വമ്പൻ നീക്കവുമായി ബിജെപി, ട്വന്‍റി 20 എൻഡിഎ മുന്നണിയിലേക്ക്, രാജീവ് ചന്ദ്രശേഖറും സാബു ജേക്കബും കൂടിക്കാഴ്ച നടത്തി; പ്രഖ്യാപനം ഉടൻ

news image
Jan 22, 2026, 10:08 am GMT+0000 payyolionline.in

കൊച്ചി: കേരള രാഷ്ട്രീയത്തിൽ നിർണ്ണായക ചുവടുവെപ്പുമായി ബി ജെ പി നേതൃത്വം. ട്വന്റി 20 എൻ ഡി എയിലേക്ക് എത്തുമെന്ന് ഉറപ്പായി. ബി ജെ പി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖറും ട്വന്റി 20 പാർട്ടി അധ്യക്ഷൻ സാബു എം ജേക്കബും തമ്മിൽ കൊച്ചിയിൽ വെച്ച് നടത്തിയ കൂടിക്കാഴ്ചയിലാണ് നിർണായക തീരുമാനമുണ്ടായത്. കിഴക്കമ്പലം ആസ്ഥാനമായുള്ള ട്വന്റി 20 പാർട്ടി എൻ ഡി എയുടെ ഭാഗമാകുമെന്ന് ഉറപ്പായെന്നും വൈകാതെ തന്നെ പ്രഖ്യാപനം ഉണ്ടാകുമെന്നുമാണ് വ്യക്തമാകുന്നത്. കേരളത്തിൽ ആസന്നമായ നിയമസഭാ തെരഞ്ഞെടുപ്പിൽ വലിയ മുന്നേറ്റം ലക്ഷ്യമിട്ടുള്ള നീക്കത്തിലാണ് ബി ജെ പി. ട്വന്‍റി 20 ബി ജെ പി മുന്നണിയിലെത്തുന്നത് എറണാകുളത്ത് വലിയ ഗുണം ചെയ്യുമെന്നാണ് ബി ജെ പിയുടെ കണക്കുകൂട്ടൽ. വരാനിരിക്കുന്ന തിരഞ്ഞെടുപ്പുകളിൽ സ്വാധീനം വർദ്ധിപ്പിക്കുക എന്ന ലക്ഷ്യത്തോടെയുള്ള ബിജെപിയുടെ ഈ നീക്കം സംസ്ഥാനത്തെ രാഷ്ട്രീയ സമവാക്യങ്ങളിൽ വലിയ മാറ്റങ്ങൾക്ക് വഴിവെച്ചേക്കാം.

 

പ്രധാനമന്ത്രി നരേന്ദ്ര മോദി നാളെ തിരുവനന്തപുരത്തെത്തുമ്പോൾ സാബു ജേക്കബും വേദിയിലുണ്ടാകും. അമിത് ഷാ കേരളത്തിൽ എത്തിയപ്പോൾ സാബുവുമായി ചർച്ച നടത്തിയിരുന്നു. ഇതിനൊപ്പം രാജീവ് ചന്ദ്രശേഖറും ട്വന്‍റി 20 യെ എൻ ഡി എ മുന്നണിയിലെത്തിക്കാനായി നീക്കം ശക്തമായിരുന്നു. ഇതിനെല്ലാം ഒടുവിലാണ് ഇന്ന് നടത്തിയ കൂടിക്കാഴ്ചയിൽ തീരുമാനമായത്.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe