വളർമതിയുടെ ആരോഗ്യനില ഗുരുതരം: ശരീരത്തിലെ മഗ്‌നീഷ്യത്തിന്റെയും, സോഡിയത്തിന്റെയും അളവ് കുറയുന്നു

news image
Nov 14, 2026, 9:09 am GMT+0000 payyolionline.in

തിരുവനന്തപുരം: എൽപിഎസ്ടി സമരസമിതി നേതാവ് എസ് വളർമതിയുടെ ആരോഗ്യനില ഗുരുതരമെന്ന് ആശുപത്രി അധികൃതർ. ശരീരത്തിലെ മഗ്‌നീഷ്യത്തിന്റെയും, സോഡിയത്തിന്റെയും അളവ് കുറവെന്ന് ഡോക്ടേഴ്സ്. ആശുപത്രിയിലും വളർമതി നിരാഹാരം തുടരുന്നു. വളർമതി നിരാഹാരം അവസാനിപ്പിക്കാതെ ചികിത്സയിൽ കാര്യമില്ലെന്ന് ജനറൽ ആശുപത്രി ആർഎംഒ വ്യക്തമാക്കി. വളർമതിയുടെ നിരാഹാരം ഇന്ന് ഇരുപതാം ദിവസത്തിലാണ്.

യുഡിഎഫ് സർക്കാരിന്റെ വാഗ്ദാന ലംഘനത്തിനെതിരായ എൽപിഎസ്ടി സമരം ആരംഭിച്ചിട്ട് 132 ദിവസം പിന്നിടുകയാണ്. എൽപിഎസ്ടി റാങ്ക് ഹോൾഡർ ജയകൃഷ്ണന്റെയും സിജെപിയുടെയും നിരാഹാം മൂന്നാം ദിവസത്തേയ്ക്ക് കടന്നു. ആരോഗ്യനില മോശമായതിനെ തുടർന്ന് വീണ്ടും ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും നിരാഹാര സമരത്തിൽ നിന്ന് പിന്മാറാൻ എസ് വളർമതി തയ്യാറായിട്ടില്ല. എന്നാൽ വിദ്യാർത്ഥി- അധ്യാപക അനുപാതം കുറയ്ക്കുന്നത് പ്രായോഗികമല്ലെന്ന നിലപാടിൽ തന്നെയാണ് സർക്കാർ.

സമരപ്പന്തൽ പൊളിച്ചതിന് പിന്നാലെ ഉദ്യോഗാർഥികൾക്ക് രാഷ്ട്രീയ പിന്തുണയേറുകയാണ്. വിവിധ രാഷ്ട്രീയ പാർട്ടികളും യുവജന സംഘടനകളും സമരത്തിന് പിന്തുണയുമായി രംഗത്തെത്തി. അധ്യാപക നിയമനവുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ പരിഹരിക്കണമെന്നും ആവശ്യങ്ങൾ അംഗീകരിക്കുന്നതുവരെ സമരം തുടരുമെന്നും റാങ്ക് ഹോൾഡർമാർ വ്യക്തമാക്കുന്നു. പ്രതിപക്ഷത്തായിരുന്നപ്പോൾ ശരിയെന്ന് അംഗീകരിച്ച കാര്യം ഭരണപക്ഷത്തെത്തിയപ്പോൾ മുഖ്യമന്ത്രി വി.ഡി. സതീശനും സർക്കാരും മറന്നുവെന്നാണ് പ്രതിപക്ഷത്തിന്റെ വിമർശനം.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe