തന്റെ വസതിക്ക് നേരെ നടന്ന യൂത്ത് കോൺഗ്രസ് ആക്രമണങ്ങളെ അപലപിച്ച് മന്ത്രി വീണാ ജോർജ്. ഔദ്യോഗിക വസതിക്ക് നേരെ ശവപ്പെട്ടിയും റീത്തുമായി വന്ന യൂത്ത് കോൺഗ്രസ് നടപടി അങ്ങേയറ്റം ഹീനമാണെന്ന് വീണാ ജോർജ് പറഞ്ഞു. സകലമേഖലയിലും ബോധപൂർവമായ കുപ്രചാരണങ്ങൾ നടക്കുന്നുണ്ട്. വരാനിരിക്കുന്ന തിരഞ്ഞെടുപ്പിലെ പരാജയഭീതിയാണ് കോൺഗ്രസിനെ ഇത്തരം അക്രമങ്ങളിലേക്ക് നയിക്കുന്നതെന്നും മന്ത്രി വിമർശിച്ചു.
വണ്ടാനത്തേതടക്കം ചികിത്സാ പിഴവുകൾ ഒരു തരത്തിലും അംഗീകരിക്കില്ലെന്നും അത്തരം സംഭവങ്ങളിൽ കർശന നടപടി സ്വീകരിക്കുമെന്നും മന്ത്രി വ്യക്തമാക്കി. കത്രിക കുടുങ്ങിയ സംഭവത്തിൽ കർശനമായ നടപടി സ്വീകരിച്ചിട്ടുണ്ട്.
സ്വകാര്യ ആശുപത്രികളിൽ പിഴവുകൾ സംഭവിക്കുമ്പോൾ പ്രതിഷേധിക്കാത്തവർ, സർക്കാർ ആശുപത്രികളിൽ പിഴവ് സംഭവിക്കുമ്പോൾ നടപടി സ്വീകരിച്ചാലും കുപ്രചരണം നടത്തുകയാണ്. സർക്കാർ സംവിധാനങ്ങളെ തകർക്കാനുള്ള ശ്രമമാണ് നടക്കുന്നതെന്നും മന്ത്രി ആരോപിച്ചു.
കഴിഞ്ഞ 10 വർഷത്തിനിടെ കേരളത്തിലെ ആരോഗ്യ മേഖലയിൽ വലിയ മാറ്റങ്ങളാണ് നടന്നതെന്നും മന്ത്രി പറഞ്ഞു. സർക്കാർ ആശുപത്രികളിൽ ഡയാലിസിസ് യൂണിറ്റുകൾ 12-ൽ നിന്ന് 125 ആയി ഉയർന്നു. പത്തനംതിട്ട ജനറൽ ആശുപത്രി ഇന്ന് സൂപ്പർ സ്പെഷ്യാലിറ്റി സൗകര്യങ്ങളുള്ള സ്ഥാപനമായി മാറി. നാഷണൽ സ്റ്റാറ്റിസ്റ്റിക്കൽ സർവേ റിപ്പോർട്ടുകൾ പ്രകാരം കേരളത്തിൽ ചികിത്സാ ചിലവ് കുറഞ്ഞിരിക്കുകയാണ്. ഹൃദ്രോഗ ചികിത്സയും അവയവം മാറ്റിവെക്കൽ ശസ്ത്രക്രിയകളും സാധാരണക്കാർക്ക് പ്രാപ്യമായ രീതിയിൽ സർക്കാർ ആശുപത്രികളിൽ ലഭ്യമാക്കിയെന്നും മന്ത്രി കൂട്ടിച്ചേർത്തു.
