ക് കത്താത്തതു കൊണ്ട് കുഴിയിലേക്ക് ആരും എളുപ്പത്തിൽ കാണില്ല. കലുങ്കിനും മൺ തിട്ടയ്ക്കും ഇടയിലുള്ള ചെറിയ വിടവിലേക്ക് വീണതു കൊണ്ട് പെട്ടെന്ന് കാണാനും ബുദ്ധിമുട്ടാണ്. വീതി കുറഞ്ഞ റോഡിലൂടെ നടന്നു പോകുന്നവർ വാഹനം വരുന്നതു കൊണ്ട് വേഗത്തിലാണ് ഈ വഴി കടന്നു പോകുക.
നേരം ഏറെ വൈകിയിട്ടും വീട്ടിൽ തിരിച്ച് എത്താത്തതു കൊണ്ട് നാട്ടുകാരും ബന്ധുക്കളും പല ഭാഗത്തും അന്വേഷിച്ചിരുന്നു. മൊബൈൽ ഫോൺ ഉപയോഗിക്കാറില്ല. വീട്ടിൽ നിന്നു പോയി തിരിച്ചു വരുന്ന വഴി മുഴുവൻ തിരഞ്ഞപ്പോഴാണ് ഇവിടെ വീണു കിടക്കുന്നത് കണ്ടത്. വീട്ടിലേക്കുള്ള സാധനങ്ങൾ ചിതറിക്കിടക്കുന്നുണ്ടായിരുന്നു.
