വടക്കൻ കേരളത്തിന് അഭിമാനം; കിന്‍ഫ്ര ടെക്‌നോ പാര്‍ക്കില്‍ ഗ്ലോബല്‍ കേപ്പബിലിറ്റി സെന്റര്‍ പ്രവര്‍ത്തനമാരംഭിച്ചു

news image
Feb 10, 2026, 4:23 am GMT+0000 payyolionline.in

കാക്കഞ്ചേരി കിന്‍ഫ്ര ടെക്‌നോ പാര്‍ക്കില്‍ വടക്കന്‍ കേരളത്തിലെ ആദ്യ ഗ്ലോബല്‍ കേപ്പബിലിറ്റി സെന്റര്‍ (GCC) പ്രവര്‍ത്തനം ആരംഭിച്ചു. യു.എ.ഇ ആസ്ഥാനമായ എം.എസ്. ഹോള്‍ഡിഗ്‌സാണ് സെന്റര്‍ ആരംഭിച്ചത്. സാങ്കേതികവിദ്യ, ധനകാര്യ ഗവേഷണം, വികസനം എന്നിവ ഉള്‍പ്പെടുന്ന ആഗോള ബിസിനസ് പ്രവര്‍ത്തനങ്ങള്‍ കൈകാര്യം ചെയ്യുന്ന കേന്ദ്രമായിരിക്കും GCC.

ഇന്ന് നടന്ന ഉദ്ഘാടന ചടങ്ങില്‍ കായിക വകുപ്പ് മന്ത്രി വി. അബ്ദുറഹ്മാന്‍ സെന്റര്‍ ഉദ്ഘാടനം ചെയ്തു. സംസ്ഥാനത്തെ യുവജനങ്ങള്‍ക്ക് സ്വന്തം നാട്ടില്‍ തന്നെ അന്താരാഷ്ട്ര നിലവാരമുള്ള തൊഴില്‍ അവസരങ്ങള്‍ ലഭ്യമാക്കുന്നതില്‍ ഇത്തരം കേന്ദ്രങ്ങള്‍ നിര്‍ണായക പങ്ക് വഹിക്കുമെന്ന് മന്ത്രി പറഞ്ഞു. മികച്ച വ്യവസായ സൗകര്യങ്ങളും നിലവാരമുള്ള മനുഷ്യവിഭവശേഷിയും കേരളത്തെ ആഗോള സ്ഥാപനങ്ങള്‍ക്ക് ആകര്‍ഷക കേന്ദ്രമാക്കി മാറ്റുന്നതായും അദ്ദേഹം വ്യക്തമാക്കി. ഗ്ലോബല്‍ കേപ്പബിലിറ്റി സെന്ററിലൂടെ കേരളത്തെ ആഗോള സേവന കേന്ദ്രമായി വികസിപ്പിക്കുകയാണ് എം.എസ്. ഹോള്‍ഡിഗ്‌സിന്റെ ലക്ഷ്യം. പ്രാദേശികമായി ലഭ്യമായ കഴിവുറ്റ പ്രൊഫഷണലുകളെ അന്താരാഷ്ട്ര ബിസിനസ് പ്രവര്‍ത്തനങ്ങളുമായി ബന്ധിപ്പിക്കുന്നതാകും കേന്ദ്രത്തിന്റെ പ്രധാന ദൗത്യം.

 

നിലവില്‍ ഏകദേശം 100 പേര്‍ക്ക് തൊഴില്‍ നല്‍കുന്ന GCC, അടുത്ത അഞ്ച് വര്‍ഷത്തിനകം 2,000ലധികം നേരിട്ടും പരോക്ഷവുമായ തൊഴില്‍ അവസരങ്ങള്‍ സൃഷ്ടിക്കാനാണ് ലക്ഷ്യമിടുന്നതെന്ന് എം.എസ്. ഹോള്‍ഡിഗ്‌സ് സ്ഥാപകനും സിഇഒയുമായ മുഹമ്മദ് ഷഫീക്ക് അറിയിച്ചു. ആഗോള നിലവാരത്തിലുള്ള പരിശീലന പരിപാടികളുമായി സഹകരിച്ചാണ് കേന്ദ്രത്തിന്റെ പ്രവര്‍ത്തനം മുന്നോട്ടുകൊണ്ടുപോകുക എന്നും അദ്ദേഹം പറഞ്ഞു. അന്താരാഷ്ട്ര പ്രോജക്ടുകളില്‍ പ്രാദേശിക പ്രൊഫഷണലുകള്‍ക്ക് നേരിട്ട് പ്രവര്‍ത്തിക്കാനുള്ള അവസരങ്ങള്‍ ഒരുക്കുന്നതിലൂടെ കേരളത്തിന്റെ വിജ്ഞാനാധിഷ്ഠിത സമ്പദ്‍വ്യവസ്ഥയ്ക്ക് ഈ സംരംഭം വലിയ ഊര്‍ജം നല്‍കുമെന്ന വിലയിരുത്തലിലാണ് വ്യവസായ മേഖല.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe