പുതിയ വർഷത്തെ വരവേൽക്കാൻ സന്തോഷത്തോടെ കാത്തിരിക്കുന്നവരാണ് എല്ലാവരും. പ്രിയപ്പെട്ടവർക്കും സുഹൃത്തുക്കൾക്കും വാട്സാപ്പ് വഴി സന്ദേശങ്ങളയച്ചും നമ്മൾ പുതുവത്സരം ആഘോഷമാക്കും. എന്നാൽ ഒന്ന് ശ്രദ്ധിച്ചില്ലെങ്കിൽ നല്ല പണികിട്ടും. ബാങ്ക് അകൗണ്ടിൻ്റെ വിവരങ്ങളും പൈസയും പോകും എല്ലാം കൊണ്ടും പുതുവത്സരം സങ്കടത്തിൻ്റേയും നഷ്ടത്തിൻ്റേയുമാകും. ഉത്സവ സീസണുകൾ ലക്ഷ്യമിട്ടിറങ്ങുന്ന ഓൺലൈൻ തട്ടിപ്പ് സംഘങ്ങൾ ഇത്തവണ ന്യൂയറിനും ഇറങ്ങിയിട്ടുണ്ട്.
സ്വന്തമായി പേർസണലൈസ്ഡ് സന്ദേശം ഉണ്ടാക്കാം എന്ന് പറഞ്ഞ് ലിങ്ക് നമ്മുടെ മൊബൈലിലേക്ക് വരും. അത് ക്ലിക്ക് ചെയ്യുന്നതിലൂടെ നമ്മുടെ ബാങ്ക് അകൗണ്ട് ഡീറ്റെയിൽസ് ഉൾപ്പെടെയുള്ള വിവരങ്ങൾ തട്ടിപ്പ് സംഘത്തിന് ലഭിക്കും ഇതാണ് ഏറ്റവും പുതുതായി വന്നിരിക്കുന്ന ഓൺലൈൻ തട്ടിപ്പ്.
ലിങ്കിൽ ക്ലിക്ക് ചെയ്യുന്നതിലൂടെ ഒരു വെബ് പേജിലേക്ക് എത്തുകയും അവിടെ നിന്നും ഒരു എപികെ ഫയൽ ഡൗൺലോഡ് ചെയ്യാൻ നിർദ്ദേശം നൽകുകയും ചെയ്യും. ഇത് ഡൗൺലോഡ് ചെയ്യുന്നതിലൂടെ കിട്ടാൻ പോകുന്ന പണി വളരെ വലുതായിരിക്കും. ഹൈദരാബാദ് സൈബർ ക്രൈമ്സാണ് ഇതു സംബന്ധിച്ച വിവരങ്ങൾ ഇപ്പോൾ പുറത്ത് വിട്ടിരിക്കുന്നത്. അറിയാത്ത ലിങ്കുകളിൽ ക്ലിക്ക് ചെയ്യാതേയും ആവശ്യമില്ലാത്ത ആപ്ലിക്കേഷനുകൾ ഡൗൺലോഡ് ചെയ്യാതേയും ഇരുന്നാൽ ഇതിൽ നിന്നും രക്ഷപ്പെടാം.
