വഴിവെട്ടിയത് തനിച്ച്, യുപിയിൽ ഉദിച്ചുയർന്ന് ചന്ദ്രശേഖർ ആസാദ്, നാഗിനയിലെ ഭൂരിപക്ഷം ഒന്നര ലക്ഷം

news image
Jun 5, 2024, 5:21 am GMT+0000 payyolionline.in

ലഖ്നൌ: ഉത്തർപ്രദേശിൽ ബിഎസ്പിയുടെ തകർച്ചയ്ക്കിടെ, ദലിത് രാഷ്ട്രീയം ഉയർത്തിപ്പിടിച്ച് ചന്ദ്രശേഖർ ആസാദ് പാർലമെന്‍റിലേക്ക്. പടിഞ്ഞാറൻ യുപിയിലെ നാഗിന മണ്ഡലത്തിൽ എൻഡിഎയും ഇന്ത്യാ സഖ്യത്തെയും പിന്തള്ളിയാണ് ചന്ദ്രശേഖർ ആസാദിന്‍റെ വിജയം. 1,51,473 വോട്ടിന്‍റെ ഭൂരിപക്ഷമാണ് ആസാദ് നേടിയത്.

ആസാദ് സമാജ് പാർട്ടി (കാൻഷി റാം) എന്ന പേരിൽ പാർട്ടി രൂപീകരിച്ചാണ് കളത്തിലിറങ്ങിയത്.  51.19% വോട്ടുകൾ നേടിയാണ് ആസാദ് മിന്നും ജയം സ്വന്തമാക്കിയത്. ബിജെപിയുടെ ഓം കുമാർ, എസ് പിയുടെ മനോജ് കുമാർ, ബിഎസ്പിയുടെ സുരേന്ദ്ര പാൽ സിംഗ് എന്നിവരായിരുന്നു പ്രധാന എതിരാളികള്‍. നാഗിനയിൽ ബിജെപിയുടെ വോട്ട് വിഹിതം 36 ശതമാനമായി കുറഞ്ഞു. ബിഎസ്‌പിയുടെ സുരേന്ദ്ര പാൽ സിംഗിന് 1.33% വോട്ടുകൾ മാത്രമാണ് ലഭിച്ചത്. 2019ൽ ബിഎസ്പിയുടെ ഗിരീഷ് ചന്ദ്ര 1.66 ലക്ഷം വോട്ടിന്‍റെ ഭൂരിപക്ഷത്തിലാണ് ഈ മണ്ഡലത്തിൽ വിജയിച്ചത്.

നാഗിനയിലെ ജനസംഖ്യയുടെ 20 ശതമാനം ദലിതരാണ്. മുസ്ലീങ്ങൾ 40 ശതമാനമുണ്ട്. താക്കൂർ, ജാട്ട്, ചൗഹാൻ രജപുത്രർ, ത്യാഗികൾ, ബനിയകൾ തുടങ്ങിയവരും മണ്ഡലത്തിലുണ്ട്. ആദ്യ ഘട്ടത്തിൽ എസ്പിയുമായി ചർച്ച ചെയ്ത് പൊതു സ്ഥാനാർത്ഥിയെ നിർത്താൻ ആലോചിച്ചെങ്കിലും ചർച്ച വഴിമുട്ടി. തുടർന്ന് ആസാദ് ഒരു സഖ്യത്തിന്‍റെയും ഭാഗമാകാതെ മത്സരിക്കുകയായിരുന്നു. വീടുകള്‍ തോറും കയറിയിറങ്ങി പ്രചാരണം നടത്തുകയായിരുന്നു. എസ്പിക്കും ബിഎസ്പിക്കും ലഭിച്ചിരുന്ന വോട്ടുകള്‍ ഇത്തവണ ആസാദിന് ലഭിച്ചതായാണ് കണക്കുകളിൽ നിന്ന് വ്യക്തമാകുന്നത്. ബിഎസ്പിയുടെ ഒരു സ്ഥാനാർത്ഥിയും ഇത്തവണ വിജയിച്ചിട്ടില്ല. പാർലമെന്‍റിൽ ആസാദ് ദലിത് രാഷ്ട്രീയത്തിന്‍റെ പുതിയ മുഖമാകുമെന്ന് ആസാദ് സമാജ് പാർട്ടി വ്യക്തമാക്കി.

36 വയസ്സുകാരനായ നിയമ ബിരുദധാരിയായ ചന്ദ്രശേഖർ ആസാദ് 2015 ലാണ് ഭീം ആർമി രൂപീകരിച്ചത്. ദലിതരുടെയും പാർശ്വവൽക്കരിക്കപ്പെട്ടവരും ഉന്നമനമായിരുന്നു ലക്ഷ്യം. 2017 ൽ സഹരൻപൂർ ജില്ലയിലെ താക്കൂർ സമുദായവുമായുള്ള സംഘർഷത്തിൽ ദലിതർക്കായി ശബ്ദമുയർത്തിയതോടെയാണ് ആസാദ് ദേശീയ തലത്തിൽ ശ്രദ്ധിക്കപ്പെട്ടത്. അന്ന് ആസാദിനെ ദേശീയ സുരക്ഷാ നിയമം (എൻഎസ്എ) ചുമത്തി ജയിലിലടച്ചു. 2018 സെപ്റ്റംബറിലാണ് ജയിൽ മോചിതനായത്. സിഎഎക്കെതിരായ സമരത്തിന്‍റെ മുൻപന്തിയിലും ആസാദുണ്ടായിരുന്നു.

രാജസ്ഥാൻ, ഡൽഹി, മധ്യപ്രദേശ് എന്നിവിടങ്ങളിലേക്കും ആസാദ് പ്രവർത്തനം വ്യാപിപ്പിച്ചു. 2022 ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ യോഗി ആദിത്യനാഥിനെതിരെ ഗോരഖ്പൂരിൽ മത്സരിച്ചെങ്കിലും നാലാം സ്ഥാനത്തായിരുന്നു. എന്നാൽ രാഷ്ട്രീയ പ്രവർത്തനം കൂടുതൽ കരുത്തോടെ തുടർന്ന ചന്ദ്രശേഖർ ആസാദിനെ നാഗിന വൻഭൂരിപക്ഷത്തോടെ പാർലമെന്‍റിലേക്ക് അയച്ചിരിക്കുകയാണ്.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe