വലത്തോട്ട് ചാഞ്ഞ് കോഴിക്കോട്; വമ്പൻ മുന്നേറ്റം നടത്തി യുഡിഎഫും ബിജെപിയും

news image
Dec 13, 2025, 3:01 pm GMT+0000 payyolionline.in

കോഴിക്കോട്: ശബരിമല സ്വര്‍ണക്കൊള്ളയും അഴിമതി ആരോപണങ്ങളുമെല്ലാം ഉയര്‍ത്തി യുഡിഎഫും ബിജെപിയും നടത്തിയ തിരഞ്ഞെടുപ്പ് പ്രചാരണങ്ങള്‍ തിരിച്ചടിയായപ്പോള്‍ കോഴിക്കോട് കോര്‍പ്പറേഷനിലെ ഇടതുകോട്ടയ്ക്ക് തിരിച്ചടി. അരനൂറ്റണ്ട് കാലത്തോളം ഇടതുപക്ഷം ഭരണം നടത്തിയ കോര്‍പ്പറേഷനില്‍ ഇത്തവണ എല്‍ഡിഎഫ് 35 സീറ്റിലൊതുങ്ങി. കഴിഞ്ഞ തവണയുള്ള 50 സീറ്റില്‍ നിന്നാണ് 35-ലേക്ക് കൂപ്പുകുത്തിയത്.

അതേസമയം, ബിജെപി വമ്പിച്ച മുന്നേറ്റം നടത്തി. 2020-ലെ ഏഴ് സീറ്റില്‍ നിന്ന് 13 സീറ്റിലേക്ക് ഉയര്‍ത്താന്‍ ബിജെപിക്കായി. 2020-ല്‍ 17 സീറ്റ് മാത്രമുണ്ടായിരുന്ന യുഡിഎഫിന് സീറ്റ് നില 28-ലേക്ക് ഉയര്‍ത്താനും കഴിഞ്ഞു. ചരിത്രത്തില്‍ ഇല്ലാത്ത തിരിച്ചടിയാണ് എല്‍ഡിഎഫിന് നേരിട്ടത്. നിലവിലെ മേയര്‍ ബീന ഫിലിപ്പിന്റെ പൊറ്റമ്മല്‍ ഡിവിഷനും ഡെപ്യൂട്ടി മേയര്‍ സി.പി. മുസാഫിര്‍ അഹമ്മദിന്റെ മീഞ്ചന്ത ഡിവിഷനുമടക്കം നഷ്ടമായത് വലിയ നാണക്കേടായി.

1962 നവംബര്‍ ഒന്നിനാണ് കോഴിക്കോട് നഗരസഭ കോര്‍പ്പറേഷനായത്. ഇടതുപക്ഷത്തുനിന്നായിരുന്നു ആദ്യമേയര്‍. പിന്നീട് കോര്‍പ്പറേഷനില്‍ കോണ്‍ഗ്രസ് മേയര്‍മാര്‍ ഉണ്ടായിരുന്നെങ്കിലും വര്‍ഷങ്ങളായി ചുവന്നുതന്നെയിരിക്കുകയാണ് കോഴിക്കോട്.

2010-ല്‍ യുഡിഎഫിന് 34 സീറ്റ് ലഭിച്ചു. എന്നാല്‍, 2015-ല്‍ എത്തിയപ്പോള്‍ അത് 20 ആയി. 2020-ല്‍ വീണ്ടും കുറഞ്ഞ് 18 ആയി. ഇതാണ് ഇത്തവണ 28 ലേക്ക് ഉയര്‍ത്തിയത്. 2010-ല്‍ 41 സീറ്റായിരുന്നു ഇടതിന്. തുടര്‍ന്നുള്ള രണ്ട് തിരഞ്ഞെടുപ്പില്‍ അത് 48, 50 സീറ്റുകളിലേക്കെത്തി. എന്നാല്‍, ഇത്തവണ 35 സീറ്റിലേക്ക് ഒതുങ്ങേണ്ടി വന്നു. ബിജെപി 2015-ലും 2020-ലും ഏഴ് സീറ്റുകള്‍ വീതം സ്വന്തമാക്കി 2025 ല്‍ എത്തുമ്പോഴേക്കും 13 ലേക്ക് ഉയര്‍ത്തുകയും ചെയ്തു.

മുന്നണികള്‍ക്കിടയില്‍ സ്ഥാനാര്‍ഥിനിര്‍ണയംതൊട്ട് ആശയക്കുഴപ്പവും അഭിപ്രായവ്യത്യാസവുമെല്ലാം ഉണ്ടായിരുന്നു. യുഡിഎഫ് മേയര്‍സ്ഥാനാര്‍ഥിയായി ഉയര്‍ത്തിക്കാട്ടിയ വി.എം. വിനുവിന് വോട്ടില്ലാത്തതിനാല്‍ മത്സരിക്കാന്‍പറ്റാത്തത് ആദ്യംതന്നെ തിരിച്ചടിയായി. കോണ്‍ഗ്രസ് കൗണ്‍സിലര്‍ അല്‍ഫോന്‍സ മാത്യു കോണ്‍ഗ്രസ് വിട്ട് ആംആദ്മി പാര്‍ട്ടിയില്‍ ചേര്‍ന്ന് മത്സരരംഗത്തിറങ്ങി. മാവൂര്‍ റോഡ് ഡിവിഷനില്‍ നിന്ന് എഎപി ടിക്കറ്റില്‍ മത്സരിച്ചെങ്കിലും തോറ്റു. ഇവിടെ ബിജെപി സ്ഥാനാര്‍ഥി ശ്രീജ സി നായരാണ് വിജയിച്ചത്.

സീറ്റ് നിഷേധിക്കപ്പെട്ടതിനാല്‍ ലീഗില്‍നിന്നുള്ള കൗണ്‍സിലര്‍ കെ. റംലത്ത് രാജിവെച്ച് ആര്‍ജെഡിയില്‍ ചേര്‍ന്നാണ് മത്സരിച്ചത്. മൂന്നാലിങ്കല്‍ ഡിവിഷനില്‍ നിന്നും മത്സരിച്ചുവെങ്കിലും പരാജയപ്പെട്ടു. ഇവിടെ യുഡിഎഫ് സ്ഥാനാര്‍ഥി സഫറി വെള്ളയിലാണ് വിജയിച്ചത്.

2020-ല്‍ രണ്ടു സീറ്റുകള്‍ വീതമുണ്ടായിരുന്ന സിപിഐ ഇത്തവണ അത് നിലനിര്‍ത്തിയപ്പോള്‍ ആര്‍ജെഡിക്ക് വിജയിക്കാനായില്ല. ഒരുസീറ്റ് നേടിയ എന്‍സിപിക്ക് ഇത്തവണയും അത് നിലനിര്‍ത്താനായി.

ആകെയുള്ള ഏഴ് നഗരസഭകളില്‍ നാലിടത്ത് ജയിച്ച് കഴിഞ്ഞ തവണ മുന്നിട്ട് നിന്ന യുഡിഎഫിന് ഇത്തവണയും നാല് നഗരസഭകള്‍ നിലനിര്‍ത്താനായി. കൊടുവള്ളി, ഫറോക്ക്, പയ്യോളി, രാമനാട്ടുകര നഗരസഭകള്‍ യുഡിഎഫ് നിലനിര്‍ത്തിയപ്പോള്‍ വടകര, മുക്കം, കൊയിലാണ്ടി നഗരസഭകള്‍ എല്‍ഡിഎഫ് നില നിര്‍ത്തി.

ഇതില്‍ ഏറ്റവും ശ്രദ്ധേയമാണ് മുക്കം നഗരസഭ. കഴിഞ്ഞ തവണ ലീഗ് വിമതന്റെ പിന്തുണയോടെയാണ് അഞ്ച് വര്‍ഷക്കാലം എല്‍ഡിഎഫ് മുക്കം നഗരസഭ ഭരിച്ചതെങ്കില്‍ ഇത്തവണ അവര്‍ക്ക് സ്വന്തമായി ഭരിക്കാനുള്ള ഭൂരിപക്ഷം ലഭിച്ചു. ആകെയുള്ള 34 ഡിവിഷനുകളില്‍ 18 ഇടത്താണ് എല്‍ഡിഎഫ് വിജയിച്ചത്. 11 ഇടത്ത് യുഡിഎഫും ഒരിടത്ത് എന്‍ഡിഎയും നാലിടത്ത് വെല്‍ഫെയര്‍ പാര്‍ട്ടിയും വിജയിച്ചു.

ആകെയുള്ള 12 ബ്ലോക്ക് പഞ്ചായത്തില്‍ എട്ടെണ്ണം എല്‍ഡിഎഫ് നേടി. ചേളന്നൂര്‍, കോഴിക്കോട്, കുന്നുമ്മല്‍, മേലടി, പന്തലായനി, തോടന്നൂര്‍, തൂണേരി, വടകര ബ്ലോക്കുകളിലാണ് എല്‍ഡിഎഫ് വിജയിച്ചത്. രണ്ട് ബ്ലോക്കിലേ യുഡിഎഫിന് വിജയിക്കാനായുള്ളൂ. കൊടുവള്ളി, കുന്ദമംഗലം ബ്ലോക്കിലാണ് യുഡിഎഫ് വിജയിച്ചത്. അതേസമയം പേരാമ്പ്രയിലും ബാലുശ്ശേരിയിലും ആര്‍ക്കും ഭൂരിപക്ഷമില്ലാതായി മാറി. കഴിഞ്ഞതവണ 12 ല്‍ 10 എണ്ണമായിരുന്നു എല്‍.ഡി.എഫ്. നേടിയത്. കൊടുവള്ളി, കുന്ദമംഗലം ബ്ലോക്കിലാണ് യുഡിഎഫ് വിജയിച്ചത്.

2020 ല്‍- 43 പഞ്ചായത്തില്‍ ജയിച്ച എല്‍ഡിഎഫ് ആകെയുള്ള 70 പഞ്ചായത്തുകളില്‍ ഇത്തവണ 27 ഇടത്താണ് വിജയിച്ചത്. എന്നാല്‍ യു.ഡി.എഫിന് 39 പഞ്ചായത്തില്‍ വിജയിക്കാനായി. കഴിഞ്ഞ തവണ 27 ഇടത്താണ് വിജയിച്ചിരുന്നുത്. 12 പഞ്ചായത്തുകള്‍ അധികം നേടാനായി. ബി.ജെ.പി.ക്ക് പഞ്ചായത്തില്‍ എവിടേയും മുന്‍തൂക്കമുണ്ടായിരുന്നില്ല. പേരമ്പ്ര, ബാലുശ്ശേരി, തളക്കുളത്തൂര്‍, കായക്കൊടി, കുരുവട്ടൂര്‍, മണിയൂര്‍ പോലുള്ള പഞ്ചായത്തുകള്‍ എല്‍ഡിഎഫിന് നഷ്ടമായത് വലിയ നാണക്കേടായി.

വാര്‍ഡ് വിഭജനത്തെ തുടര്‍ന്നണ്ടായ മാറ്റം ഇടതുമുന്നണിക്ക് ഗുണകരമാകുമെന്നാണ് പ്രതീക്ഷിച്ചതെങ്കില്‍ ഇത് വിചാരിച്ചപോലെ ഏറ്റില്ല. വാര്‍ഡ് വിഭജനത്തെ തുടര്‍ന്ന് ആകെയുണ്ടായിരുന്ന 1226 വാര്‍ഡ് 1346 ആയി ഉയര്‍ന്നിരുന്നു.

കോഴിക്കോട് ജില്ലാ പഞ്ചായത്ത് രൂപവത്കരിച്ചതുമുതലുള്ള ഇടത് ആധിപത്യത്തിനും ഇത്തവണ തിരിച്ചടി കിട്ടി. 2020-ല്‍ ആകെയുള്ള 27 സീറ്റില്‍ 18 സീറ്റായിരുന്നു എല്‍ഡിഎഫ് നേടിത്. ഇത്തവണ വാര്‍ഡ് പുനര്‍നിരണയത്തോടെ ജില്ലാ പഞ്ചായത്ത് ഡിവിഷനുകളുടെ എണ്ണം 28 ആയി ഉയര്‍ന്നിരുന്നു. ഇതില്‍ 13 സീറ്റില്‍ മാത്രമേ എല്‍ഡിഎഫിന് വിജയിക്കാനായുള്ളൂ. 2020-ല്‍ 9 സീറ്റ് നേടിയ യുഡിഎഫ് ഇത്തവണ 15 സീറ്റ് നേടി വന്‍ മുന്നേറ്റം നടത്തി. ഒരു ഡിവിഷനില്‍ ആര്‍എംപിയും വിജയിച്ചു. അഴിയൂര്‍ ഡിവിഷനിലാണ് ആര്‍എംപി വിജയിച്ചത്.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe