കുറ്റ്യാടി: മീത്തലെ വടയം, വട്ടോളി ഭാഗങ്ങളിൽ തെരുവു നായുടെ കടിയേറ്റ് വിദ്യാർഥികളുൾപ്പടെ എഴുപേർക്ക് പരിക്ക്. മീത്തലെ വടയം അംഗൻവാടിയിൽ കയറിയ നായ ഇവ എന്ന മൂന്നു വയസ്സുകാരിയെ കടിച്ചു.
കുട്ടി കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സ തേടി. മൊകേരി എൽ.പി സ്കൂൾ മുറ്റത്തെത്തിയ നായ രണ്ടാം ക്ലാസുകാരി അൽഗമിത്ര, എൽ.കെ.ജി വിദ്യാർഥി സഞ്ചൽ എന്നിവരെയും കടിച്ചു. കുട്ടികളെ രക്ഷിക്കാൻ ശ്രമിച്ച അധ്യാപിക രമ്യക്കും കടിയേറ്റു. വട്ടോളി നാഷനൽ ഹൈസ്കൂൾ കോമ്പൗണ്ടിൽ നിന്ന് പത്താം ക്ലാസ്സുകാരി കൃഷ്ണ നന്ദയേയും നായ ആക്രമിച്ചു. തുടർന്ന് വട്ടോളി കനാൽ സൈഡിലെത്തിയ നായ വടക്കേപറമ്പത്ത് വീട്ടിൽ കയറി വീട്ടമ്മ കമലയെയും കൊച്ചുമകൾ ദ്രുതിയെും (മൂന്നര) ആക്രമിച്ചു.
എല്ലാവരെയും കറ്റ്യാടി ഗവ. താലൂക്ക് ആശുപത്രിയിൽ എത്തിച്ച് കുത്തിവെപ്പുനൽകി. കുറ്റ്യാടി മേഖലയിൽ പേപ്പട്ടി ശല്യം വർധിച്ചു വരികയാണ്. രണ്ടു ദിവസം മുമ്പ് കായക്കൊടിയിൽ രണ്ടുപേരെ സ്ത്രീകളെയും രണ്ടാഴ്ച മുമ്പ് കുളങ്ങരത്താഴ, നീലേച്ചുകുന്ന് ഭാഗങ്ങളിൽ എട്ടുപേരെയും പേപ്പട്ടി കടിച്ചിരുന്നു.
