വടകര: അമൃത് ഭാരത് സ്റ്റേഷൻ പദ്ധതിയിലുൾപ്പെടുത്തി വികസിപ്പിക്കുന്ന വടകര റെയിൽവേ സ്റ്റേഷൻ ശിലാസ്ഥാപനം ഞായറാഴ്ച നടക്കും. സംസ്ഥാനത്തെ 30 റെയിൽവേ സ്റ്റേഷനുകൾക്കൊപ്പം വടകര, മാഹി റെയിൽവേ സ്റ്റേഷനുകൾ പദ്ധതിയിൽ ഉൾപ്പെട്ടിട്ടുണ്ട്. 303 കോടി രൂപയുടെ പ്രവൃത്തിയാണ് സംസ്ഥാനത്ത് നടക്കുന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോദി വിഡിയോ കോൺഫറൻസിങ്ങിലൂടെ രാവിലെ 11ന് ശിലാസ്ഥാപനം നിർവഹിക്കും.
വടകര റെയിൽവേ സ്റ്റേഷനിൽ പ്ലാറ്റ്ഫോമുകളുടെ ഉയരംകൂട്ടൽ പ്രവൃത്തി നടന്നുവരുകയാണ്. റെയിൽവേ സ്റ്റേഷൻ കെട്ടിട നവീകരണമുൾപ്പെടെ 22 കോടിയുടെ വികസനപ്രവർത്തനങ്ങളാണ് പുതുതായി നടപ്പാക്കുക. ദക്ഷിണ റെയിൽവേയുടെ വരുമാനപ്പട്ടികയിൽ 50 എണ്ണത്തിൽ ഉൾപ്പെടുന്നതാണ് വടകര റെയിൽവേ സ്റ്റേഷൻ.
ശിലാസ്ഥാപനത്തിന്റ ഭാഗമായി ഒരുക്കം വിലയിരുത്താൻ പ്രിൻസിപ്പൽ ചീഫ് മെക്കാനിക്കൽ എൻജിനീയർ പി. സുരേഷിന്റ നേതൃത്വത്തിൽ റെയിൽവേ സ്റ്റേഷൻ സന്ദർശിച്ചു. ഡിവിഷൻ റെയിൽവേ മാനേജർ ആർ. മുകുന്ദ്, ജിതിൻ നെൽസൺ, സി. മുരളീധരൻ, സ്റ്റേഷൻ സൂപ്രണ്ട് ഹരീഷ്, മുൻ സ്റ്റേഷൻ സൂപ്രണ്ട് വത്സലൻ കുനിയിൽ തുടങ്ങിയവർ സംബന്ധിച്ചു. വടകര റെയിൽവേ സ്റ്റേഷനിൽ ശിലാസ്ഥാപന ചടങ്ങുകളുടെ ഭാഗമായി സാംസ്കാരിക പരിപാടികൾ രാവിലെ 9.30ന് തുടങ്ങും.
മന്ത്രിമാരായ പി.എ. മുഹമ്മദ് റിയാസ്, എ.കെ. ശശീന്ദ്രൻ, അഹമ്മദ് ദേവർകോവിൽ, കെ. മുരളീധരൻ എം.പി, എളമരം കരീം എം.പി, കെ.കെ. രമ എം.എൽ.എ, വടകര നഗരസഭ ചെയർപേഴ്സൻ കെ.പി. ബിന്ദു എന്നിവർ സംബന്ധിക്കും.