വടകര: ഗവ. ജില്ല ആശുപത്രിയിൽ ചികിത്സപ്പിഴവ് രോഗികൾക്ക് ഡ്രിപ് നൽകിയ ഡി.എൻ.എസ് മരുന്ന് രണ്ട് മാസം മുമ്പ് കാലാവധി കഴിഞ്ഞതായി പരാതി.
തലകറക്കത്തെ തുടർന്ന് ചികിത്സ തേടിയ വടകര സ്വദേശി കളത്തിൽ സാജിദിന്റെ മകൾ റിയ ഫാത്തിമക്ക് നൽകിയ ഡി.എൻ.എസ്. ബോട്ടിൽ കഴിഞ്ഞ നവംബർ അവസാനം കാലാവധി കഴിഞ്ഞതായിരുന്നു.
മരുന്ന് മുഴുവൻ കയറ്റിയ ശേഷമാണ് ഇത് ശ്രദ്ധയിൽപ്പെട്ടത്. തുടർന്ന് ആശുപത്രി അധികൃതരുമായി ബന്ധപ്പെടുകയായിരുന്നു. ഇതേത്തുടർന്ന് ശ്രദ്ധിച്ചപ്പോഴാണ് ഇവരുടെ തൊട്ടടുത്ത കട്ടിലിൽ പനിയെ തുടർന്ന് ചികിത്സ തേടിയ മണിയൂർ സ്വദേശി തെക്കയിൽ പറമ്പത്ത് റഷീദിന്റെ മകൾ ഇർഫാനക്ക് നൽകുന്ന മരുന്നും കാലാവധി കഴിഞ്ഞതായി മനസ്സിലായത്.
കാലാവധി കഴിഞ്ഞ മരുന്ന് ശരീരത്തിൽ എത്തിയത് കുട്ടികളിൽ എന്തെങ്കിലും പ്രയാസം ഉണ്ടാക്കുമോയെന്ന ആശങ്കയിലാണ് ബന്ധുക്കൾ. തുടർന്ന് ആശുപത്രി സൂപ്രണ്ടിനും വടകര പൊലീസിലും ബന്ധുക്കൾ പരാതി നൽകി. പരാതിയെ തുടർന്ന് വടകര പൊലീസ് ആശുപത്രിയിലെത്തി കൂട്ടിരിപ്പുകാരിൽ നിന്ന് വിവരങ്ങൾ
ശേഖരിച്ചു. ഈ മരുന്ന് മറ്റു പ്രയാസങ്ങൾ ഒന്നും ഉണ്ടാക്കില്ലെന്നാണ് ആശുപത്രി അധികൃതരുടെ വാദം.
